അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സിബിഎസ് ന്യൂസിന് ഒരു അഭിമുഖം നൽകി. അഭിമുഖത്തിനിടയിൽ വൈറ്റ്ഹൗസിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ചിത്രം ക്യാമറയിൽ പതിയുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു.
അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തിയ റിപ്പബ്ലിക്കന്‍ പാർട്ടിക്കാർ ഒരു വട്ടമേശയ്ക്കു ചുറ്റിലുമിരുന്ന് സംസാരിക്കുന്നതാണ് ചിത്രത്തിലുള്ളത്. എബ്രഹാം ലിങ്കനും റൊണാൾഡ് റീഗനും റിച്ചാര്‍ഡ് നിക്സനുമൊക്കെയുള്ള ചിത്രം. ആരൊക്കെ ഉണ്ടെങ്കിലും ചിത്രത്തിൽ താരം ട്രംപ് തന്നെ. വെളുത്ത ഫുൾ സ്ലീവ് ഷർട്ടുമിട്ട് കഴുത്തിൽ ചുവന്ന ടൈയും അണിഞ്ഞാണ് ട്രംപിന്റെ ഇരിപ്പ്. മുഖത്ത് പ്രായവും കുറവ്.
വളരെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഇൗ ചിത്രത്തിനു ‘റിപ്പബ്ലിക്കൻ ക്ലബ്’ എന്നാണു പേരിട്ടിരിക്കുന്നത്. മിസ്സോറിയിലുള്ള ചിത്രകാരൻ ആൻഡി തോമസ് വരച്ച ചിത്രം റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഡാരെൽ ഇസ്സയാണ് ട്രംപിന് സമ്മാനമായി നൽകിയത്.
റിപ്പബ്ലിക്കൻ ക്ലബിനു സമാനമായി ഡെമോക്രാറ്റിക് ക്ലബും ഇൗ കലാകാരൻ വരച്ചിട്ടുണ്ട്. തോമസിന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. സേഫ്റ്റവെയറുകൾ ഉപയോഗിച്ച് ട്രംപിന്റെ ചിത്രം മാറ്റി കാര്‍ട്ടൂൺ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചു സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയ വിരുതന്മാരുമുണ്ട്.