ലോകത്തെ പ്രധാന സംഭവവികാസങ്ങളെല്ലാം ഇന്ന് നിയന്ത്രിക്കുന്നത് ഇന്റര്‍നെറ്റ് ആണ്. ഓണ്‍ലൈനിലൂടെയുള്ള സമ്മര്‍ദ്ദമാണ് നിര്‍ണായകമായ പല രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിലും അവിഭാജ്യഘടകമായി മാറുന്നത്. നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ ടീം അദ്ദേഹത്തിന്റെ ഇമേജ് പ്രൊമോഷനു വേണ്ടി നടത്തിയ കാര്യങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി. അറിയാതെയും അറിഞ്ഞും സംഭവിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഓരോ നീക്കവും ഇന്റര്‍നെറ്റില്‍ വൈറലാക്കാന്‍ സിസ്റ്റമാറ്റിക്കായ പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികളുണ്ട് ഇന്ന്.
ഫ്രാന്‍സിലെ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ അഴിമതിയില്‍ മുങ്ങിയപ്പോള്‍ അവിടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബറാക് ഒബാമ വരണമെന്ന് ആവശ്യപ്പെട്ട് വന്‍ കാംപെയ്ന്‍ തുടങ്ങിയിരുന്നു. ഒബാമ 2017 കാംപെയ്ന്‍ എന്ന പേരില്‍ ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗം തന്നെ തീര്‍ത്തു. ഇത്തരമൊന്ന് ഇന്ത്യയില്‍ വൈറലാക്കാനുള്ള ശ്രമത്തിലാണ് ചിലര്‍.
യുദ്ധം മോദിയും തരൂരും
യുപിയില്‍ എട്ടുനിലയില്‍ പൊട്ടിയതോടെ കോണ്‍ഗ്രസിനകത്തു തന്നെ രാഹുല്‍ ഗാന്ധിയുടെ മാര്‍ക്കറ്റ് ഇടിഞ്ഞിരിക്കുകയാണ്. അതിനു തൊട്ടുപിന്നാലെ ഒരു തിരുവനന്തപുരം സ്വദേശി പ്രമുഖ വെബ്‌സൈറ്റായ ചേഞ്ച്‌ഡോട്ഓര്‍ഗിലൂടെ ഒരു കാംപെയ്‌ന് തുടക്കമിട്ടു. അതാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളുടെയെല്ലാം പ്രധാന ചര്‍ച്ചാ വിഷയം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ശശി തരൂര്‍ (ഡോ. ശശി തരൂര്‍ ആസ് യുപിഎസ് പ്രൈം മിനിസ്റ്റര്‍ കാന്‍ഡിഡേറ്റ് ഫോര്‍ 2019 ഇലക്ഷന്‍സ്) എന്നാണ് ചേഞ്ച്‌ഡോട്ഓര്‍ഗ് വെബ്‌സൈറ്റില്‍ സമര്‍പ്പിച്ച പെറ്റിഷന്റെ ടൈറ്റില്‍. ഇതിനോടകം തന്നെ 10,000ത്തിനടുത്ത് പേര്‍ പെറ്റിഷനില്‍ സൈന്‍ ചെയ്തു കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ ഇതിനെ പ്രൊമോട്ട് ചെയ്യാന്‍ വ്യാപക ശ്രമങ്ങളാണ് നടക്കുന്നത്.
2019ലെ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി ഞങ്ങള്‍ ശശി തരൂരിനെ നോമിനേറ്റ് ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രതിപക്ഷത്തെ പുനരുജ്ജീവിപ്പിക്കാനും ഇത് ആവശ്യമാണ്. അന്താരാഷ്ട്ര, ദേശീയ വിഷയങ്ങളില്‍ ഒരു പോലെ ഗ്രാഹ്യമുള്ള ആളാണ് തരൂര്‍. രാജ്യത്തെ ജനങ്ങളുമായും ലോകനേതാക്കളുമായും ഒരു പോലെ സംവദിക്കാന്‍ അദ്ദേഹത്തിനാകും-പെറ്റിഷനില്‍ പറയുന്നു.
2013 വരെ ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള ഇന്ത്യന്‍ രാഷ്ട്രീയനേതാവായിരുന്നു തരൂര്‍. പിന്നീട് നരേന്ദ്ര മോദി അദ്ദേഹത്തെ മറികടന്നു. ഇപ്പോള്‍ തരൂരിന് 4.9 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ട്വിറ്ററിലുള്ളത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കാകട്ടെ ആകെയുള്ളത് 1.7 ദശലക്ഷം ഫോളോവേഴ്‌സും.
ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ വാഴ്ച്ചയ്‌ക്കെതിരെ തരൂര്‍ നടത്തുന്ന പ്രസംഗങ്ങളും എഴുതുന്ന ലേഖനങ്ങളും ഇന്റര്‍നെറ്റില്‍ വൈറലാകാറാണ് പതിവ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അദ്ദേഹം അല്‍ജസീറ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനം ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ച ആയിരുന്നു.