അനുവാദമില്ലാതെ വെള്ളം കുടിച്ചു; യുവാവിന് ഒാടുന്ന ട്രെയിനിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദനം

യൂട്യൂബിൽ നിന്നുള്ള ദൃശ്യം

സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനും മനസുള്ളവർ നാൾക്കുനാൾ കുറഞ്ഞു വരികയാണ്. സഹായം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുന്നത് അവരോടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമായിരിക്കും. മനസാക്ഷിയുള്ളവരെയൊക്കെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇന്നു പുറത്തു വന്നിരിയ്ക്കുന്നത്. അനുവാദമില്ലാതെ സഹയാത്രികന്റെ വെള്ളം എടുത്തു കുടിച്ചതിന് ഒരു യുവാവിനു നൽകിയിരിയ്ക്കുന്ന ശിക്ഷ എന്താണെന്നോ? ഓടുന്ന ട്രെയിനിൽ പാതി വിവസ്ത്രനാക്കി കെട്ടിയിട്ട് ക്രൂരമർദ്ദനം.

മധ്യപ്രദേശിലെ ഇറ്റാര്‍സി ജില്ലയിലാണ് സംഭവം. സുമിത് എന്ന യുവാവാണ് ക്രൂരമർദ്ദനത്തിനിരയായത്. സുമിത്തിന്റെ പിതാവ് രഘുനാഥ് കാച്ചി അടുത്തിരുന്നയാളുടെ കുപ്പിയിലെ വെള്ളം അനുവാദം ചോദിയ്ക്കാതെ എടുത്തു കുടിച്ചതിനായിരുന്നു മർദ്ദനം. പാന്റ്സ് അഴിച്ചുമാറ്റി സുമിത്തിനെ ‌ട്രെയിനിൽ കെട്ടിയിട്ട് ബെൽറ്റുപയോഗിച്ചു ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇക്കഴിഞ്ഞ 25നു രാത്രി പതിനൊന്നോടെ ലോക്മാന്യ തിലക് ടെർമിസ് ട്രെയിനിലാണു സംഭവം നടന്നത്.

നാലുമണിക്കൂറോളം സുമിത് അതേ അവസ്ഥയിൽ ട്രെയിനിൽ നിന്നുവെന്നുവാണു റിപ്പോർട്ട്. മറ്റൊരു സ്റ്റേഷനിലെത്തിയപ്പോഴും മൂന്നുപേരും ചേർന്നു സുമിത്തിനെ മർദ്ദിച്ചിരുന്നു. ഇതിനിടയിൽ സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് സുമിത്തിന്റെ സഹായത്തിനെത്തിയത്. സംഭവത്തിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.