‘‘ഞാന്‍ ഇങ്ങനെയാണ്. എനിക്കിഷ്ടമുള്ളത് ചെയ്യും. മറ്റുള്ളവര്‍ക്ക് ദോഷമില്ലല്ലോ. ഇഷ്ടമില്ലാത്തവര്‍ക്ക് കാണാതിരിക്കാം.’’ പറയുന്നത് ചിത്ര കാജൽ. മ്യൂസിക്കലി ആപ്പിലൂടെ യൂട്യൂബില്‍ ഹിറ്റായ തമിഴ്നാട്ടുകാരി. വിമർശനങ്ങളാണ് കൂടുതലെങ്കിലും ചിത്രയുടെ ഓരോ വിഡിയോയ്ക്കും സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ്.
ഡബ്സ്മാഷുകളും പ്രണയഗാനങ്ങളും നൃത്ത–ആക്ഷൻ രംഗങ്ങളുമൊക്കെയായി തെന്നിന്ത്യയാകെ നിരഞ്ഞു നിൽക്കുന്ന ചിത്ര ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നിലപാടുകൾ വ്യക്തമാക്കിയത്.
അഭിനന്ദനങ്ങളെക്കാളും വിമര്‍ശനങ്ങളുടെ നടുവിലാണ് ചിത്രയെപ്പോഴും. എന്തിനാണ് വയസ്സാൻ കാലത്ത് ഈ കോപ്രായമെന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്നില്ലന്ന് അവർ പറയുന്നു.
‘‘എത്ര പരിഹസിച്ചാലും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ വിഡിയോകള്‍ക്ക് ഒരുപാട് ട്രോളുകളുണ്ട്. അതില്‍ പലരും വിഷം കുടിക്കുന്ന പോലെ കാണിക്കുന്നു. കുളത്തില്‍ ചാടുന്നു. കുളത്തില്‍ ചാടുന്നവരോട് ഒരുകാര്യം പറയാനുണ്ട്. അപകടം വരുത്തി വയ്ക്കരുത്. അത് കാണുമ്പോള്‍ ഭയം തോന്നി. ട്രോള്‍ വീഡിയോ ആദ്യം കണ്ടപ്പോള്‍ സങ്കടം തോന്നി. ഇതെല്ലാം വിട്ടുകളയാമെന്ന് തോന്നി. എന്നാല്‍ ഇന്ന് മനസ്സിലാക്കുന്നു, പരിഹാസങ്ങള്‍ കാരണമാണ് ഞാന്‍ ഇത്രയും ഹിറ്റായത്. ഇന്ന് ഞാന്‍ അതെല്ലാം ആസ്വദിക്കുന്നു. എന്നെ കിളവി എന്ന് വിളിച്ച് കളിയാക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ശരീരമല്ല പ്രായം നിശ്ചയിക്കുന്നത് മനസ്സാണ്. മാനസികമായി ഞാന്‍ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയാണ്. ആ ചിന്ത എനിക്ക് കൂടുതല്‍ ശക്തിയും ഉണര്‍വും നല്‍കുന്നു. എന്നെ ആന്റി, അമ്മ, മുത്തശ്ശി അങ്ങനെ എന്ത് വേണമെങ്കിലും വിളിച്ചോളൂ അതൊന്നും എനിക്ക് പ്രശ്നമില്ല. നമുക്ക് ഒരാളെ കരയിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ചിരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഞാന്‍ അതാണ് ചെയ്യുന്നതും. ഇഷ്ടമുള്ളവര്‍ക്ക് കാണാം. അല്ലാത്തവര്‍ക്ക് അത് കാണേണ്ട എന്ന് വയ്ക്കാനുള്ള സ്വാതന്ത്യമുണ്ട്.’’ ചിത്ര പറയുന്നു.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ രജനികാന്താണെന്ന് ചിത്ര. ‘‘അദ്ദേഹം ആണ് എന്റെ റോള്‍ മോഡല്‍. സിനിമയില്‍ ആണെങ്കിലും ജീവിതത്തിലാണെങ്കിലും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. വിജയ്, വിജയ് സേതുപതി എന്നിവരെയും ഇഷ്ടമാണ്. നടിമാരില്‍ രാധികയെയാണ് ഇഷ്ടം. രാഘവ ലോറന്‍സ് സാറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ കാഞ്ചന എനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ്. അടുത്ത ജന്‍മം ലോറന്‍സ് സാര്‍ എനിക്ക് മകനായി ജനിക്കണം. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്ക് ലോറന്‍സ് സാര്‍ അഭയം നല്‍കുന്നു. അതൊരു നല്ല കാര്യമല്ലേ.’’