ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് ചൊല്ല്. എന്നാൽ റോബർട്ട് സ്റ്റീവാർട്ടിന് മൂന്നു തവണയും പിഴച്ചില്ല. ഒരു ദിവസമെടുത്ത മൂന്ന് ലോട്ടറിയും അടിച്ചു സ്റ്റീവാർട്ടിന്. അമേരിക്കയിലെ ന്യൂ ജഴ്സിയിലാണു ഈ അപൂർവ സംഭവം. കെട്ടിടമേഖലയിൽ ഡ്രൈവറായി വിരമിച്ച ആളാണ് കഥയിലെ ഭാഗ്യതാരം.
ആഗസ്റ്റ് മാസത്തിലാണ് റോബർട്ട് സ്റ്റീവാർട്ടിന് അഞ്ചു മില്യൻ ഡോളർ ലോട്ടറിയടിച്ചത്. അതായത് ഇന്ത്യൻ രൂപയിൽ 36 കോടിയ്ക്കു മുകളിൽ വരുന്ന തുക. സ്ക്രാച്ച് കാർഡ് ലോട്ടറിയുടെ ജാക്പോട്ട് സമ്മാനമായിരുന്നു ഇത്. ജാക്പോട്ട് കിട്ടിയ സന്തോഷത്തിൽ കടയിലെത്തി വീണ്ടും രണ്ട് ലോട്ടറിയെടുത്തു സ്റ്റീവാർട്ട്. ഭാഗ്യം സ്റ്റീവാർട്ടിന് വിട്ടു പോയിരുന്നില്ല. ആ രണ്ടു ടിക്കറ്റിനും സമ്മാനമടിച്ചു. ഒന്നിന് 500 ഡോളറും മറ്റൊന്നിനു 100 ഡോളറും. രണ്ടാമതു കിട്ടിയ തുകകൾ ചെറുതാണെങ്കിലും തുടർച്ചയായി ഭാഗ്യം സ്റ്റീവാർട്ടിനെ തേടിയെത്തിയ വാർത്ത നാട്ടിൽ അദ്ഭുതമായി.
ആഗസ്റ്റ് രണ്ടാണ് റോബർട്ട് സ്റ്റീവാർട്ടിന്റെ ഭാഗ്യദിനം. പിന്നെയും രണ്ടു മാസം കഴിഞ്ഞ് ഇപ്പോഴാണ് വാർത്ത ന്യൂ ജഴ്സി ലോട്ടറി പുറത്തുവിട്ടത്. ഇതോടെയാണ് ഇദ്ദേഹത്തിന്റെ ഭാഗ്യം ലോകമറിഞ്ഞത്.
ഇതിനു മുൻപ് ഒരിക്കൽ 2500 ഡോളർ സ്റ്റീവാർട്ടിനു സമ്മാനമായി ലഭിച്ചിട്ടുണ്ട്. സമ്മാനമായി ലഭിച്ച തുക കൊണ്ട് തന്റെ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും സഹായിക്കാനാണ് റോബർട്ടിന്റെ തീരുമാനം.