Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ റായ് അമ്മയെന്ന വാദം; യുവാവിനെതിരെ കേസെടുത്തേക്കും ?

Aishwarya Rai സംഗീത്, ഐശ്വര്യ റായ്

ബോളിവുഡ് സെലിബ്രിറ്റികളുടെ ബന്ധുത്വം അവകാശപ്പെട്ട് രംഗത്തെത്തുന്നവർ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും നടി ഐശ്വര്യ റായിക്ക് ഇത് ആദ്യ അനുഭവമായിരുന്നു. അതും ഐശ്വര്യയുടെ മകനാണെന്ന അവകാശവാദവുമായാണ് ഒരു യുവാവ് എത്തിയത്. താരത്തിന്റെ ആരാധകരെയാകെ ഞെട്ടിച്ച പ്രസ്താവനയുമായി രംഗത്തെത്തിയത് ആന്ധ്രാപ്രദേശ് സ്വേദശിയായ സംഗീത് കുമാർ എന്ന യുവാവാണ്. എന്നാൽ യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞ സംഗീതിനെതിരെ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. 

ഐശ്വര്യ റായ് പരാതി നൽകിയാൽ സംഗീതിനെതിരെ നടപടിയെടുക്കുമെന്ന് വിശാഖപ്പട്ടണം പൊലീസ് അറിയിച്ചു. എന്നാൽ മാനസികമായും വൈദ്യപരിശോധനയിലും സംഗീത് പൂർണ ആരോഗ്യവാനല്ലെന്നു തെളിഞ്ഞാൽ ന‌ടപടി എടുക്കാനുള്ള സാധ്യത തീരെ കുറവുമായിരിക്കും. 

'' ഐശ്വര്യയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പരാതി ലഭിച്ചാൽ ഉടൻ നടപടിയെടുക്കുന്നതായിരിക്കും. നേരത്തെ എ.ആർ റഹ്മാന്റെ ശിഷ്യനാണെന്നും ഈ യുവാവ് പറഞ്ഞിരുന്നതായി അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്.''- ചോദാവാരം സിഐ എം ശ്രീനിവാസ് പറഞ്ഞു. 

1988ൽ ലണ്ടനില്‍ ഐവിഎഫ് ചികിൽസയിലൂടെയാണ് താൻ ജനിച്ചതെന്നായിരുന്നു സംഗീത് പറഞ്ഞിരുന്നത്. മൂന്നാം വയസ്സു മുതൽ ഇരുപത്തിയേഴു വയസ്സു വരെ ചോദാവാരത്താണ് വളർന്നതെന്നും മുത്തശ്ശി ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നു ഒന്നും രണ്ടും വയസ്സു വരെ വളര്‍ന്നതെന്നും സംഗീത് പറഞ്ഞിരുന്നു.

ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാൻ യാതൊരു തെളിവുകളും പക്കലില്ലാത്ത സംഗീത് ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞ് തനിച്ചു താമസിക്കുകയാണെന്നും പറഞ്ഞിരുന്നു. '' അമ്മ എനിക്കൊപ്പം വന്ന് മാംഗളൂരിൽ താമസിക്കണം എന്നാണ് ആഗ്രഹം. കുടുംബവുമായി പിരിഞ്ഞു കഴിയാൻ തുടങ്ങിയിട്ട് ഇരുപത്തിയേഴു വര്‍ഷമായിരിക്കുന്നു. ഞാൻ അമ്മയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേക്കു പോകണമെന്നുണ്ട്, അമ്മയുടെ നമ്പർ എങ്കിലും കിട്ടിയാൽ മതി'– സംഗീത് പറയുന്നു. 

പഠനത്തിൽ മിടുക്കനായിരുന്ന സംഗീത് തികഞ്ഞ മദ്യപാനിയാണെന്നാണ് വിവരം. നേരത്തെയും പല ബോളിവു‍ഡ് നടീനടന്മാരുടെയും ബന്ധുത്വം അവകാശപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു. അഭിഷേക് ബച്ചന്റെ ഭാര്യയാണെന്നും പറഞ്ഞ് ജാൻവി കപൂർ എന്ന യുവതി രംഗത്തെത്തിയതും നടി കങ്കണ റണൗട്ടിന്റെ കാമുകനാണെന്നു പറഞ്ഞ് ആകാശ് എന്ന യുവാവു വന്നതും ഷാരൂഖ് ഖാന്റെ അമ്മയാണെന്നു പറഞ്ഞ് ഒരു സ്ത്രീ രംഗത്തെത്തിയതും അവയിൽ ചിലതു മാത്രം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam