അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ ചിലപ്പോൾ നമ്മെ സ്ഥലകാല ബോധമില്ലാത്തവരാക്കി മാറ്റിയാൽ അതിൽ ഒരു കുറ്റവും പറയാനില്ല. പ്രത്യേകിച്ച് നഷ്ടപ്പെട്ടത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ ജീവൻ ആണെകിലോ? സൗഹൃദങ്ങൾക്ക് വളരെയേറെ വിലകൽപ്പിക്കുന്ന ടോവിനോയെ പോലൊരു നടന്റെ വാക്കുകൾ കൂടിയിരുന്ന സദസ്സിനെ മുഴുവനായും ശോകത്തിൽ ആഴ്ത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
മോഹൻലാൽ ചിത്രമായ നീരാളിയുടെ ഓഡിയോ ലോഞ്ചിനായി ഒത്തുചേർന്ന മോഹൻലാലും നാദിയ മൊയ്തുവും ഉൾപ്പെടെയുള്ള സിനിമകുടുംബം ടോവിനോ പങ്കുവച്ച തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെപ്പറ്റിയുള്ള ഓർമകൾക്ക് മുന്നിൽ നിശബ്ദരായി. അതിന് വഴിവച്ചതോ പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരവത്തിന്റെ മനസ്സ് വായിക്കുന്ന മാന്ത്രികതയും. സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ള രംഗങ്ങളാണ് നീരാളിയുടെ ഓഡിയോ ലോഞ്ച് സദസ്സിൽ നടന്നത്.
മനസ്സ് വായിക്കുന്ന മാന്ത്രികൻ എന്ന് വിശേഷിപ്പിക്കാവുന്ന നിപിൻ നിരവത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് സുരാജ് വെഞ്ഞാറമൂടാണ്. തുടർന്ന് വേദിയിലെത്തിയ നിപിൻ, സദസ്സിൽ ഇരിക്കുന്ന ടോവിനോയോട് തന്നെ വിട്ടു പിരിഞ്ഞ, ഒരിക്കലും ഒഴിവാക്കാനാവാത്ത നഷ്ടമായി മാറിയ , പ്രിയപ്പെട്ട ഒരു വ്യക്തിയുടെ പേര് മനസ്സിൽ ആലോചിക്കാൻ പറഞ്ഞു. ടോവിനോ നിപിൻ പറഞ്ഞ പോലെ മനസിൽ ഒരു പേര് സൂക്ഷിച്ചു.
കുറച്ചു കഴിഞ്ഞ് ആ പേര് വ്യക്തമാക്കാൻ നിപിൻ പറഞ്ഞപ്പോൾ ലിബീഷ് എന്ന് ടോവിനോ മറുപടി പറഞ്ഞു. തുടർന്ന് ടോവിനോയെ വേദിയിലേക്ക് വിളിച്ച നിപിൻ തന്റെ കൈവശമുള്ള ഒരു ബോക്സ് അദ്ദേഹത്തിന് നൽകി തുറന്നു നോക്കാൻ പറഞ്ഞു. ബോക്സ് തുറന്ന ടോവിനോ ആകെ ഞെട്ടി. ഇൻ ദി ലവിംഗ് മെമ്മറി ഓഫ് ലിബീഷ് എന്ന് എഴുതിയ ഒരു മെഡൽ ആയിരുന്നു അത്.
മെഡൽ ബോക്സിൽ നിന്നും പുറത്തെടുത്ത് സദസ്സിനെ കാണിച്ച ടോവിനോ, തനിക്ക് നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ കഥ പറഞ്ഞു. രണ്ടു മാസങ്ങൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങി മരിച്ച ലിബീഷ് തനിക്കും കൂട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു എന്നും ഇപ്പോഴും ആ ദുരന്തം ഉൾക്കൊള്ളാൻ തനിക്ക് ആയിട്ടില്ല എന്നും ടോവിനോ പറയുമ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു. ഇപ്പോഴും തന്റെ വാട്സാപ്പ് ഡിപി ലിബീഷും ഒത്തുള്ള ചിത്രമാണെന്ന് ടോവിനോ പറയുമ്പോൾ, സദസ്സാകെ നിശബ്ദമായി.
സൗഹൃദത്തിലെ എക്കാലത്തെയും വലിയൊരു നൊമ്പരമാണ് ടോവിനോയ്ക്ക് ലിബീഷിന്റെ വേർപാട്. അപ്രതീക്ഷിതമായാണ് എങ്കിലും ലിബീഷിനെ പറ്റി ഒരു പൊതുവേദിയിൽ ഓർക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ടോവിനോ മറച്ചു വച്ചില്ല.