കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമമാകെ ലുങ്കിയുടുത്ത ആ മനുഷ്യനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒരാളെ രണ്ടുമൂന്നു പേർ മർദ്ദിക്കുന്നതു നോക്കിനിൽക്കുന്നവരിൽ വ്യത്യസ്തനായി മുന്നോട്ടു വന്ന് മർദ്ദിച്ചവരെ തന്നെ നിലക്കുനിർത്തിയ യഥാർഥ ഹീറോ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി നാസർ ആണയാൾ, കെഎസ്ആർടിസി ബസ് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചപ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കാതെ മാതൃകയായ നാസറിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ ൈവറലായിരുന്നു.
ബിജു നിലങ്ങൽ എന്നയാള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് നാസർ ആണ് ആ മനുഷ്യത്വം ചോരാത്ത വ്യക്തിയെന്ന് പുറത്തുവന്നത്. തിരച്ചിലിനൊടുവിൽ ആളെകിട്ടി എന്ന ഹാഷ്ടാഗോടെയാണ് ബിജു നാസറിന്റെ ചിത്രമുൾപ്പെടെ പോസ്റ്റ് ചെയ്തത്. ''കണ്ണൂർ തളിപ്പറമ്പ് സ്വദേശി നാസറാണ് ബസ് ജീവനക്കാർ ഒരു നിരപരാധിയെ വളഞ്ഞിട്ടു തല്ലുമ്പോൾ സിനിമാ സ്റ്റൈലിൽ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സുപ്പർതാരം'' എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പങ്കുവച്ചത്. എന്തായാലും ഇതോടെ ലുങ്കിയുടുത്ത ഹീറോക്കായി തിരഞ്ഞവർക്കെല്ലാം സന്തോഷമായിരിക്കുകയാണ്.
തളിപ്പറമ്പ് ടൗണില്‍ വച്ചായിരുന്നു സംഭവം നടന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തതാണ് മര്‍ദനത്തിലേക്ക് നയിച്ചത്.
അതിനിടെ അക്രമം നടക്കുമ്പോള്‍ ഹോംഗാര്‍ഡുമാര്‍ സമീപത്തുണ്ടായിരുന്നിട്ടും അവര്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്തായാലും ഒരു മനുഷ്യനെ കൂട്ടമായി ചേർന്ന് ആക്രമിക്കുന്നതു നോക്കിനിൽക്കാതെ അതിനെ തടഞ്ഞ ലുങ്കിയുടുത്ത ചേട്ടനാണിപ്പോൾ താരം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam