Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻ പണയംവെച്ച് ഉരുൾപൊട്ടൽ ചിത്രീകരിച്ചു; ദീപുവിന് പറയാനുള്ളത്

deepu

ഉരുള്‍പൊട്ടലിന്റ നേര്‍ദൃശ്യങ്ങള്‍കണ്ട്  കേരളം അമ്പരന്ന നിമിഷങ്ങള്‍. കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയില്‍നിന്നായിരുന്നു ആ കാഴ്ച. മരങ്ങള്‍ കടപുഴക്കി വെള്ളം കുത്തിയൊലിച്ചെത്തുന്നു. പതറാതെ ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ദീപു ചന്ദ്രന്‍ എന്ന ചെറുപ്പക്കാരനാണ്. കൊട്ടിയൂരിലെ അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി. ആ വിഡിയോ കണ്ട ഓരോരുത്തരും അമ്പന്നിരുന്നു. മണ്ണും കുത്തിയൊലിച്ചുള്ള മലവെള്ളപ്പാച്ചിലും നേര്‍ക്കുനേര്‍ ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങളിലും ഒപ്പം മുഖ്യധാരാ മാധ്യമങ്ങളിലും ഈ സജീവ കാലത്ത് സജീവകാഴ്ചയായി. 

ദീപു ആ സാഹസികതയെകുറിച്ച് പറയുന്നു: കൊട്ടിയൂര്‍ മന്ദംചേരിയിലാണ് ഞാന്‍ താമസിക്കുന്നത്. അമ്മ വല്‍സ തൊട്ടടുത്തുള്ള അമ്പായത്തോട്ടിലെ ചേട്ടന്റെ വീട്ടിലായിരുന്നു. അമ്മയെകൂട്ടാന്‍ കാറില്‍ പോകുമ്പോഴാണ് അങ്കണവാടി പരിസരത്ത് റോഡില്‍ ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടത്. കാര്‍ നിര്‍ത്തി അന്വേഷിച്ചപ്പോള്‍ സമീപത്തെ മലയില്‍ ഉരുള്‍പൊട്ടലിന്റെ ലക്ഷണമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. 

അതിശക്തമായ കാറ്റടിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം കഴിയും മുന്‍പേ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടി. മതില്‍കെട്ടിന് പരിസരത്തിറങ്ങിയാണ് മൊബൈലില്‍ അത് പകര്‍ത്തിയത്. പലരോടും ദൂരേക്ക് മാറാന്‍ പറഞ്ഞ ശേഷമായിരുന്നു ചിത്രീകരിച്ചത്. അപകടസാധ്യത ഉണ്ടായിരുന്നു. ആദ്യം ഫോട്ടോ മാത്രം എടുത്ത് താഴെപ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു ആലോചന. പക്ഷെ, അതിന്റെ ഭീകരത വിഡിയോയിലാക്കി. നില്‍ക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുവരെ വെള്ളം കുതിച്ചെത്തി. 

ഭാഗ്യംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ല. കരയ്ക്കുകയറിയ ഉടനെ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. ചിലരെ വിളിച്ചുപറഞ്ഞു. ബാവലിപ്പുഴയുടെ പരിസരത്തുള്ളവര്‍ക്ക് അത് സഹായകമായി എന്ന് പിന്നീട് മനസ്സിലായി. അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ...’ 

ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച യുവാവിന്റെ ധീരതയെ  പലരും ഫോണിലും നേരിട്ടും അഭിനന്ദിക്കുന്നുണ്ട്. പക്ഷെ, അതൊന്നുമല്ല ദീപുവിനെ സന്തോഷിപ്പിക്കുന്നത്. ‘കുറേയാളുകള്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കാന്‍ അതുവഴി സാധിച്ചു. അതാണ് വലിയ സന്തോഷം...’