പുതുപുത്തൻ ജാക്കറ്റ് ട്രെൻഡ്

ജാക്കറ്റുകളിൽ പുതുപുത്തൻ ട്രെൻഡുകൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ആഘോഷാവസരങ്ങളിലും അതുപോലെ നിത്യോപയോഗത്തിലും ഒരുപോലെ ധരിക്കാവുന്ന വിവിധയിനം ജാക്കറ്റുകൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ലൈറ്റ് വെയ്റ്റ് ജാക്കറ്റുകളും ഡസ്റ്റർ കോർട്ടുകളും അക്കൂട്ടത്തിലുണ്ട്. ലൈറ്റ് വെയ്റ്റ് ജാക്കറ്റുകൾക്ക് ഭാരം കുറവാണെങ്കിലും കാഴ്ച്ചയ്ക്ക് സൂപ്പർ സ്റ്റൈൽ തോന്നിക്കും. ജാക്കറ്റുപോലെ ധരിക്കാവുന്ന ഇറക്കംകൂടിയ വെയ്സ്റ്റ് കോട്ടുകളും ലഭ്യമാണ്. സർഫ് ഷോർട്സിനും സിംപിൾ വെസ്റ്റിനുമൊപ്പം ധരിച്ചാൽ ശരീരത്തിനു സുഖവും യുവത്വത്തിന്റെ പ്രതീകവുമാകും. കുറേക്കൂടി സ്റ്റൈൽ വേണമെന്നുള്ളവർക്ക് ആർമി ഷർട്ട് ജാക്കറ്റും തിരഞ്ഞെടുക്കാം. ശരീരത്തിനു ചൂടു പകരുന്നതോടൊപ്പം നല്ല സ്റ്റൈലും അവ നൽകും.

ഡെനിം ജാക്കറ്റുപോലെ അൽപം കൂടി വെയ്റ്റുള്ള ജാക്കറ്റും താൽപര്യമുള്ളവർക്ക് തിരഞ്ഞെടുക്കാം. ബോംബേഴ്സ്, റഡാർ തുടങ്ങിയ പേരുകളിലും ജാക്കറ്റുകൾ പലകാലങ്ങളിലായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇനി ജാക്കറ്റുകൾ എന്നു കേൾക്കുമ്പോൾ ഒറ്റനിറത്തിൽ മാത്രമാണെന്നും കരുതേണ്ട. വരകളുള്ള ജാക്കറ്റുകളും ധാരാളം വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു. തോളിനു മുകളിൽ നിൽക്കുന്നതും കോളർ ഉള്ളതുമായ ജാക്കറ്റുകളും ലഭ്യമാണ്. ജാക്കറ്റുപോലെ ധരിക്കാവുന്ന റാഷ് ഗാർഡ് ഷർട്ടുകളുമുണ്ട്. തണുത്ത കാലാവസ്ഥയിൽ ചൂടിനെ ചെറുക്കാൻ നൈലോൺ കൊണ്ടു നിർമിക്കുന്ന ഇത് ഒന്നാന്തരമാണ്.