ടെന്നീസ് കോർട്ടിൽ മാത്രമല്ല പുറത്തും സെറീന വില്യംസിനെ തോല്‍പ്പിക്കാൻ മാത്രം ആരും വളർന്നിട്ടില്ല. അതു വ്യക്തമാക്കുന്നതാണ് അടുത്തിടെ പ്രചരിക്കുന്ന ഒരു വിഡിയോ. തന്റെ മൊബൈല്‍ ഫോണുംകൊണ്ട് കടന്നു കളയാൻ ശ്രമിച്ച മോഷ്ടാവിനെ പിന്നാലെ പോയി കയ്യോടെ പിടികൂടിയിരിക്കുകയാണ് താരം. വിഡിയോ അടക്കം സംഭവമെല്ലാം വിശദീകരിച്ച് ഒരു നെടുനീളൻ പോസ്റ്റും സെറീന ഫേസ്ബുക്കിൽ േപാസ്റ്റ് ചെയ്തിരുന്നു.
റെസ്റ്റോറന്റിലിരിക്കുകയായിരുന്നു സെറീനയും സുഹൃത്തും. തൊട്ടടുത്ത കസേരയിലാണു ഫോൺ വച്ചിരുന്നത്. സമീപത്തായി ഒരപരിചിതൽ നിൽക്കുന്നത് ശ്രദ്ധിക്കണമെന്ന് നേരത്തെ സുഹൃത്തു പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പോകുന്നതു കണ്ടു, കസേരയിൽ ഫോണും കാണാനില്ല. ഫോണ്‍ പോയെന്ന് അലറി വിളിച്ച് ആളെക്കൂട്ടാനൊന്നും സെറീന നിന്നില്ല, പകരം മോഷ്ടാവിന്റെ പിന്നാലെ കൂടി. പക്ഷേ ചീത്തവിളിക്കാനൊന്നും നിന്നില്ല കേട്ടോ പകരം മാന്യമായിത്തന്നെ ചോദിച്ചു താങ്കള്‍ അറിയാതെ എന്റെ ഫോൺ എടുത്തുവെന്നു തോന്നുന്നു അതു തിരിച്ചു തരൂ എന്ന്. അയാൾ അതു പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ആശയക്കുഴപ്പത്തിലായപ്പോൾ തെറ്റായി എടുത്തുപോയതാണെന്നു പറഞ്ഞു മാപ്പും പറഞ്ഞു കക്ഷി പോയി.
തന്റെ ഉള്ളിലെ സൂപ്പർ ഹീറോ ഉണര്‍ന്നതിനാലാണ് ഫോൺ തിരികെ കിട്ടിയതെന്നാണ് സെറീന പറയുന്നത്. എല്ലായ്പ്പോഴും നിങ്ങളുടെ ഉള്ളിലുള്ള സൂപ്പർ ഹീറോയെ ശ്രദ്ധിക്കൂ എന്നും ശരിയെന്നു തോന്നുന്നതിനു വേണ്ടി പോരാടി സൂപ്പർ ഹീറോ ആകുവാനുമാണ് സെറീന പറയുന്നത്. തന്റേത് സ്ത്രീകൾക്കു വേണ്ടിയുള്ള വിജയമായിരുന്നു. ഒരു സ്ത്രീയാണെന്നു കരുതി വെല്ലുവിളികളെ നേരിടാൻ ഭയക്കരുത്. ഇരയാകുവാതെ ഹീറോ ആകൂ എന്നു കൂടി പറഞ്ഞാണ് സെറീനയുടെ ഫേസ്ബുക്ക് േപാസ്റ്റ് അവസാനിക്കുന്നത്.