കയ്യിലൊരു വടി, പിടിച്ചത് 30 കിലോ മീൻ; വൈറലായി മീൻപിടുത്തം

അതിരാവിലെ പതിവ് പോലെ ജോഗിങ്ങിന് ഇറങ്ങിയതാണ് മൂന്നംഗ സുഹൃത് സംഘം. അപ്പോഴാണ് ആ കാഴ്ച കണ്ണിൽ ഉടക്കിയത്. വെള്ളം കയറ്റി ഇട്ടിരിക്കുന്ന കുട്ടനാടൻ പാടശേഖരത്തിൽ മീൻ പിടിക്കുന്ന കുറേ നാട്ടുകാർ. കണ്ടപ്പോൾ ഒരു രസം. എന്നാൽ പിന്നെ ഒരു കയ്യ് നോക്കിയാലോ? പക്ഷേ ജോഗിങ്ങിന് ഇറങ്ങിയതല്ലേ. വലയും ചൂണ്ടയുമൊന്നും കരുതിയിട്ടില്ലല്ലോ. ആകെ കയ്യിലുള്ളത് ഫോൺ മാത്രം.

നമ്മുക്ക് രണ്ടും കൽപ്പിച്ച് ഒന്നു ശ്രമിച്ചു നോക്കാമെന്ന് കൂട്ടത്തിലൊരുവൻ. പിന്നെ വൈകിയില്ല കൈയ്യിൽ കിട്ടിയ കമ്പുമെടുത്ത് വെള്ളത്തിലേക്ക് ചാടി. മീനിനെ കണ്ടിടത്തെല്ലാം കമ്പു കൊണ്ട് തല്ലി നോക്കി. ആദ്യമൊന്നും ഏറ്റില്ല. എന്നാലും കിട്ടിയാൽ ഊട്ടി എന്ന് കരുതി പരതി നടന്നും വെള്ളത്തിൽ ചാടി മറിഞ്ഞും എല്ലാം ശ്രമിച്ച് ഒന്നു രണ്ടെണ്ണത്തിനെ ഒപ്പിച്ചു. പതുക്കെ ടെക്നിക്ക് പിടി കിട്ടി തുടങ്ങി. പിന്നെ കാണുന്നതിനെയെല്ലാം കയ്യിലാക്കാൻ കമ്പുമായി മീനുകളുടെ പിന്നാലെ പാഞ്ഞു. 

ഒടുവിൽ പയറ്റി തെളിഞ്ഞ വീരൻമാരെ പോലെ ചറപറാ മീൻ പിടിച്ച് കൂടിലാക്കി. വേറിട്ട മീൻ പിടിത്തത്തിന്റെ ദൃശ്യങ്ങൾ ഫോണിലും പകർത്തി.  ഒടുവിൽ ക്ഷീണിച്ച് മതിയാക്കി തിരിച്ച് വീട്ടിലെത്തി നോക്കിയപ്പോഴോ.. കമ്പുകൊണ്ട് തല്ലി പിടിച്ചത് 30 കിലോയിൽ അധികം മീൻ!  അതും വാളയും ചെമ്പല്ലിയും തിലോപ്പിയയും അടക്കമുള്ള മീനുകൾ.

ആലപ്പുഴ സ്വദേശികളായ ദിലീഷ്, ശ്രീനാഥ്, അരുൺ എന്നിവരാണ് ഈ മൂവർ സംഘം. ദിലീഷിന് സ്റ്റുഡിയോയാണ്. ശ്രീനാഥ് ഹോട്ടലും അരുൺ ഹൗസ് ബോട്ട് സർവീസും നടത്തുന്നു. ദിലീഷാണ് രസകരമായ മീൻ പിടിത്തത്തിന്റെ വീഡിയോ പകർത്തി യൂട്യൂബിൽ പങ്കുവച്ചത്. 

എന്തായാലും ജോഗിങ്ങിന് ഇറങ്ങി കിലോക്കണക്കിന് മീനുമായി മടങ്ങി വീട്ടുകാരുടെ കണ്ണു തള്ളിച്ചതിന്റെ ത്രില്ലിലാണ് മൂവരും.