ഓഫിസിൽ മാസത്തിലൊരിക്കലെങ്കിലും വൈകി വരാതിരുന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ ആഴ്ചയിലെ വൈകി വന്ന കണക്കുകൾ പറയാനുള്ളളരാണ് ഏറെയും. വൈകിവരുന്നതിനു കാരണങ്ങൾക്ക് പഞ്ഞമുണ്ടാകില്ല.. അടുക്കളപ്പണികൾ കൂടുതലായിരുന്നു, മക്കൾക്ക് പരീക്ഷയായതുകൊണ്ട് അവരെ പഠിപ്പിക്കാനിരുന്നു, ട്രാഫിക് ബ്ലോക് ആയിരുന്നു എന്നിങ്ങനെ അത് തുടരുന്നു...എന്തായാലും ബോസിനെ കാരണം ബോധിപ്പിച്ച് സീറ്റിലൊന്നെത്താൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ആറുവർഷത്തിനിടെ ഒരൊറ്റ തവണമാത്രം വൈകിവന്ന ജോലിക്കാരിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ താരം.
നീണ്ട ആറുവർഷക്കാലം ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി വൈകി വന്നത് ഒരൊറ്റ തവണയാണെന്നതു കേട്ടു ഞെട്ടിയിരിക്കുകയാണ് പലരും. വൈകി വന്നതിനായി യുവതി പറഞ്ഞ കാരണവും അതിനു ബോസ് നൽകിയ മറുപടിയുമൊക്കെ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. ജെൻ എന്ന യുവതിയാണ് താൻ ഓഫീസില്‍ എത്താൻ അല്‍പം വൈകുമെന്നും അതിനുള്ള കാരണം എന്താണെന്നു ബോസിനോട് അറിയിച്ചത്.
ജോലിക്കു കയറാൻ അൽപം വൈകുമെന്നാണ് ജെൻ ബോസിന് ആദ്യം അയച്ചത്. അതിനായി മറ്റു കുഴപ്പമൊന്നുമില്ലല്ലോ സാധാരണ നീ നേരത്തെയോ അല്ലെങ്കിൽ കറക്റ്റ് സമയത്തോ ആണല്ലോ എത്താറുള്ളത് എന്നാണ് ബോസ് മറുപടി അയച്ചത്. ഇതിനായി ജെൻ നൽകിയ മറുപടിയാണ് ക്യൂട്ടും ഒപ്പം ബോസിന്റെ മനം കവർന്നതും. തന്റെ നായ കിടന്നുറങ്ങുകയായിരുന്നുവെന്നും പുറപ്പെടുന്നതിനു പകരം അതിനെ നോക്കിയിരുന്നും പടങ്ങളെടുത്തും സമയം പോയെന്നുമാണ് ജെൻ പറഞ്ഞത്.
സാധാരണ ഇത്തരം മറുപടികളോടു ബോസ് പ്രതികരിക്കുക, തിരക്കുകൾ കഴിഞ്ഞു വരൂ എന്നോ സമയമെടുത്തോളൂ എന്നൊക്കെയാകും. എന്നാൽ ഈ ബോസ് അങ്ങനെയല്ല പറഞ്ഞത്. ജെന്നിനും പ്രിയപ്പെട്ട നായക്കുട്ടിക്കുമായി ഒരു ഓഫർ കൂടി മുന്നോട്ടുവെക്കുകയാണ് ബോസ് ചെയ്തത്. ജെൻ വരുന്നതു വരേക്കും ജോലികൾ മില്ലർ എന്നയാളെ ചെയ്യാൻ ഏൽപ്പിക്കാമെന്നതിനൊപ്പം ജെന്നിനും നായക്കുട്ടിക്കും ആസ്വദിക്കാനായി അടുത്തമാസം വരാനിരിക്കുന്ന ബാർക് അറ്റ് ദി പാർക് ഷോയിലേക്ക് രണ്ടു ടിക്കറ്റുകൾ നൽകാമെന്നുമായിരുന്നു ആ ഓഫർ.
ബോസിന്റെ പ്രതികരണം ജെന്നിനെ തുള്ളിച്ചാടിച്ചിരിക്കുമെന്നുറപ്പാണ്. അതിലുപരി സമൂഹമാധ്യമത്തിലുള്ളവരിൽ പലരും ഇതുപോലൊരു ബോസിനെ കിട്ടിയിരുന്നെങ്കിൽ എന്നാണു കമന്റ് ചെയ്യുന്നത്. അത്തരക്കാർ ഒന്നുകൂടി ഓർക്കേണ്ടതാണ്, ജെൻ വൈകി വരാത്തയാളും അനാവശ്യമായി അവധിയെടുക്കാത്തയാളും ആയതുകൊണ്ടു മാത്രമാകാം ബോസിന്റെ മറുപടിയും മധുരതരമായത്. മറിച്ച് വൈകിവരൽ ഒരു സ്ഥിരംപല്ലവി ആയിരുന്നെങ്കിലോ.!!
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam