പ്രേതത്തിനെ കാമറയിൽ പകർത്താൻ തിടുക്കം കൂട്ടുന്നവർ ഏറെയാണിന്ന്. അവ്യക്തമായ രൂപമെന്തെങ്കിലും പതിഞ്ഞാൽ അതു പ്രേതമോ എന്ന സംശയത്തോടെ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്യും. പിന്നെ പറയേണ്ടല്ലോ പൂരം, പ്രേതത്തെ കാണാൻ ആകാംക്ഷയോടെയെത്തുന്നവരെല്ലാം വിഡിയോയും ഫോട്ടോയും പങ്കുവച്ച് ആ പ്രേതം ഒരൊന്നൊന്നര ഹിറ്റാവുകയും ചെയ്യും. പുതിയ വിശേഷവും ഒരു പ്രേതത്തിന്റേതു തന്നെയാണ്, പക്ഷേ കക്ഷി അത്ര സാധാരണ പ്രേതമല്ല, ക്യൂൻ എലിസബത്ത് 1 ന്റെ പ്രേതമാണ് !.
യുകെ ഗോസ്റ്റ് ഹണ്ട്സിന്റെ സ്ഥാപകൻ കൂടിയായ സ്റ്റീവ് വെസൺ ആണ് ക്യൂൻ എലിസബത്ത് 1 ന്റെ ആത്മാവ് തന്റെ കാമറക്കണ്ണുകളിൽ പതിഞ്ഞെന്ന വാദവുമായി രഗംത്തെത്തിയിരിക്കുന്നത്. നോട്ടിങാംഷെയറിലെ സ്ട്രെല്ലി ഹാൾ സന്ദർശിക്കവേയായിരുന്നു സംഭവം. അവ്യക്തമായൊരു സ്ത്രീരൂപം പത്തു സെക്കന്റോളം ദൃശ്യമായിരുന്നുവെന്നും അത് എലിസബത്ത് 1 രാജ്ഞിയുടെ പ്രേതം ആണെന്നുമാണ് സ്റ്റീവ് വിശ്വസിക്കുന്നത്. ഒഴുകുന്നത്പോലൊരു വസ്ത്രമാണ് ദൃശ്യത്തിൽ തെളിഞ്ഞത്.
ഭരണകാലയളവിൽ എലിസബത്ത് 1 രാജ്ഞി സ്ഥിരം സന്ദർശിച്ചിരുന്ന സ്ഥലമായിരുന്നത്രേ അത്. മാത്രവുമല്ല സന്ദർശനവേളയിൽ രാജ്ഞി ഉറങ്ങാൻ ഉപയോഗിച്ചിരുന്ന മുറിയിൽ നിന്നു തന്നെയാണ് ആ രൂപത്തെ കണ്ടത്. ഇത്തരം കാര്യങ്ങൾ സ്ഥിരം കേൾക്കുന്നയാളാണെങ്കിൽക്കൂടിയും തന്റെ കാമറയിൽ ക്യൂൻ എലിസബത്ത് 1 പതിഞ്ഞ നിമിഷത്തെ ഇപ്പോഴും വിറയലോടെയാണ് ഓർക്കുന്നതെന്ന് സ്റ്റീവ് പറയുന്നു. ഇത്രനാളത്തെയും പരിശ്രമത്തില്‍ ഈ സംഭവത്തെ ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടമെന്നും സ്റ്റീവ് പറയുന്നു.