കളിയാക്കുന്നവർ ഒന്നിനും കഴിവില്ലാത്തവർ; പ്രതിഷേധമറിയിച്ച് കുറിപ്പ്

നീതു ( ടിക് ടോക് വിഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ )

ടിക്ടോക് വിഡിയോ പങ്കുവെച്ച പെൺകുട്ടിയെ കളിയാക്കിയവരെ വിമർശിച്ച് ഹ്രസ്വചിത്ര സംവിധായകൻ ആര്യൻ നിഷാദ്. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂ‌ടെയാണ് ആര്യൻ നിഷാദ് പ്രതിഷേധമറിയിച്ചത്. പരിഹസിക്കാനായിരുന്നു ചിലർക്ക്  തിടുക്കമെന്നും പ്രകടനം വിലയിരുത്തുകയാണെങ്കിൽ ആ കുട്ടി നീതി പുലർത്തിയിട്ടുണ്ടെന്നും ആര്യന്റെ കുറിപ്പിൽ പറയുന്നു.

ഒരു തമിഴ് ഗാനമാണ് പെൺകുട്ടി ടിക്ടോക് ചെയ്തത്. എന്നാൽ ഏതാനും ദിവസങ്ങളായി ഈ  പെൺകുട്ടിയെ പരിഹസിക്കുന്ന തലകെട്ടോ‌‌ടെ വിഡിയോ പ്രചരിക്കുകയാണ്. ഇതിനൊപ്പം ഈ കുട്ടി ചെയ്ത മറ്റു വിഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. പെൺകുട്ടിയെ അപമാനിക്കുന്നവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു. 

കുറിപ്പ് കണ്ട് ആ പെൺകുട്ടി വിളിച്ചിരുന്നതായി ആര്യൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ‘‘സത്യത്തിൽ ഫോണിലൂടെ കരയുകയായിരുന്നു അവൾ. നീതു എന്നാണ് പേര്. ഇന്ന് ആശുപത്രിയിൽ പോകാൻ ഇരുന്നതാണ്. എന്നാൽ ആളുകളുടെ കളിയാക്കലും ചിരിയും സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് പുറത്തിറങ്ങിയില്ലെന്നു നീതു പറഞ്ഞു. എന്നെകൊണ്ടു സാധിക്കുന്ന അവസരങ്ങൾ നീതുവിന് നൽകും’’– ആര്യൻ വ്യക്തമാക്കുന്നു.

ആര്യൻ നിഷാദിന്റെ കുറിപ്പ് :

ഈ കുട്ടി ആരാണ് എന്ന് എനിക്കറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഈ കുട്ടിയെ കളിയാക്കി കൊണ്ട് ഫേസ്ബുക്കിലും, വാട്സ്ആപ്പിലും കുറെ വിഡിയോയും കമന്റ്സും കണ്ടു. എന്തിനാണ് എല്ലാവരും ഇങ്ങനെ കളിയാക്കുന്നത് .നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയാണ് ഇങ്ങനെ ചെയ്തത് എങ്കിൽ നിങ്ങൾകളിയാക്കുമോ.അവർ അവരുടെ രീതിയിൽ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. പിന്നെ സൗന്ദര്യം ആണ് ഉദ്ദേശിച്ചതെങ്കിൽ അത് ഒരു അസുഖം വന്നാൽ തീരും ട്ടോ ആരും നടനോ, നടിയോ ആയി ജനിക്കുന്നില്ല. കളിയാക്കുന്നവർ ഒന്നിനും കഴിവില്ലാത്തവർ ആയിരിക്കും. ഈ കുട്ടിക്ക് എന്റെ കട്ട സപ്പോർട്ട്.ഞാൻ ചെയ്യുന്ന അടുത്ത പ്രൊജക്ടിൽ ഒരു വേഷം ഉറപ്പ് തരുന്നു.... കൂടാതെ ഒരു പ്രദേശിക ചാനലിൽ പെർഫോം ചെയ്യാൻ ഒരു അവസരവും വാങ്ങി തരാം ട്ടാ