ചുഴലിക്കാറ്റിനു മുൻപിൽ ‘വീഴാതെ’ റിപ്പോർട്ടർ; ‘അഭിനയം’ നിർത്താൻ ട്രോളന്മാർ

അമേരിക്കയിൽ വീശിയടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പോർട്ടറുടെ വിഡിയോ വൈറലാകുന്നു. കാലാവസ്ഥ നിരീക്ഷകൻ കൂടിയായ വെതർ ചാനലിന്റെ റിപ്പോർട്ടർ മൈക് സിഡിൽ കാറ്റിൽ ആടി ഉലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

എന്നാൽ, അദ്ദേഹം കാറ്റിൽ ആടിയുലയുമ്പോൾ പിന്നിലൂടെ രണ്ടുപേർ സുഖമായി നടന്നുപോകുന്നത് കാണാം. ഇതോ‌ടെ മൈക് സിഡിൽ അഭിനയിക്കുകയാണെന്നു വിമർശനമുയർന്നു. ഇദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ധാരാളം ട്രോളുകളുമുണ്ടായി. ഇത്രയും മികച്ച അഭിനയം കാഴ്ചവെച്ച മൈക് സിഡിലിന് ഓസ്കാർ നൽകണമെന്നാണ് ട്രോളന്മാരുടെ ആവശ്യം. 

12 മണിക്കൂറിനുള്ളിൽ ഒരു കോടിയിലേറെപ്പേരാണ് ട്വിറ്ററിലൂടെ മാത്രം വിഡിയോ കണ്ടത്. എന്നാൽ മൈക് സിഡലിനെ പിന്തുണച്ചു ദി വെതർ ചാനൽ രംഗത്തെത്തി. സിഡിൽ നിൽക്കുന്നത് പുല്ലിനു മുകളിലാണെന്നും കോണ്‍ക്രീറ്റ് തറയിലൂടെയാണ് മറ്റുള്ളവർ ന‌ടന്നു പോകുന്നതെന്നുമാണ് ചാനലിന്റെ വിശദീകരണം. എന്നാൽ വിശദീകരണം വീണിടത്തു കിടന്ന് ഉരുളലാണെന്നും മര്യാദയ്ക്കു പണിയെടുക്കാനും ചാനലിനെ ഉപദേശിക്കുന്നുമുണ്ട് ചിലർ. 

യുഎസിന്റെ കിഴക്കൻ തീരമേഖലയിൽ ആഞ്ഞടിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിലും കനത്ത മഴയിലും നൂറ് കണക്കിന് ആളുകളാണ് വീടുകളിൽ കുടുങ്ങിയത്. ഇവരെയെല്ലാം സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി. ഇതിനിയിലാണ് റിപ്പോർട്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചിരിപടർത്തിയത്.