മണ്ഡപത്തിൽ നിന്ന് വരനെ പിടിച്ചിറക്കി വധുവിന്റെ വീട്ടുകാർ മർദ്ദിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവാഹദിവസം ഇത്രയും ക്രൂരമായ മർദനം എന്തിനെന്ന് സംശയം സമൂഹമാധ്യമങ്ങളിലൂടെ പലരും ഉന്നയിക്കുകയും ചെയ്തു. എന്നാൽ കാര്യമറിഞ്ഞതോടെ വരന് കിട്ടിയത് ഒട്ടും കുറവല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹത്തിന് ഒരുങ്ങിയതിനാണ് വധുവിന്റെ വീട്ടുകാർ ഇയാളെ മർദ്ദിച്ചത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. വിവാഹദിവസം യുവാവിന്റെ ഭാര്യയും ബന്ധുക്കളും മണ്ഡപത്തിൽ എത്തിയതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. കാര്യമറിഞ്ഞതോടെ വധുവിന്റെ ബന്ധുക്കൾ പ്രകോപിതരാവുകയും വരനെ പിടിച്ചിറക്കി അടിക്കുകയുമായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഇയാളുമായി വിവാഹം കഴിഞ്ഞിരുന്നു എന്നാണ് യുവതി വാദിച്ചത്. 2012 മുതലുള്ള പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹമെന്നും യുവതി അറിയിച്ചു. യുവാവ് ഇത് നിഷേധിച്ചു. എന്നാൽ യുവതി തെളിവുകൾ നൽകിയതോടെ ഇയാളുടെ കള്ളി വെളിച്ചത്തായി. ഇരുവരും വിവാഹിതരായതിന്റെ രേഖകൾ യുവതിയുടെ കൈവശമുണ്ടായിരുന്നു. ഇതോടെയാണ് യുവാവിനെ വധുവിന്റെ ബന്ധുക്കൾ മർദ്ദിച്ചത്. ഇവരെ പൊലീസ് എത്തിയാണ് പിടിച്ചു മാറ്റിയത്. വരന്റെ ബന്ധുക്കളും ഇയാൾ വിവാഹിതനാണെന്ന കാര്യം അറിഞ്ഞിരുന്നില്ല.
യുവാവ് ഇപ്പോൾ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിൽസയിലാണ്. 20 ലക്ഷം രൂപ നഷ്ടപരിഹാമരമായി വേണമെന്നാണ് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. 2 ലക്ഷം രൂപ പൊലീസ് സ്റ്റേഷനില്‍ വെച്ചു നൽകിയ വരന്റെ കുടുംബം ബാക്കി ഉടനെ നൽകാമെന്നു സമ്മതിക്കുകയും ചെയ്തു.