‘ചേട്ടാ മടങ്ങി വരണേ’; വൈറലായ ആ ‘വിരഹവിഡിയോ’യുടെ സത്യാവസ്ഥ

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി എന്നു പറഞ്ഞു കണ്ണീരണിഞ്ഞ വിഡിയോ ടിക്ടോകിനു വേണ്ടി ചെയ്തതാണെന്നു വ്യക്തമാക്കി വീട്ടമ്മരംഗത്ത്. പിഞ്ചുകുഞ്ഞുമായി എത്തി ഉപേക്ഷിച്ചു പോയ ഭർത്താവിനോടു തിരികെ വരാൻ ആവശ്യപ്പെടുന്ന വീട്ടമ്മയുടെ വിഡിയോ വൈറലായിരുന്നു. 

എന്നാൽ യഥാർഥ വിഡിയോ ആണെന്നു കരുതി ഇവരെ ആശ്വസിപ്പിച്ചു നിരവധി പേർ രംഗത്തെത്തി. ഇതു കാണുകയാണെങ്കിൽ ഭർത്താവ് തിരികെ വരണമെന്ന് ആവശ്യപ്പെട്ട് പലരും വിഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ വിഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണു യുവതി. ടിക് ടോകിൽ ചെയ്ത ആ വിരഹ വിഡിയോ തന്റെ ജീവിതവുമായി ബന്ധപ്പെട്ടതല്ല എന്നു യുവതി വ്യക്തമാക്കി. 

‘‘പലരും ആശ്വസിപ്പിച്ചു. അപ്പൊ എനിക്കു തന്നെ ഒരു ഫീല്‍ ആളുകളെ പറ്റിക്കുകയോയിരുന്നോ എന്ന്. ഇതെന്റെ വാവയാണ്, ഏഴുമാസം പ്രായമായി. ഞാൻ ചെയ്യുന്ന വിഡിയോയിലൊക്കെ വാവയെ ഉൾപ്പെടുത്താറുണ്ട്. അല്ലാതെ ലൈക്കിനും ഷെയറിനും വേണ്ടിയിട്ടല്ല. ഞാനൊരു വീട്ടമായാണ്, ഈ ഫോട്ടോയില്‍ കാണുന്ന ആളാണ് എന്റെ ഭർത്താവ്. വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമായി. ഞാനിതു പറയാൻ വേണ്ടി മാത്രമാണു വീണ്ടും ടിക്ടോകിൽ വന്നത്.’’ യുവതി പറഞ്ഞു. 

കണ്ണീരണിഞ്ഞെത്തിയ യുവതിയുടെ ആദ്യ വിഡിയോ ലക്ഷകണക്കിന് ആളുകളാണു കണ്ടത്. ഏട്ടാ ഞാൻ ചത്തു പോയിട്ടൊന്നുമില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു ആദ്യ വിഡിയോ. ‘‘എപ്പോഴെങ്കിലും തിരിച്ചു വരാൻ തോന്നുന്നെങ്കിൽ വരണം. അത്രയ്ക്കു ഇഷ്ടമായതു കൊണ്ടല്ലേ ഞാൻ പറയണേ. നമ്മുടെ മോനു വേണ്ടി തിരിച്ചുവരണം. ഇൗ വാവാച്ചിയുടെ മുഖത്തേക്കു നേക്കിയേ.. ഇപ്പോ വരാൻ തോന്നുന്നില്ലേ എന്റെ ഏട്ടന്, ഇപ്പൊ വരാൻ തോന്നുന്നില്ലേ എന്റെ ഏട്ടന്. വന്നേക്കണേ ഏട്ടാ. ഞങ്ങൾക്കു വേറെ ആരും ഇല്ലാത്തതുകൊണ്ടാ’’– യുവതി പറഞ്ഞു. 

ഇവരെ ആശ്വസിപ്പിച്ചു നിരവധി പേർ രംഗത്തെത്തി. ചിലർ ഇത് അഭിനയമാണെന്നു പറഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ സംശയമായി. ഇത് അഭിനയമാണെങ്കിൽ തങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആശ്വസിപ്പിക്കാൻ രംഗത്തെത്തിയവർ‌ വിമർശനം ഉയര്‍ത്തി.  ഇതിനു പിന്നാലെയാണു നിജസ്ഥിതി വ്യക്തമാക്കി യുവതി ടിക്ടോകിലെത്തിയത്.

എന്നാല്‍ അഭിനയമായിരുന്നുവെന്നു വ്യക്തമാക്കിയതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കനത്തു. വൈറലാവുന്നതിനു പൊതുസമൂഹത്തെ വിഡ്ഢികളാക്കുന്ന പ്രവണത സമീപകാലത്തായി വർധിച്ചു വരികയാണ്. കാമുകൻ ഉപേക്ഷിച്ചു പോയെന്നു പറഞ്ഞ് പ്രത്യക്ഷപ്പെട്ട ഒരു പെൺകുട്ടിയുടെ വിഡിയോ പിന്നീട് വൈറലാകുന്നതിനു വേണ്ടി ചെയ്തതാണെന്നു തെളിഞ്ഞിരുന്നു.