കുഞ്ഞുങ്ങളെ ജീവനെപ്പോലെ സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ, സ്വന്തം ജീവൻ പണയം വച്ചായാലും അവർ മക്കൾക്കു വേണ്ടി നിലകൊള്ളും. നിസ്വാർഥമായി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ അമ്മയെയും അച്ഛനെയുംപോലെ ആർക്കും കഴിയില്ല. നൊന്തു പ്രസവിക്കുന്ന മക്കളെ അത്രത്തോളം ചേർത്തുപിടിച്ചാണ് ഓരോ അമ്മമാരും വളർത്തുന്നത്. എന്നാൽ ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു വിഡിയോ ക്രൂരയായ ഒരമ്മയുടേതാണ്. കരച്ചിൽ നിർത്താതിരുന്ന കുഞ്ഞിനെ ക്രൂരമായ മർദ്ദിക്കുന്ന ഒരമ്മയുടേത്.
ചൈനയിൽ നിന്നും പുറത്തു വന്നിരിക്കുന്ന വിഡിയോക്കെതിരെ പ്രതിഷേധങ്ങൾ വർധിക്കുകയാണ്. കരച്ചിൽ നിർത്താതിരിക്കുന്ന കുഞ്ഞിനെ കാലുകൊണ്ടു തൊഴിച്ചും എടുത്തെറിഞ്ഞുമൊക്കെയാണ് ആ അമ്മ ദേഷ്യം തീർക്കുന്നത്. മാനസികരോഗിയെപ്പോലെ പെരുമാറുന്ന സ്ത്രീ 'നീ കരച്ചിൽ നിർത്തില്ലാ അല്ലേ' എന്നു പറഞ്ഞാണ് കുഞ്ഞിനെ ഉപദ്രവിക്കുന്നത്. സംഭവത്തിൽ പൊലീസ് ഇടപെടുകയും ചെയ്തിട്ടുണ്ട്. അന്നേ ദിവസം താൻ ഒട്ടേറെ സമ്മർദ്ദങ്ങളുടെ പുറകെ ആയിരുന്നുവെന്നും അതിനാൽ നിയന്ത്രണം വിട്ടുപോയതാണെന്നുമാണ് യുവതി പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.
നിർഭാഗ്യകരം എന്നു പറയട്ടെ ഇരുപത്തിയേഴുകാരിയായ ആ ക്രൂരയായ മാതാവിനെ വെറും താക്കീതു നൽകി പൊലീസ് വിട്ടയച്ചുവെന്നാണ് റിപ്പോർട്ടുകൾ കേൾക്കുന്നത്. പൊതുമധ്യത്തിൽ കുഞ്ഞിനെ ഇത്രത്തോളം അപായപ്പെടുത്താൻ ധൈര്യം കാണിച്ച ആ സ്ത്രീ വീട്ടിനുള്ളില്‍ പെരുമാറുന്നത് എങ്ങനെയായിരിക്കുമെന്നോർത്ത് ഭയം തോന്നുന്നുവെന്നാണ് പലരും പ്രതികരിച്ചത്. അതിനിടെ സംഭവം നടന്നപ്പോൾ പ്രതികരിക്കാതെ വിഡിയോ എടുക്കാൻ ശ്രമിച്ചയാൾക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.