രാഹുൽ ഈശ്വറിന്‍റെ അറസ്റ്റ് അനാവശ്യമാണെന്നും ഇതു ചെയ്ത രീതി ശരിയായില്ലെന്നും ഭാര്യ ദീപ. രാഹുലിനെ പാർപ്പിച്ചിരിക്കുന്ന കൊട്ടാരക്കര സബ് ജയിലനു മുന്നില്‍നിന്നു സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തിയായിരുന്നു ദീപയുടെ പ്രതികരണം. യാതൊരു തെളിവുകളുമില്ലാതെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച ദീപ വികാരാധീനയാകുന്നതും വിഡിയോയിൽ കാണാം.
ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിനുമേൽ ചുമത്തിയിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ അനുവദിക്കാതിരുന്നതിനും പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞതിനുമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആ സമയത്ത് രാഹുൽ സന്നിധാനത്തായിരുന്നുവെന്നാണ് ദീപ പറയുന്നത്.
ട്രാക്ടറില്‍ ടാര്‍പോളിന്‍ കൊണ്ടു മൂടിയാണ് രാഹുലിനെ കൊണ്ടുപോയതെന്നും ഇൗ രീതി ശരിയായില്ലെന്നും ദീപ പറയുന്നു. ‘‘ആദ്യം താനിതു വിശ്വസിച്ചില്ല. പിന്നെ ജയിലിൽ എത്തി രാഹുലിൽനിന്നു നേരിട്ടു കേട്ടപ്പോഴാണ് ഇക്കാര്യം വിശ്വസിച്ചത്. ഒരാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രീതിയാണോ ഇത്? ആരെങ്കിലും ഇത് ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ ഉണ്ടായിരുന്നില്ല.’’– ദീപ പറഞ്ഞു.
14 ദിവസത്തേക്കാണ് രാഹുല്‍ ഇൗശ്വറിനെ റിമാന്റ് ചെയ്തിരിക്കുന്നത്. രാഹുൽ ജയിലിൽ നിരാഹാരത്തിലാണ്. കുടുംബാഗങ്ങളോടൊപ്പം രാഹുലിനെ സന്ദർശിച്ചശേഷമാണ് ദീപ ലൈവിലെത്തിയത്.