സാധാരണ വല്ല ഓന്തിനെയോ ചത്ത പക്ഷികളെയോ കടിച്ചു പിടിച്ചു വരുന്നവരാണ് പൂച്ചകൾ. എന്നാൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശിയായ ഒരാളുടെ പൂച്ച രാത്രി കറക്കം കഴിഞ്ഞു വന്നപ്പോൾ വലിച്ചുകൊണ്ടുവന്നത് ചില്ലറ സാധനമൊന്നുമായിരുന്നില്ല. രാവിലെ ഉറക്കമെണീറ്റ ഉടമസ്ഥൻ കണ്ടത് ഒരു പ്ലാസ്റ്റിക് കവറാണ്. തുറന്നു നോക്കിയപ്പോൾ അതിനകത്ത് മയക്കുമരുന്നും.
ക്ലാസ് എ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നുകൾ കണ്ട് ഉടമ ആദ്യമൊന്നു ഞെട്ടി. പിന്നെ വേഗം പൊലീസിനെ വിവരമറിയിച്ചു. മയക്കുമരുന്നുകൾ അടങ്ങിയ പ്ലാസ്റ്റിക് കവറിന്റെ ചിത്രവും സംഭവിച്ച കാര്യങ്ങളും പൊലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചു. അതോടെ പൂച്ച ഒരു ഹീറോയായി.
പൊലീസിൽ ഇനി പട്ടികളെ മാത്രമല്ല പൂച്ചകളെയും ഉപയോഗിക്കാമെന്നാണ് പലരും തമാശയ്ക്ക് പറയുന്നത്. എന്തായാലും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനാത്തുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. മയക്കുമരുന്ന് വേട്ട നടത്തി ഹീറോയായ പൂച്ചയ്ക്കും അതിന്റെ ഉടമസ്ഥനും പൊലീസിന്റെ വക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.