Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബച്ചൻ നുണയൻ, സത്യങ്ങൾ പുറത്തുവരുമെന്നും സപ്ന; ‘മീ ടു’ ചൂടേറുന്നു

bacjhan

ഇന്ത്യ മീടൂ കൊടുങ്കാറ്റിന്റെ പിടിയിലാണ്. തനുശ്രീ ദത്ത നാനാ പടേക്കർക്കെതിരെ തുടങ്ങിവെച്ച മീടുവിൽ പല ഉന്നതരുടെയും മുഖമൂടികൾ അഴിഞ്ഞു വീണു. ഇപ്പോൾ അമിതാഭ് ബച്ചനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്ന ഭവ്നാനി. അമിതാഭ് ബച്ചൻ പെരുംനുണയനാണെന്നും അദ്ദേഹത്തെക്കുറിച്ചു  പലസത്യങ്ങളും  വൈകാതെ പുറത്തുവരുമെന്നുമാണ് സപ്ന ട്വീറ്റ് ചെയ്തത്. 

ബച്ചൻ സിനിമാ മേഖലയിലുള്ള തന്റെ പല സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടുള്ളത് അറിയാം. അവർ ബച്ചനെതിരെ വൈകാതെ തന്നെ മുന്നോട്ടു വരുമെന്നു പ്രത്യാശിക്കുന്നുവെന്നുമായിരുന്നു സപ്‌ന ഭവ്‍നാനിയുടെ ആദ്യ ട്വീറ്റ്. മൂഖംമൂടി അഴി‍ഞ്ഞുവീഴാൻ സമയമായെന്നു ബച്ചനു മുന്നറിയിപ്പു നൽകുന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

‘‘പിങ്ക് എന്ന ചിത്രത്തിന്റെ കാലം കഴിഞ്ഞു പോയത് പോലെ താങ്കളുടെ ആക്റ്റിവിസ്റ്റ് പരിവേഷവും തകർന്നു പോകും. നിങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ പലതും വൈകാതെ പുറത്തുവരും. ആരോപണമുയർന്ന ശേഷം നഖങ്ങൾ മാത്രമല്ല കൈ തന്നെ കടിച്ചാലും മതിയാവില്ല.’’ രണ്ടാമത്തെ ട്വീറ്റിൽ സപ്ന കുറിച്ചു. 

ആദ്യം മൗനം പാലിച്ചെങ്കിലും തന്റെ 76–ാം ജന്മദിനത്തിൽ അമിതാഭ് ബച്ചനും ‘മീ ടു’  ക്യാംപെയ്ന് പിന്തുണ അറിയിച്ചു രംഗത്തെത്തിയിരുന്നു. സ്ത്രീകളൊരിക്കലും അപമാനിക്കപ്പെടരുതെന്നും അത്തരം പ്രവ‍ൃത്തികൾ എത്രയും വേഗം അധികരികളുടെ മുന്നിലെത്തിക്കണമെന്നും ബച്ചൻ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സംരക്ഷണം ആവശ്യമാണെന്നും ബച്ചൻ വ്യക്തമാക്കി. എന്നാൽ ഇതിനു പിന്നാലെയാണ് ബച്ചനെതിരെ ആരോപണവുമായി സപ്ന രംഗത്തെത്തിയത്.