കലക്ടർ ബ്രോ എന്ന പേരിൽ മലയാളികള്‍ക്കു സുപരിചിതനായ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് നായർ ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷനായി. മകനേ മടങ്ങി വരൂ എന്ന കുറിപ്പോടെ ഐക്യരാഷ്ട്ര സംഘടന ദുരന്തലഘൂകരണ വിഭാഗം തലവനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പിലാണു ഈ ‘കാണാതാകൽ’ വിവരിച്ചിട്ടുള്ളത്. ഇതോടെയാണു പലരും തങ്ങളുടെ കലക്ടർ ബ്രോയുടെ അസാന്നിധ്യം തിരിച്ചറിയുന്നത്.
കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും കലക്ടർ ബ്രോയെ കാണാത്തിൽ അല്‍പം ആശങ്കയയിലാണെന്നാണും മുരളി തുമ്മാരുകുടി കുറുപ്പിലെഴുതി. ശക്തരിൽ ശക്തനായി ബ്രോ തിരിച്ചുവരുമെന്നും തുമ്മാരുകുടി പറയുന്നു.
എന്നാൽ തന്റെ അകൗണ്ടിന്റെ പേര് ‘ബ്രോ സ്വാമി’ എന്നു മാറ്റിയിരുന്നതായും അതിനുശേഷം ചില സാങ്കേതിക കാരണങ്ങളാലാണു വൈരിഫൈഡ് ഫെയ്സ്ബുക്ക് പേജ് നിർജീവമായതെന്നും എൻ.പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ ഫെയ്സ്ബുക്ക് ഉപയോഗം താൽകാലികമായെങ്കിലും കുറഞ്ഞതിന്റെ സന്തോഷത്തിലാണു ഭാര്യ. മറ്റു സമൂഹമാധ്യമങ്ങളിൽ സജീവമായി തന്നെ കലക്ടർ ബ്രോയുണ്ട്.
നിലപാടുകളും കുറിക്കുകൊള്ളുന്ന മറുപടികളുമായി വളരെ സജീവമാണ് എൻ.പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പേജ്. കോഴിക്കോട് കലക്ടർ ആയിരിക്കെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനും സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രശാന്ത് ഉപയോഗപ്പെടുത്തിയിരുന്നു. ഇക്കാലത്താണ് ഇദ്ദേഹത്തെ കലക്ടർ ബ്രോ എന്ന സ്നേഹത്തോടെ വിളിക്കാനും തുടങ്ങിയത്. കേന്ദ്ര ഉൗർജ മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുകയാണു പ്രശാന്ത്.