അന്ന് മൂന്ന് മാർക്ക്, ഇന്ന് ഡോക്ടറേറ്റ് ; കുറിപ്പ് വൈറൽ

ചെറിയപരാജയങ്ങളിൽ പോലും നിരാശരായി പിൻവാങ്ങുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ ഇത്തരം പരാജയങ്ങളെ ജീവിതവിജയത്തിനുള്ള ഇന്ധനങ്ങളാക്കുന്ന ചിലരുണ്ട്. അവരാണ് യഥാര്‍ഥ വിജയികൾ. 

എട്ടാം ക്ലാസിൽ ഫിസിക്സ് പരീക്ഷയിൽ അമ്പതിൽ മൂന്നു മാർക്കായിരുന്നു കൃഷ്ണകുമാർ സി.പി. എന്ന വിദ്യാർഥിക്ക് ലഭിച്ചത്. എന്നാൽ ഇന്ന് അതേ വിഷയത്തിൽ ഡോക്ടറേറ്റുകാരനാണ് കൃഷ്ണകുമാർ. ഫിസിക്സിൽ പിഎച്ച്‍‍ഡി സ്വന്തമാക്കിയ കൃഷ്ണകുമാർ തന്നെയാണ് തന്റെ പഴയ മൂന്നു മാർക്ക് പരീക്ഷപേപ്പറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. ചെറിയ ചെറിയ പരാജയങ്ങളിൽ തളരരുതെന്നും നിങ്ങളുടെ ഭാവി നിർണയിക്കാൻ ഒരു പരീക്ഷകൊണ്ടു കഴിയില്ലെന്നും കൃഷ്ണകുമാർ പറയുന്നു. സ്കൂള്‍ വിദ്യാഭ്യാസം ഒരിക്കലും ഒന്നിന്‍റെയും അളവ് കോലല്ല. നിങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം ആണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. 

ഒന്നാം ക്ലാസ് മുതൽ പഠിക്ക് പഠിക്കെന്നു പറഞ്ഞ് കുട്ടികളുടെ ബാല്യത്തെ പാഠപുസ്തകങ്ങളിൽ തളച്ചിടുന്ന മാതാപിക്കൾക്കും ഒരു താക്കീതാണ് ഈ പിഎച്ച്ഡിക്കാരന്റെ കുറിപ്പ്. പരീക്ഷയിൽ ഒരു മാർക്കു കുറഞ്ഞാൽ കുട്ടികളുടെ നേരെ കണ്ണുരുട്ടുകയും അവരുടെ ഭാവിയെകുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന മാതാപിതാക്കൾക്കും ഇനി ഒന്ന് ആശ്വസിക്കാം. കാരണം ഒരു പരീക്ഷയിലെ ഉത്തരങ്ങളും, കാണാതെ പഠിച്ചു പകർത്തിയ പാഠങ്ങളുമല്ല ഒരു കുട്ടിയുടെ ഭാവി നിർണയിക്കുന്നത്. ആത്മവിശ്വാസവും, അനുഭവങ്ങളും, പ്രായോഗികജ്ഞാനവുമാണ് ഭാവികരുപ്പിടിപ്പിക്കുവാൻ ഒരു വ്യക്തിയെ സഹായിക്കുന്നത്. അതിന് സ്കൂൾ ചുവരുകൾക്കുള്ളിൽ നിന്നും പാഠപുസ്തകത്തിൽ നിന്നും ലഭിക്കുന്ന അറിവുകൾ പോരാതെ വരും. അതിനാൽ മുതിർന്നവരെ, ഇനിയെങ്കിലും കുട്ടികളെ വെറുതേ വിടു... അവരുടെ ലോകത്തേക്ക്...