അഞ്ഞൂറു വർഷം പഴക്കമുള്ള ഇരുട്ടുനിറഞ്ഞ കോട്ടയ്ക്കുള്ളിൽ മെഴുകുതിരി വെളിച്ചത്തിൽ നടക്കാൻ പറഞ്ഞാൽ ധീരതയോടെ നേരിടുന്നവർ എത്ര പേരുണ്ടാകും? മാത്രമോ കോട്ടയെ സംരക്ഷിക്കുന്നത് ആത്മാക്കളാണെന്നു കൂടി അറിഞ്ഞാലോ? വന്ന ധൈര്യമൊക്കെ എപ്പോള്‍ ചോർന്നെന്നു ചോദിച്ചാൽ മതിയെന്നു പറയാൻ വരട്ടെ. മെഴുകുതിരി നാളത്തിൽ ആ കോട്ടയ്ക്കുള്ളിൽ പ്രവേശിച്ച യുവതിമാരുണ്ട്, അതും തന്റെ ഭർത്താക്കന്മാരെ രക്ഷിക്കാനായി. പറഞ്ഞുവന്നത് മഴവിൽ മനോരമയിലെ മെയ്ഡ് ഫോർ ഈച്ച് അദർ എന്ന റിയാലിറ്റി േഷായിലെ പുതിയ ടാസ്ക്കിനെക്കുറിച്ചാണ്.
രാജസ്ഥാനിലെ ഹഡ്ഡാ എന്ന സ്ഥലമാണ് ലൊക്കേഷൻ. രാജസ്ഥാനിലെ കഥകളെയും പ്രാദേശിക കളികളെയുമൊക്കെ ആസ്പദമാക്കിയുള്ളവയായിരുന്നു ഇതുവരെയും മെയ്ഡ്ഫോർ ഈച്ച് അദറിലെ ടാസ്ക്കുകൾ. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല, മാത്രമോ മൽസരാർഥികളെ അൽപം ഭയപ്പെടുത്തുന്നതു കൂടിയായിരുന്നു പുതിയ ടാസ്ക്. പേടിക്കരുത് എന്നർഥം വരുന്ന 'ഡർനാ മനാ ഹേ' എന്നായിരുന്നു ടാസ്ക്കിന്റെ പേര്.
അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ആ കോട്ടയ്ക്കുള്ളിൽ നിറയെ മുറികളാണുള്ളത്. അതിലൊരു മുറിയിൽ ഭർത്താക്കന്മാരെ പൂട്ടിയിട്ടിട്ടുണ്ട്, അതേ കോട്ടയുടെ മറ്റൊരു മുറിയിൽ പൂട്ടു തുറക്കാനുള്ള താക്കോലും സൂക്ഷിച്ചിട്ടുണ്ട്. ഭർത്താവിനെ രക്ഷപ്പെടുത്തുക എന്നതാണ് ഭാര്യമാരുടെ ദൗത്യം. ആ കോട്ടയ്ക്കും ഒരു ചരിത്രം പറയാനുണ്ട്, ആത്മാക്കളുടെ കാവലിനെക്കുറിച്ചാണത്.
രാജസ്ഥാൻ ഭരിച്ചിരുന്ന ഒരു രാജാവ് അക്കാലത്തെ യുദ്ധങ്ങളിലെല്ലാം പോരാടി ജയിച്ചു കഴിയുമ്പോൾ കിട്ടിയിരുന്ന മൂല്യമായ വസ്തുക്കളും നിധികളുമെല്ലാം സൂക്ഷിക്കാൻ േവണ്ടി പണിത കോട്ടയായിരുന്നു അത്. നിധിക്കു കാവലായി അഞ്ചു മന്ത്രിമാരെയും രാജാവ് നിയോഗിച്ചിരുന്നു. പക്ഷേ കോട്ടയ്ക്കകത്തു നിധിയുണ്ടെന്നു പ്രചരിച്ചതോടെ പിന്നീടുള്ള യുദ്ധങ്ങൾ നിധി കൈക്കലാക്കുവാൻ വേണ്ടിയുള്ളതായി. അങ്ങനെ നടന്നൊരു യുദ്ധത്തിൽ അഞ്ചു മന്ത്രിമാരും മരിച്ചു, നിധി ആർക്കും കിട്ടിയതുമില്ല. പിന്നീടങ്ങോട്ട് നിരവധി രാജാക്കന്മാരും മറ്റും നിധിക്കായി തിരച്ചിൽ നടത്തിയെങ്കിലും ആർക്കും കിട്ടിയില്ല. മന്ത്രിമാരുെട ആത്മാക്കളാകാം നിധി കാക്കുന്നതെന്ന് അങ്ങനെ പ്രചരിച്ചു തുടങ്ങി.
കോട്ടയ്ക്കകതു പ്രവേശിക്കുമ്പോൾ ഒരു മെഴുകുതിരിയും തീപ്പെട്ടിയും മാത്രമാണ് ഭാര്യമാരുടെ കൈകളിൽ കൊടുക്കുന്നത്. ഇരുട്ടു നിറഞ്ഞ ആ കോട്ടയിലെ ഏതു മുറിയിലാണോ ഭർത്താവിനെ പൂട്ടിയിട്ടിരിക്കുന്നതെന്ന് ഭാര്യമാർ കണ്ടുപിടിക്കണം. കോട്ടയിലെ മറ്റൊരു മുറിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന താക്കോൽ കണ്ടുപിടിച്ചു വേണം പൂട്ടിയിട്ട ഭർത്താവിനെ തുറന്നുവിടാൻ. തുടർന്ന് ഭാര്യമാർ ഇരുട്ടിനെ നേരിടുന്നതും തങ്ങളുടെ ഭർത്താക്കന്മാരെ രക്ഷപ്പെടുത്തുന്നതുമാണ് വിഡിയോയിലുള്ളത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam