കുറച്ചു ദിവസമായി കേരള പൊലീസിന്റെ ഫെയ്സ്ബുക് പേജ് കമന്റു വായിക്കാൻ മാത്രം വരുന്നവരെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. എന്താന്നല്ലേ കാരണം, ട്രോളന്മാർതോറ്റു പോകുന്ന കിടിലൻ കമന്റുകളാണിപ്പോൾ പേജിൽ വരുന്ന പോസ്റ്റുകൾക്കും ആളുകളുടെ സംശയങ്ങൾക്കും പൊലീസ് മറുപടിയായി നൽകുന്നത്. നിയമങ്ങൾ ഓർമിപ്പിക്കാനും മുന്നറിയിപ്പുകൾ നല്‍കാനും ഉപയോഗിക്കുന്നതും ട്രോളുകൾ തന്നെ. ജനങ്ങളുടെ സംശയങ്ങള്‍ക്ക് പെട്ടെന്ന് മറുപടി ലഭിക്കാന്‍ തുടങ്ങിയതോടെ ഏതാനും മാസങ്ങളായി പൊലീസിന്റെ ഫെയ്സ്ബുക് പേജ് പിൻതുടരുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. പേജിന്റെ ചുമതല പൊലീസിലെ ഏതേലും ട്രോളനാണോയെന്ന് ചോദിക്കുന്നവരും കുറവല്ല.
ബൊളീവിയ നമ്പറുകളിൽ നിന്നും വരുന്ന ഫോൺ കോളുകൾ പണം നഷ്ടപ്പെടുത്തുന്നെന്ന വാർത്ത പുറത്തുവന്നതോടെ ജനങ്ങൾക്കു മുന്നറിയിപ്പുമായി കേരള പൊലീസിന്റെ ഫെയ്സ്ബുക് പേജ് രംഗത്തുവന്നിരുന്നു. ഇത്തരം വ്യാജ നമ്പറിൽ നിന്നും കോളുകൾ വന്നാൽ തിരിച്ചു വിളിക്കരുതെന്നും, സൈബർ സെൽ അന്വേഷണം തുടരുകയാണെന്നും അറിയിച്ചു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ഇതിനു താഴെ ‘എനിക്കും വന്നു.. തിരിച്ചുവിളിക്കാൻ കാശില്ലായിരുന്നു, ബൊളീവിയയിലെ അമ്മാവന്റെ മകൻ എന്തു വിചാരിച്ചു കാണുമോ എന്തോ’ എന്നൊരാൾ കമന്റുമിട്ടു. രസകരമായ ഇൗ കമന്റിനു കേരള പൊലീസിന്റെ കൊടുത്ത മറുപടിയോ അതിലും രസകരം. ‘താങ്കളുെട അവസ്ഥ അമ്മാവന്റെ മകന് അറിയാമായിരിക്കാനാണ് സാധ്യത’. കമന്റ് വൈറൽ. ഇവിടെ കമന്റിടുന്നവർക്കു ‘റിപ്ലെ’ കൊടുക്കുമെന്നു കേട്ടുവന്നതാണെന്നു മറ്റൊരു വിരുതൻ. ഉടനെയെത്തി അടുത്ത‘റിപ്ലെ’. കേരള പൊലീസിലും ട്രോളന്മാർ കയറിപറ്റിയല്ലേ, സൂപ്പർ. കമന്റു വായിക്കാൻ വേണ്ടി മാത്രം വന്നതാണെന്നു മറ്റൊരാൾ.
ജനങ്ങൾക്കു മുന്നറിയിപ്പുകൾ നൽകുന്ന പോസ്റ്റുകളിലും ട്രോളൻ സ്വഭാവം പുറത്തെടുത്ത പൊലീസ് നേരത്തെ കയ്യടികൾ നേടിയിരുന്നു. ബൈക്കിൽ അമിതവേഗത്തിൽ പായുന്ന ഫ്രീക്കൻമാരെ കേരള പൊലീസ് ട്രോളിയിരുന്നു. ആഭരണ മോഷ്ടാക്കൾക്ക് കേരള പൊലീസിന്റെ വമ്പിച്ച ഒാഫർ ‘കൈവളകൾ സമ്മാനം’. ലോകകപ്പ് ഫുട്ബോളിന് ആശംസകൾ. മാലിന്യം വലിച്ചെറിയുന്നവർക്കു ട്രോൾ. ഫെയ്സ്ബുക്കിൽ മാത്രമേ ജനമൈത്രിയുള്ളൂവെന്ന വിമർശനമുന്നയിക്കുന്നവര്‍ക്കും പൊലീസിന്റെ മറുപടി ‘തീർച്ചയായും പൊലീസ് ജനങ്ങൾക്കൊപ്പമാണ്’.