ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ഒൻപതു വയസുള്ള ഒരു തമിഴ് പെൺകുട്ടി. ഇരുമുടിക്കെട്ടേന്തി ഒരു പ്ലക്കാർഡും പിടിച്ചുനിൽക്കുന്ന പെൺകുട്ടി സന്നിധാനത്തുവെച്ച് ഒരു പ്രഖ്യാപനവും നടത്തി. 50 വയസ്സിന് ശേഷം മാത്രമേ ഇനി മല ചവിട്ടുകയുള്ളൂ. തമിഴ്നാട്ടിലെ മധുരൈ സ്വദേശിയായ ജനനിയാണ് ഈ പെൺകുട്ടി.
വെള്ളിയാഴ്ച്ചയാണ് മധുര സ്വദേശിയായ ജനനി പിതാവിനൊപ്പം ശബരിമലയിലെത്തിയത്. ''സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാൽ മകൾക്ക് പത്ത് വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവൾ മല ചവിട്ടൂ. ഞങ്ങൾ അയ്യപ്പനെ സ്നേഹിക്കുന്നു'', ജനനിയുടെ പിതാവ് ആർ സതീഷ് കുമാർ പറഞ്ഞു. മകൾ അമ്പത് വയസ്സിന് മുമ്പ് മല അയ്യപ്പസന്നിധിയിലെത്തുന്നതിനെ താൻ അനുകൂലിക്കുന്നില്ലെന്നും സതീഷ് കൂട്ടിച്ചേർത്തു.
അതേസമയം, നിരോധനാജ്ഞ ശബരിമല നടയടക്കും വരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണവും ശക്തമാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പമ്പ കടന്ന് മലകയറാൻ ഇനിയും യുവതികൾ എത്തിയേക്കുമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.