പ്രവചനം കിറുകൃത്യം; ഫുട്ബോൾ ആരാധകർ അമ്പരപ്പിൽ!

ഷിഹാബിന്റെ നാവ് പൊന്നായി, ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടു. പ്രവചനങ്ങളെ കാറ്റിൽ പറത്തിയ 2018 ലോകകപ്പിനെ കൃത്യമായ കണക്കു കൂട്ടലുകളിലൂടെ ഷിഹാബ് പ്രവചിച്ചപ്പോൾ അഭിമാനിക്കാം ഓരോ മലയാളിക്കും. 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്‍ ആണ് സെമി ഫൈനല്‍ ലൈനപ്പും ഫൈനല്‍ ലൈനപ്പും വിജയികളേയും കൃത്യമായി പ്രവചിച്ച് താരമായത്. കഴിഞ്ഞ മാസം 26ന് ഷിഹാബ് ഫെയ്‌സ്ബുക്കിലൂടെ നടത്തിയ നിരീക്ഷണങ്ങൾ ഇന്നലെ ഫൈനലിലെ ഫ്രാൻസിന്റെ വിജയത്തോടു കൂടി പൂർണമായി ശരിയായി. 

ലോകകപ്പ് പ്രവചനങ്ങള്‍ കൊണ്ടു ലോകശ്രദ്ധ പിടിച്ചു പറ്റിയ പോൾ നീരാളിക്കു പിൻഗാമിയായെത്തി ട്രോളന്മാർക്ക് ഇരയായ കഥയാണ് അക്കില്ലസ് പൂച്ചയുടേത്. ലോകത്തിന്റെ പല ഭാഗത്തു നിന്നും മുഴങ്ങിക്കേട്ട പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി 2018 ഫുട്ബോൾ ലോകകപ്പ് മുന്നേറി. കിരീട സാധ്യതകളുമായി എത്തിയ പ്രമുഖ ടീമുകളെല്ലാം പുറത്തായപ്പോൾ 20–ാം റാങ്കിലുളള ഒരു ടീം ഫൈനലിലെത്തിയത് തെല്ലൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. 

കൃത്യമായ വിശകലനത്തിലൂടെയും നിരീക്ഷണത്തിലൂടെയും ഫൈനലിൽ ക്രൊയേഷ്യയെ തോൽപിച്ച് ഫ്രാൻസ് കിരീടത്തിൽ മുത്തമിടുമെന്ന് ഷിഹാബ് പ്രവചിച്ചത്. ഇതോടെ പോൾ നീരാളിയുടെ പിൻഗാമിയായി ഷിഹാബിനെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.  

അര്‍ജന്റീന ആരാധകനായിരുന്ന ഷിഹാബ് പത്തു വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ തഹ്സീബ് എഞ്ചിനീയറിംഗ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. അടയാളം, മോഷ്ടിക്കപ്പെട്ട പെയിന്റിംഗുകള്‍ എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read more : Lifestyle Malayalam Magazine, Beauty Tips in Malayalam