പൊലീസ് രേഖാചിത്രം തയാറാക്കുന്നതിനെക്കുറിച്ച് ട്രോളുകൾ തന്നെ ധാരാളമുണ്ട്. വോട്ടർ ഐഡിയിലെ ചിത്രംപോലെ ആർക്കും ആളെ തിരിച്ചറിയാത്ത വിധമാകുമത് എന്നാണ് പൊതുവെയുള്ള തമാശ. എന്നാൽ അതിലും മോശമായ കുത്തിവര ചിത്രംകൊണ്ട് കള്ളനെ പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ പെൻസിൽവേനിയ പൊലീസ്. പൊലീസിന്റെ രേഖാ ചിത്രവും അതിനുശേഷം കള്ളനെ തിരിച്ചറിഞ്ഞതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ നല്ല തമാശയായിക്കഴിഞ്ഞു.
ലങ്കാസ്റ്ററിലെ കർഷകരുടെ മാർക്കറ്റിലാണ് മോഷണം നടന്നത്. ഒരു കടയിലെ ജീവനക്കാരൻ എന്ന വ്യാജേന മോഷ്ടാവ് പണപ്പെട്ടി തുറന്ന് പണവുമായി ഓടുകയായിരുന്നു. ഭാഗ്യത്തിന് സംഭവങ്ങൾക്കെല്ലാം ഒരു ദൃക്‌സാക്ഷി ഉണ്ടായിരുന്നു. കള്ളന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹം പൊലീസിനു പറഞ്ഞു. കൊടുത്തു. പോരാത്തതിന് ഒരു ചിത്രവും വരച്ചു നൽകി. ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ: പരിവർത്തിത ത്രികോണത്തിനു മുടിവച്ചപോലെയോ സ്‌ട്രോബറിക്ക് തൊപ്പിവച്ചപോലെയോ ആണ് തല. പുരികമൊന്നുമില്ലാത്ത രണ്ടുകുത്താണ് കണ്ണുകൾ. മൂക്കും വായയുമെല്ലാം ഓരോ വരയിലൊതുങ്ങി. ചെവികളിൽ ഒന്നുമാത്രമേ ചിത്രത്തിലുള്ളൂ. ചിത്രം കാണുന്ന ആർക്കും ചിരിവരും ഇതുവച്ചെങ്ങനെ കള്ളനെ പിടിക്കാനാണ്...?
പൊലീസ് ചിത്രം പുറത്തുവിട്ടതോടെ ഓൺലൈനിൽ വൈറലായി. ലക്ഷണം വച്ച് ഗായകൻ ജേസൻ റാസാണ് കുറ്റവാളിയെന്ന് ചിലർ തമാശ പൊട്ടിച്ചു. കക്ഷിയോട് വേഗം മുങ്ങിക്കോളാൻ ഉപദേശവും. ചിത്രം കണ്ടിണ്ട് തന്റെ റൂം മേറ്റാണ് ആ പ്രതിയെന്നു സംശയിക്കുന്നതായി വേറൊരാൾ കളിയാക്കി. എന്നാൽ ചിത്രം മാത്രമല്ല, ദൃക്‌സാക്ഷി മറ്റു പ്രധാന വിവരങ്ങളും പങ്കുവച്ചിരുന്നു.
ഉദ്ദേശ്യം 30-40 വയസ്സ് പ്രായം. ചെവി കാണാത്തവിധം മറഞ്ഞ കറുത്ത നീണ്ട മുടി, അഞ്ചടി നാലിഞ്ച് ഉയരം. കൂർത്ത താടി. ഇത്രയൊക്കെ വിവരങ്ങളും ചിത്രവും കണ്ടപ്പോൾ ഒരു സീനിയർ പൊലീസ് ഉദ്യോഗസ്ഥനു തലയിൽ ബൾബുകത്തി. സ്ഥിരം കുറ്റവാളികളുടെ കുറച്ച് ചിത്രവുമായി അദ്ദേഹം ദൃക്‌സാക്ഷിയെ ചെന്നു കണ്ടു. അപ്പോൾ അതാ കിടക്കുന്നു കള്ളൻ.. 44 വയസ്സുള്ള ഹങ് ഫൂക് ഗുയൻ. എളുപ്പത്തിൽ ആളെ തിരിച്ചറിഞ്ഞു.
പൊലീസ് ഉടനെ ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കി. ശേഷം ആളെ തിരിച്ചറിഞ്ഞ വിവരവുമായി പൊലീസ് വീണ്ടും സമൂഹ മാധ്യമത്തിലെത്തി. വരച്ച ചിത്രം കാർട്ടൂൺ പോലെയൊക്കെയായിരുന്നു, എന്നാൽ കള്ളനെ കിട്ടി. കുറ്റം പറയരുതല്ലോ അടുപ്പിച്ചുവച്ചൊരു നോട്ടം നോക്കിയാൽ, രണ്ടും തമ്മിൽ നല്ല സാമ്യം!!
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam