Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെരുവ് നായയുടെ വിലപോലും തരാതിരിക്കാൻ ഞങ്ങൾ എന്തുചെയ്തു’

sreejith

എത്ര ചേർത്തു പിടിച്ചാലും കൂടെ നിന്നാലും കാക്കിയോട് എന്നും അവഗണന മാത്രം കരുതിവയ്ക്കുന്നവർക്കാണ് ഇൗ പൊലീസുകാരന്റെ  കുറിപ്പ്. ബഹുഭൂരിപക്ഷം നൻമ ചെയ്താലും ചിലർ ചെയ്യുന്ന ഉരുട്ടിക്കൊലയ്ക്കും കസ്റ്റഡി പീഡനങ്ങളുടെയും പഴി മൊത്തം പോലീസുകാർ ചുമക്കേണ്ട ഗതികേട് കൂടി കാണാം ഈ കുറിപ്പില്‍. ദിവസങ്ങൾക്ക് മുൻ‌പ് വാഹനാപകടത്തിൽ മരിച്ച പൊലീസുകാരിയുടെ മരണവാർത്തയ്ക്ക് താഴെ ഒരാൾ ഇട്ട കമന്റാണ് ഇൗ പോസ്റ്റിന് ആധാരം. ‘ഒരു തെരുവ് പട്ടി ചാകുമ്പോൾ തോന്നുന്ന സങ്കടം ഒരു പൊലീസുകാരി ജോലിക്കിടയിൽ പൊലിഞ്ഞപ്പോൾ തോന്നിയില്ല..’ എന്നാണ് ഒരാൾ കുറിച്ചത്.

ഉള്ളുലയ്ക്കുന്ന വാക്കുകളോടെയാണ് കണ്ണൂർ സിവിൽ പൊലീസ് ഒാഫീസർ ശ്രീലേഷ് തീയ്യഞ്ചേരി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ആ കമന്‍റിന് ചുട്ട മറുപടി നൽകുകയാണ് ശ്രീലേഷ്. ‘ഒരു തെരുവ് പട്ടി ചാകുമ്പോൾ തോന്നുന്ന സങ്കടം ഒരു പൊലീസുകാരി ജോലിക്കിടയിൽ പൊലിഞ്ഞു പോയപ്പോൾ നിങ്ങൾക്ക് തോന്നിയില്ല അല്ലേ..സന്തോഷം സുഹൃത്തേ...ഒരു ആണ് അല്ലെങ്കിൽ ഒരു പെണ്ണ് ജനിച്ചു വീണപ്പോൾ പോലീസ് ആയതല്ല എന്നു മനസിലാക്കൂ...

ചരലും പൊടിയും നിറഞ്ഞ പടുകൂറ്റൻ മൺമൈതാനങ്ങളിൽ ഒമ്പതു മാസം ഞങ്ങൾ ഒഴുക്കിയ വിയർപ്പിനു ചോരയുടെ മണവും നിറവും ഉണ്ടായിരുന്നു..കണ്ണീരിന്റെ ഉപ്പും ചൂടുമുണ്ടായിരുന്നു..പരിശീലനം തുടങ്ങുന്നതിന് മുൻപുണ്ടായിരുന്ന സ്വന്തം രൂപം പോലും തിരിച്ചു കിട്ടാത്ത അനേകം ആണും പെണ്ണുമുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ..കൈമുട്ടിനു താഴെയും മേലെയും ഇന്നും പലർക്കും നിറം രണ്ടാണ്..കഷ്ടപ്പെടുന്ന പകലിന്റെ നീളം കൂടുതലും വിശ്രമിക്കുന്ന രാത്രിയുടെ നീളം വളരെ കുറവുമായി തോന്നും ആ സമയത്ത്..തിയ്യതി മറന്നു പോകും..ഞായറാഴ്ച ആകാൻ കൊതിക്കും..പാസ്സിങ് ഔട്ട് എന്ന സ്വപ്നം എന്നും കാണും..കൂട്ടത്തിലുള്ളവന്റെ സങ്കടവും സന്തോഷവും അറിയും..അവർക്കു വേണ്ടിയും ചിരിക്കും കരയും..ഒരു സാധാരണ പൗരനിൽ നിന്നും ഒരു പൊലീസുകാരനിലേക്കുള്ള ദൂരം വളരെ കൂടുതലാണ് ജോൺ...’ ശ്രീലേഷ് കുറിക്കുന്നു.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍റെ ഒപ്പമുള്ള ഊഷ്മവാനുഭവം പങ്കിട്ട് സമൂഹമാധ്യമങ്ങളുടെ കയ്യടി വാങ്ങിയ പൊലീസുകാരന്‍ തന്നെയാണ് ഈ കുറിപ്പും എഴുതിയത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ശ്രീകല എന്ന നാൽപ്പതിനാലുകാരിയെ എന്റെ അമ്മ പ്രസവിച്ചതല്ല...എനിക്ക് അങ്ങനെയൊരു സ്ത്രീയെ അറിയുമായിരുന്നില്ല..കഴിഞ്ഞുപോയ മണിക്കൂറുകളിലൊന്നിൽ കാലം അവരുടെ കരം പിടിച്ചു ഈ ലോകത്തിൽ നിന്ന് നടന്നു പോകുന്നത് വരെ...ദൈവം അറിഞ്ഞോ അറിയാതെയോ ഒന്ന് മയങ്ങിയ ആ തണുത്ത പുലരിയിൽ മരണം അവരെ പുൽകും വരെ.

പക്ഷെ ഇന്ന് അവർ എനിക്കെന്റെ കൂടെപ്പിറപ്പാണ്..ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂടെപ്പിറപ്പ്..ചോരയുടെ പാരമ്പര്യം കൊണ്ടല്ല ആ ബന്ധം...ശ്രീകല മാത്രമല്ല, നൗഫലും ഹസീനയുമൊക്കെ ഇപ്പോൾ ഹൃദയം കീറിമുറിക്കുന്നുണ്ട്, നോവിക്കുന്നുണ്ട് വല്ലാതെ....ലേക്ക് ഷോർ ആശുപത്രിയിലെ അത്യാഹിത വാർഡിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന നാൽപ്പതിരണ്ടുകാരൻ നിസാർ സാറും എനിക്ക് പുറത്തു നിന്നൊരാളല്ല.

ഈ കുറിപ്പ് എഴുതണോ വേണ്ടയോ എന്ന് ഞാൻ ചിന്തിച്ചത് പലവട്ടമാണ്..കാരണം ഒരു മരണത്തെപ്പറ്റി എപ്പോൾ സംസാരിച്ചാലും അത് വേദന തരുന്ന ഒന്നാണ്..പ്രത്യേകിച്ച് അവരുടെ പ്രിയപ്പെട്ടവർക്ക്....അവരുടെ വേദനയിൽ പങ്കുകൊണ്ടു കൊണ്ട്..അവരുടെ നഷ്ടം എന്റേതും കൂടിയാണെന്ന് ഉറപ്പുള്ളത് കൊണ്ട്....എനിക്കിത് പറയാതെ വയ്യ...

പ്രിയപ്പെട്ട ജോൺ ജിജോ ജോയ്, എനിക്ക് പറയാനുള്ളത് നിങ്ങളോടാണ്..നിങ്ങളെപ്പോലെ ഏതെങ്കിലും ഒരാൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ അവരോടെല്ലാമാണ്..പറഞ്ഞില്ലെങ്കിൽ ഞാൻ ഒന്നുമല്ലാതായിപ്പോകും..ഞാൻ പ്രതിനിധീകരിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഏറ്റവും ചെറിയൊരു കണ്ണിയായ എനിക്ക് പറഞ്ഞെ പറ്റൂ..ഞങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി...

ഒരു തെരുവ് പട്ടി ചാകുമ്പോൾ തോന്നുന്ന സങ്കടം ഒരു പൊലീസുകാരി ജോലിക്കിടയിൽ പൊലിഞ്ഞു പോയപ്പോൾ നിങ്ങൾക്ക് തോന്നിയില്ല അല്ലെ..സന്തോഷം സുഹൃത്തേ...ഒരു ആണ് അല്ലെങ്കിൽ ഒരു പെണ്ണ് ജനിച്ചു വീണപ്പോൾ പോലീസ് ആയതല്ല എന്നു മനസിലാക്കൂ...

ചരലും പൊടിയും നിറഞ്ഞ പടുകൂറ്റൻ മൺമൈതാനങ്ങളിൽ ഒമ്പതു മാസം ഞങ്ങൾ ഒഴുക്കിയ വിയർപ്പിനു ചോരയുടെ മണവും നിറവും ഉണ്ടായിരുന്നു..കണ്ണീരിന്റെ ഉപ്പും ചൂടുമുണ്ടായിരുന്നു..പരിശീലനം തുടങ്ങുന്നതിന് മുൻപുണ്ടായിരുന്ന സ്വന്തം രൂപം പോലും തിരിച്ചു കിട്ടാത്ത അനേകം ആണും പെണ്ണുമുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ..കൈമുട്ടിനു താഴെയും മേലെയും ഇന്നും പലർക്കും നിറം രണ്ടാണ്..കഷ്ടപ്പെടുന്ന പകലിന്റെ നീളം കൂടുതലും വിശ്രമിക്കുന്ന രാത്രിയുടെ നീളം വളരെ കുറവുമായി തോന്നും ആ സമയത്ത്..തിയ്യതി മറന്നു പോകും..ഞായറാഴ്ച ആകാൻ കൊതിക്കും..പാസ്സിങ് ഔട്ട് എന്ന സ്വപ്നം എന്നും കാണും..കൂട്ടത്തിലുള്ളവന്റെ സങ്കടവും സന്തോഷവും അറിയും..അവർക്കു വേണ്ടിയും ചിരിക്കും കരയും..ഒരു സാധാരണ പൗരനിൽ നിന്നും ഒരു പൊലീസുകാരനിലേക്കുള്ള ദൂരം വളരെ കൂടുതലാണ് ജോൺ...

എന്നിട്ടും ഇരുനൂറ്റി പത്തു ദിവസം കഴിഞ്ഞിട്ട് ഞങ്ങൾ ഒരു പ്രതിജ്ഞയെടുക്കും..അതും ഞങ്ങൾക്ക് വേണ്ടിയല്ല..നീയടക്കമുള്ള സമൂഹത്തിനു വേണ്ടി..നിങ്ങളുടെ കാവലിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളാമെന്നു മൂന്ന് വരിയിൽ നിരന്നു നിന്ന് ആകാശത്തിലേക്ക് വെള്ള ഉറ ധരിച്ച കൈ ഉയർത്തി ഏറ്റവും ഉറക്കെ..ട്രൈനിംഗിന്റെ ഒരു ദിവസമെങ്കിലും ഞങ്ങളെ കണ്ടിരുന്നെങ്കിൽ,പാസിംഗ് ഔട്ട് പരേഡ് ഒരു പ്രാവശ്യമെങ്കിലും കണ്ടിരുന്നെങ്കിൽ നിന്റെ നാവിനെ ഒരു പക്ഷെ നീ നിയന്ത്രിച്ചേനെ ജോൺ..

നീ ഈ പറഞ്ഞതിന്റെ പേരിൽ നിന്നോട് കേരളത്തിലെ ഒരു പോലീസുകാരനും ഒരു ദേഷ്യവും ഉണ്ടാകില്ല ജോൺ..മറിച്ചു ഞങ്ങൾ കുറെയേറെ സങ്കടപ്പെടും..എന്നാലും നാളെ നിന്റെ പ്രിയപ്പെട്ടവർക്ക് ഒരു അപകടം വന്നാലും പാഞ്ഞെത്തും ഞങ്ങൾ..കാരണം അത് ഞങ്ങൾ പഠിച്ച പാഠമാണ്..സ്വജനപ്രീതിയോ ശത്രുതാമനോഭാവമോ പക്ഷഭേദമോ കടന്നു വരാത്ത വലിയ പാഠം..അത് മനസ്സിലാക്കാൻ നീ നേടിയ വിദ്യാഭാസം ഒരുപക്ഷെ തികയാതെ വരും ജോൺ ജിജോ ജോയ്..

സ്വന്തം അച്ഛനും അമ്മയും ആശുപത്രിയിൽ ഉള്ളപ്പോൾ പോലും ഒരു പോലീസുകാരൻ ചിലപ്പോൾ ട്രാഫികിലെ പൊരി വെയിലിൽ പൊടി തിന്നുന്നുണ്ടാവും..കുട്ടിയുടെ പിറന്നാളിനും സ്വന്തം വിവാഹ വാർഷികത്തിനുമൊക്കെ ട്രെയിനിൽ പ്രതിയെയും കൊണ്ട് യാത്ര ചെയ്യുകയാവും...പിന്നെ ജോൺ, വെറും മീറ്ററുകൾക്കു അപ്പുറത്ത് സഹപ്രവർത്തകയുടെ ശരീരം ചോര വാർക്കുമ്പോഴും അവിടെ റോഡിലെ തിരക്ക്‌ നീക്കിയതും ഒരുപക്ഷെ ഈ കാക്കിയിട്ട വർഗം തന്നെയാവും. ഇതൊന്നും കാണാതെ പോയ കണ്ണിനു മുന്നിൽ നമിച്ചു പോകുന്നു ജോൺ. എന്നെങ്കിലുമൊരിക്കൽ അടച്ചു ശീതീകരിച്ച ആംബുലൻസിന്റെ ഉള്ളിലോ,ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ ഒരു കിടക്കയിലോ നിനക്ക് വേണ്ടവർ ചോര വാർന്നു കിടക്കാൻ ഇട വരാതിരിക്കട്ടെ..കാരണം നീ പോകുന്ന ആംബുലൻസിന്റെ ഒരു സീറ്റിൽ ഒരുപക്ഷെ ഒരു പോലീസുകാരനും ഉണ്ടായേക്കാം..നിനക്ക് വേണ്ടപ്പേപ്പെട്ടവരെ എടുത്തുയർത്തി അതിൽ കിടത്തിയ, അവരുടെ ചോരയിൽ കുതിർന്ന ഒരു പോലീസുകാരൻ..അന്ന് ആ പോലീസുകാരനെ നീ അറിയാതെ ബഹുമാനിച്ചു പോയാലോ??

തെരുവ് പട്ടിയോടുള്ള നിന്റെ സ്നേഹവും കരുതലും ഇല്ലാതെ പോയാലോ..വേണ്ട ജോൺ..ഇനി നീ തരുന്ന ബഹുമാനം ഞങ്ങൾക്ക് വേണ്ട...നിന്റെ മനസ്സിൽ തെരുവ് പട്ടികളെക്കാൾ താഴെ തന്നെ ആവട്ടെ ഞങ്ങൾ.. പക്ഷെ ജോൺ,ഞങ്ങൾ കാവൽ നിന്നതും കുരച്ചതും കടിച്ചതുമൊക്കെ പലപ്പോഴും നീയടങ്ങുന്ന സമൂഹത്തിനു വേണ്ടി തന്നെയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...

മറ്റുള്ളവരുടെ സങ്കടങ്ങളിൽ പങ്കു ചേരണം എന്ന് പറയാൻ എനിക്ക് അവകാശമോ അധികാരമോ ഇല്ല....കാരണം നിന്റെ വ്യക്തിത്വം നിന്റേത് മാത്രമാണ്..അത് നീ ഉപയോഗിക്കുന്നത് പോലെയാണ്...അറിവും തിരിച്ചറിവും രണ്ടും രണ്ട് തന്നെയാണ് ജോൺ..അത് എന്ന് മനസ്സിലാവുന്നുവോ അന്ന് പഠിക്കും പലതും...ഒരേയൊരു ചോദ്യം ചോദിച്ചോട്ടെ ഞാൻ??എന്റെ ഒരു കൂടെപ്പിറപ്പ് ഇല്ലാതായ വലിയ വേദനയിലും,വേറൊരു കൂടെപ്പിറപ്പ് വേദന കടിച്ചമർത്തി കിടക്കുമ്പോഴും എനിക്കിത് ചോദിക്കാതെ വയ്യ...ഒരു തെരുവ് പട്ടിയുടെ വില പോലും തരാതിരിക്കാൻ മാത്രം എന്ത് തെറ്റാണ്,എപ്പോഴാണ് ഞങ്ങൾ നിന്നോട് ചെയ്തത്??

‘‘കൊളുത്തണ്ട ജോൺ ജിജോ ജോയ്...കത്തുന്ന വിളക്കുകൾ ഊതിക്കെടുത്താതിരുന്നു കൂടെ???ആ ഇരുട്ടിൽ സന്തോഷിക്കാതിരുന്നുകൂടെ???നിന്നെ പ്രസവിച്ച അമ്മയും ഒരു സ്ത്രീ തന്നെ ആയിരുന്നില്ലേ..’’

ജോൺ,ഇതൊരു ക്ഷണം കൂടിയാണ്...ഈ വരുന്ന മുപ്പത്തിയൊന്നാം തീയതി തൃശൂരുള്ള കേരള പോലീസ് അക്കാഡമിയിൽ വെച്ച് നടക്കുന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ മാരുടെ പാസിംഗ് ഔട്ട് പരേഡിലേക്കുള്ള ക്ഷണം...പകരമാവില്ലെങ്കിലും നീ പുച്ഛിച്ചു തള്ളിക്കളഞ്ഞ ശ്രീകല സാറിന്റെ നൂറു കണക്കിന് പിന്മുറക്കരുടെ പട്ടാഭിഷേകം...നിന്നെയും ക്ഷണിക്കുന്നു ഞങ്ങൾ...നിറഞ്ഞ അഭിമാനം തന്നെയാണ് ജോൺ ഒരു പോലീസുകാരൻ ആയതിലും,നിന്നോടിത് പറയുന്നതിലും.......

ശ്രീലേഷ് തീയ്യഞ്ചേരി

സിവിൽ പൊലീസ് ഓഫീസർ