സ്ട്രെച്ച് മാർക്കുകളെ ഭയക്കാത്ത പരിണീതി; വൈറലായി ചിത്രം

പരിണീതി ചോപ്ര

അഭിനയശൈലി കൊണ്ടു പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ പഞ്ചാബി പെൺകൊടിയാണ് പരിണീതി ചോപ്ര. വ്യത്യസ്തമായ അഭിനയത്തിന്റെ പേരിലാണ് ഈ പെൺകൊടി ആദ്യം ജനഹൃദയങ്ങളെ കീഴടക്കിയതെങ്കിൽ പിന്നീടത് വണ്ണംകുറച്ചതിന്റെ പേരിലായിരുന്നു. ബിടൗണിലെ പല താരസുന്ദരികളെയും അത്ഭുതപ്പെടുത്തും വിധത്തിലായിരുന്നു പരിണീതിയുടെ മാറ്റം. ബോളിവു‍ഡിൽ എത്തുന്നതിനു മുമ്പെ 86 കിലോ ഉണ്ടായിരുന്ന താരം ഇന്ന് സ്ലിം ബ്യൂട്ടിയായിരിക്കുന്നതിനു പിന്നിൽ ചിട്ടയായ ജീവിതവും വ്യായാമവുമാണുള്ളത്. ഫ്ലാറ്റായ വയറുമായി നിൽക്കുന്ന പരിണീതിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. 

പരിണീതിയുടെ കഠിനാധ്വാനത്തിനു ഫലം കിട്ടിയെന്നാണ് പലരും കമന്റ് ചെയ്യുന്നത്. തീർന്നില്ല മറ്റൊരു കാര്യം കൂടി കാഴ്ചക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മറ്റൊന്നുമല്ല വണ്ണം കുറച്ചതിന്റെ ഭാഗമായി താരത്തിന്റെ ശരീരത്തിൽ പ്രത്യക്ഷപ്പെട്ട സ്ട്രെച്ച് മാർക്കുകളാണവ. മറ്റുനടിമാരെപ്പോലെ സ്ട്രെച്ച് മാർക്കുകൾ ഫോട്ടോഷോപ് ചെയ്തു മായ്ക്കാത്ത പരിണീതിക്ക് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമത്തിലാകെ‌. 

അഭിമാനത്തോടെ സ്ട്രെച്ച് മാർക്കുകൾ കാണിക്കുന്ന നായിക, ഈ സ്ട്രെച്ച് മാർക്കുകൾ തെളിയിക്കുന്നത് നിങ്ങളിലെ കഠിനാധ്വാനത്തെയാണ് തുടങ്ങി പരിണീതിയെ അഭിനന്ദിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ ഒരു ഫോട്ടോഷൂട്ടിൽ കരീന പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ സ്ട്രെച്ച് മാർക്കുകളെ ഫോട്ടോഷോപ് ചെയ്തുകളഞ്ഞാണ് ചിത്രങ്ങള്‍ പുറത്തു വിട്ടതെന്ന് വിവാദമുയർന്നിരുന്നു. ഇതുകൂടി താരതമ്യം ചെയ്താണ് പലരും പരിണീതിയെ പുകഴ്ത്തുന്നത്.

2014ൽ പുറത്തിറങ്ങിയ കിൽ ദിൽ എന്ന ചിത്രത്തിനു ശേഷമാണ് പരിണീതി തന്റെ വണ്ണം കുറച്ചു ഫിറ്റ്നസ് വീണ്ടെടുക്കാൻ തീരുമാനിച്ചത്. അമിതമായ വണ്ണത്താല്‍ താനേറെ ബുദ്ധിമുട്ടിയിരുന്നുവെന്ന് പരിണീതി നേരത്തെ പറഞ്ഞിരുന്നു. അനാരോഗ്യകരമായ അവസ്ഥയിലേക്ക് ശരീരം മാറിത്തുടങ്ങിയതോടെയാണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതെന്നും ഒന്നര വർഷത്തോളമെടുത്താണ് ഇന്നത്തെ ഫിറ്റ് ആയ ബോഡിയിലേക്കു തിരികെയെത്തിയതെന്നും പരിണീതി പറ‍ഞ്ഞിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam