സമൂഹമാധ്യമങ്ങളിൽ വേദന പടർത്തി സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ മൂർഖൻ പാമ്പിനോട് ഏറ്റുമുട്ടിയ അമ്മ പട്ടിയുടെ ദൃശ്യങ്ങൾ. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് സംഭവം.
ഒരു വീടിന്റെ കേണിപ്പടിയുടെ താഴെയായിരുന്നു പട്ടിയും ഏഴ് കുഞ്ഞുങ്ങളുമുണ്ടായിരുന്നത്. രാത്രി വൈകി ഇൗ ഭാഗത്തുനിന്നു നിർത്താതെയുള്ള കുരകേട്ടെത്തിയ വീട്ടുകാരാണ് നേർക്കുനേരെ നിൽക്കുന്ന പാമ്പിനെയും പട്ടിയെയും കണ്ടത്. പട്ടിയുടെ രണ്ട് കുഞ്ഞുങ്ങൾ ഇതിനകം പാമ്പിന്റെ കടിയേറ്റ് ചത്തിരുന്നു.
കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഉറക്കെ കുരച്ചെങ്കിലും പിൻമാറാൻ പാമ്പ് തയാറായില്ല. പിന്നീട് കുഞ്ഞുങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനായി അമ്മ പട്ടിയുടെ ശ്രമം. തന്റെ നേർക്ക് പാമ്പിന്റെ ശ്രദ്ധതിരിക്കാൻ പട്ടി ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. നാട്ടുകാർ പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് ഇവർ സഹായത്തിനായി വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
ഉദ്യോഗസ്ഥർ എത്തുവരെ പാമ്പിനും കുഞ്ഞുങ്ങൾക്കും ഇടയിൽ ഇൗ അമ്മ നിലകൊണ്ടു. ഇതിനിടയിൽ രണ്ട് കുഞ്ഞുങ്ങൾക്കു കൂടി പാമ്പ് കടിയേറ്റു. പാമ്പിനെ നേരെ കുരച്ചും ചാടിയും പട്ടി പിടിച്ചുനിന്നു.ഒടുവിൽ വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ കെണിയിലാക്കി. പക്ഷേ അപ്പോഴേക്കും നാലു കുഞ്ഞുങ്ങൾ പാമ്പ് കടിയേറ്റ് ചത്തിരുന്നു. കുഞ്ഞുങ്ങൾക്കായി ആ അമ്മ നടത്തിയ പോരാട്ടം സമൂഹമാധ്യമങ്ങളിൽ കണ്ണീരിൽ കുതിർന്ന കയ്യടി നേടുകയാണ്.