മായക്കാഴ്ചകളിലേക്കു കൊണ്ടുപോകുന്ന മാജിക് ഇഷ്ടമില്ലാത്തവരുണ്ടാകില്ല. അസാധ്യം എന്നു തോന്നുന്ന കാര്യങ്ങളെ ഏറ്റവും സിമ്പിൾ എന്നു തോന്നിപ്പിക്കുന്ന വിധം അവതരിപ്പിക്കലിലാണ് മാജിക്കിന്റെ വിജയം. അതെങ്ങനെ ചെയ്തു എന്നു ചിന്തിച്ചു തുടങ്ങുമ്പോഴേക്കും അവസാനിക്കുകയും ചെയ്യും. പലവിധത്തിലുള്ള മാജിക്കുകളും കണ്ടിട്ട് നമുക്കും അതുപോലെ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്നു ചിന്തിച്ചിട്ടില്ലേ? എന്നാലിതാ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ മാജിക്കിന്റേതാണ്. ഒരു സ്മാർട്ഫോണും തൂവാലയും ഉപയോഗിച്ചുള്ള നല്ല കിടിലന്‍ മാജിക്ക്.
ഒറ്റ നോട്ടത്തിൽ മജീഷ്യൻ ഒരു ചുവന്ന തൂവാല തന്റെ സ്മാർട്ഫോണിനുള്ളിലൂടെ വലിച്ചെടുക്കുന്നതാണ് സംഭവം. കണ്ടാല്‍ ഫോണിന് ഇപ്പുറത്തു നിന്നും തൂവാല ഉള്ളിലൂടെ കൊണ്ടുപോയി അപ്പുറത്തെ ഭാഗത്ത് എത്തിക്കുന്നുവെന്ന തോന്നൂ. അവിശ്വസനീയം അല്ലേ?
എന്നാൽ, തന്റെ മാജിക്കിന്റെ രഹസ്യം കക്ഷി വിഡിയോയിലൂടെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തൂവാല ഒരിക്കലും ഫോണിനുള്ളിലൂടെ കടത്തുകയല്ല ചെയ്യുന്നത്. സെല്ലോടേപ്പിന്റെ ഒരു ചെറിയ പീസ് എടുത്ത് ഫോണിനു മധ്യത്തിലായി ഒട്ടിക്കും. ഇനി അതിനുള്ളിലൂടെയാണ് തൂവാല കടത്തിവിടുന്നത്. എത്ര സമർഥമായാണ് മജീഷ്യൻ കാഴ്ചക്കാരെ പറ്റിച്ചതെന്നു ചുരുക്കം.
വിഡിയോ കണ്ടവരിൽ പലരും മജീഷ്യനെ പുകഴ്ത്തുകയും വിമർശിച്ചും രംഗത്തെത്തി. സംഗതി ഉഗ്രനായിട്ടുണ്ട്, ഇനി തങ്ങളും ഇതു പരീക്ഷിക്കും എന്നും ചിലർ പറഞ്ഞപ്പോൾ മജീഷ്യൻ തങ്ങളെ അക്ഷരാർഥത്തിൽ വിഡ്ഢികളാക്കുകയാണ് ചെയ്തതെന്നു പറഞ്ഞവരും കുറവല്ല. എന്തായാലും ദിവസങ്ങൾക്കകം തന്നെ വിഡിയോയ്ക്കു ലഭിച്ച സ്വീകരണം ചെറുതൊന്നുമല്ല.