ഒരൊറ്റ ദിവസം കൊണ്ടാണ് ഹനാൻ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ജീവിക്കാൻ വേണ്ടി മീൻകച്ചവടം നടത്തുന്ന കോളജ് വിദ്യാർഥി. കോളജ് യൂണിഫോമിൽ മീന്‍ കച്ചവടം നടത്തുന്ന ഹനാന്റെ ദൃശ്യങ്ങളും വാർത്തയും വ്യാപകമായി പ്രചരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹനാനെ തേടി സഹായമെത്തി. ഇതിനൊക്കെ പുറമെ, തന്റെ അടുത്ത ചിത്രത്തിൽ അവസരം നൽകുമെന്ന് സംവിധായകൻ അരുൺ ഗോപി പ്രഖ്യാപിച്ചു.
എന്നാൽ പെട്ടെന്നുതന്നെ ഹനാനെതിരെ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ശക്തമായി. ജനശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് ഹനാൻ നടത്തുന്നതെന്ന് വിമർശനമുയർന്നു. മീൻകച്ചവടം നാടകമായിരുന്നെന്നും പ്രചാരണങ്ങളുണ്ടായി. ഹനാൻ സിനിമാ താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പാട്ടു പാടുന്ന വിഡിയോകളും പ്രചരിക്കുകകയായിരുന്നു ഒരു വശത്ത്. ഹനാന്റെ കയ്യിലുള്ള മോതിരവും പ്രചാരണത്തിന് ശക്തി കൂട്ടി.
മലയാളികളെ വഞ്ചിച്ചുവെന്ന ആരോപണത്തോടൊപ്പം ട്രോളുകളും ശക്തമായതിനെ തുടർന്നാണ് തന്റെ ജീവിതാവസ്ഥകൾ വിവരിച്ചു കൊണ്ട് ഹനാൻ ലൈവിൽ വന്നത്. എല്ലാവർക്കും തന്നെ നല്ലതായും മോശമായും അറിയാമെന്നു പറഞ്ഞു കൊണ്ടാണ് ഹനാൻ ലൈവ് തുടങ്ങിയത്. മാനസിക രോഗിയായ ഉമ്മ, ഉപേക്ഷിച്ചു പോയ ഉപ്പച്ചി ഏഴാം ക്ലാസ്സ് മുതൽ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിൽ ജോലി ചെയ്തു. പെട്ടിക്കട നടത്തി. ഇവന്റ് മേനേജ്മെന്റ് പരിപാടികളിൽ ഫ്ളവർ ഗേളായും മറ്റും പങ്കെടുത്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. പലപ്പോഴായി കൂട്ടി വെച്ച പണം കൊണ്ടാണ് മോതിരം വാങ്ങിയത്. സമ്മാനത്തുകയായ കിട്ടിയ പണം കൊണ്ടാണ് ഒരു സൈക്കിൾ വാങ്ങിയത്.
മൂന്നുമണിക്ക് എഴുന്നേറ്റ് ബാബു എന്ന ചേട്ടനൊപ്പം പോയാണ് മീൻ എടുത്തു കൊണ്ടിരുന്നത്. അതുകഴിഞ്ഞാണ് കോളേജിൽ പോയിരുന്നത്. ചില പ്രശ്നങ്ങൾ കാരണമാണ് ഹനാൻ തമ്മനത്ത് ഒറ്റയ്ക്ക് കച്ചവടം തുടങ്ങുന്നത്.
‘‘ഇത്രയും കാലം ജീവിച്ചത് ആരുടേയും സഹായം സ്വീകരിച്ചിട്ടല്ല. കുറേ കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത്. ഉമ്മച്ചിയ്ക്ക് മാനസികമായിട്ട് പ്രശ്നം, ബാപ്പിച്ചി ഉപേക്ഷിച്ചിട്ട് പോലും ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല. ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും അവസരം കിട്ടിയത്. ഒരുപാട് നടന്നിട്ടുണ്ട് സിനിമയിൽ ചാൻസ് കിട്ടാൻ. ടേക്ക് ഓഫിൽ ഒരു സീനാണ് വന്നത്. അങ്ങനെ വല്ല ചാൻസ് കിട്ടിയാൽ ഞാൻ പോകും. അങ്ങനെ ഞാൻ പോയാലും കടയിൽ ഒരാള് ഉണ്ടാവും. ഇന്ന് മോർണിങ്ങില് ചെമ്പക്കരേന്ന് മീൻ ഞാൻ സ്ഥിരം പറഞ്ഞിരിക്കുന്ന ഓട്ടോയിൽ ഷിജൂന്ന് പറയണ ചേട്ടൻ അവിടെ കൊണ്ടു വന്ന് അവിടെ വച്ചിട്ടുണ്ട്. ഇന്ന് അഞ്ചരയ്ക്ക് ഞാൻ കച്ചോടം ചെയ്യാൻ അവിടെ ഉണ്ടാകും. എന്നും ഞാൻ എന്റെ കച്ചോടം ഞാൻ ഇതു പോലെ തുടരും. ഞാൻ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നൊരു പാവം പെൺകുട്ടിയാണ്. എന്നെ ഒന്ന് സഹായിക്കണ്ട. എനിക്ക് വൈറലാവണ്ട. ഒരു മീഡിയേടെ മുന്‍പിലും ഞാൻ മുൻപ് വന്നിട്ടില്ല. എനിക്ക് വൈറലാവണ്ട, എന്നെ ആരും സഹായിക്കണ്ട. സഹായിക്കാൻ വരുന്നവരുടെ ഇടിയാണ് കോളജിൽ. ഒരു പെൺകുട്ടിയാണ് ഞാൻ എന്റെ ജീവിതം ഇല്ലാണ്ടക്കരുത്.’’, കൈകൂപ്പി പൊട്ടി കരഞ്ഞ് ഹനാൻ പറയുന്നു
മാടവനയിലെ ഒരു ചെറിയ വാടകവീട്ടിൽ അവൾ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. കോളജിൽ പഠിക്കുന്ന ഈ പെൺകുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. തൃശൂർ സ്വദേശിയാണ് ഹനാൻ. അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർഥിനിയാണ് ഹനാൻ.