Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുറ്റുമുള്ളവരെ കാശുണ്ടാക്കാന്‍ പഠിപ്പിക്കും ഈ ചെറുപ്പക്കാരൻ

Midhun ഹൈബി ഈഡനില്‍ നിന്ന് മിഥുന്‍ കര്‍മക്ഷേത്ര പുരസ്‌കാരം സ്വീകരിക്കുന്നു

നല്ല പ്രൊഫഷണല്‍ കമ്പനികളില്‍ മികച്ച ജോലി കിട്ടി ജീവിതം സുഗമമായി മുന്നോട്ടു പോകുമ്പോഴും ചിലര്‍ അസ്വസ്ഥരായിരിക്കും. അപ്പോഴാകും അവര്‍ തിരിച്ചറിയുക, 'ദിസ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ' എന്ന്. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സംരംഭകത്വമെന്ന അഭിനിവേശം അപ്പോഴാകും അവര്‍ പൂര്‍ണ അർഥത്തില്‍ തിരിച്ചറിയുക. ഇതുതെന്നയാണ് കൊച്ചി സ്വദേശിയായ മിഥുന്‍ ഗിരീശന്റെയും ജീവിതത്തില്‍ സംഭവിച്ചത്. 

ആ സ്പാര്‍ക്ക് തിരിച്ചറിഞ്ഞതാണ് മിഥുന്‍സ് മണി മാര്‍ക്കറ്റ് എന്ന സംരംഭത്തിലൂടെ മറ്റുള്ളവരെ സ്വന്തം കാലില്‍ നിന്ന് വിജയം നേടാന്‍ പഠിപ്പിക്കുന്ന തലത്തിലേക്ക് മിഥുനെ എത്തിച്ചത്. പണമില്ലാത്തവന് നല്‍കേണ്ടത് പണമല്ല, മറിച്ച് പണമുണ്ടാക്കാനുള്ള വിദ്യ പകരുകയാണ്- ഇതാണ് മിഥുന്റെ ഫിലോസഫി. ഈ ആശയത്തിലധിഷ്ഠിതമാണ് ഈ യുവാവിന്റെ സംരംഭകത്വ ജീവിതവും. 

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍ഐടി)യില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലാണ് മിഥുന്‍ ഗിരീശന്‍ ബിരുദം നേടിയത്. അതിനുശേഷം വന്‍കിട കമ്പനികളായ യുഎസ്ടി ഗ്ലോബല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തുടങ്ങിയവയില്‍ ജോലി ചെയ്തു കുറേ വര്‍ഷങ്ങള്‍. ധനകാര്യ മേഖലയിലെ വമ്പന്‍ കമ്പനികളുമായി ഇടപെടലുകള്‍ നടത്തി. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ എംബിയെയും നേടി. അങ്ങനെ കരിയര്‍ സുഗമമായി മുന്നോട്ടു പോകുമ്പോഴാണ് ടിസിഎസില്‍ നിന്നും ജോലി രാജിവെച്ച് ഇനി സ്വന്തം കാലില്‍ നില്‍ക്കാമെന്ന് താന്‍ തീരുമാനിച്ചതെന്ന് മിഥുന്‍ പറയുന്നു. 

Midhun

മീന്‍ നല്‍കിയില്ല, മീന്‍ പിടിക്കാന്‍ പഠിപ്പിക്കുന്നു

വിശക്കുന്നയാള്‍ക്ക് മീന്‍ നല്‍കുകയല്ല, അയാളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുകയാണ് ക്രിയാത്മകമായി ചെയ്യേണ്ട കാര്യമെന്നാണ് ഈ യുവാവ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ സംരംഭകത്വം പരീക്ഷിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ നിന്നെല്ലാം വിഭിന്നമായ ഓഹരി വ്യാപാരത്തിലും നിക്ഷേപത്തിലുമായിരുന്നു. അങ്ങനെയാണ് 'മിഥുന്‍സ് മണി മാര്‍ക്കറ്റ്' എന്ന സംരംഭത്തിന്റെ ജനനം. 

ഓഹരി വ്യാപാരത്തിന്റെ മായാജാലത്തിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്താമെന്ന് വിശ്വസിക്കുന്നു മിഥുന്‍. ട്രേഡിങ്ങിന്റെ ശാസ്ത്രീയ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നേടി. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ നിന്നും പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നുമെല്ലാം ഓണ്‍ലൈനായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി തന്റെ വൈദഗ്ധ്യത്തിന് മിഥുന്‍ മൂര്‍ച്ച കൂട്ടുകയും ചെയ്യും. ഇതിനു പുറമെ സിംഗപ്പൂരില്‍ നിന്നും വിദേശ ഓഹരിവിപണികളിലെ നിക്ഷേപത്തെക്കുറിച്ചും അതിന്റെ സാങ്കേതിക തലങ്ങളെക്കുറിച്ചും വിദഗ്ധ പരിശീലനവും നേടി. 

തുടര്‍ന്നാണ് 2013ല്‍ മിഥുന്‍സ് മണി മാര്‍ക്കറ്റ് എന്ന സംരംഭത്തിലൂടെ ജീവിതത്തിലെ പുതിയ ഇന്നിങ്‌സ് തുടങ്ങിയത്. പണം സമ്പാദിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ളവരാണ് മലയാളികള്‍ എങ്കിലും ഓഹരി വ്യാപാരത്തിലൂടെ എങ്ങനെ ധനികരാകാം എന്നതിനെക്കുറിച്ച് അത്ര വശമില്ലാത്തവരാണ് മിക്കവരും. ആര്‍ക്കും വേണ്ടി വ്യാപാരം നടത്തുകയോ ആര്‍ക്കും പണം നല്‍കുകയോ ചെയ്യാതെ എങ്ങനെ ഓഹരി വ്യാപാരത്തിലൂടെ സമ്പത്തുണ്ടാക്കം എന്ന് ലളിതമായി പരിശീലിപ്പിക്കുക മാത്രമാണ് മിഥുന്‍ തന്റെ സംരംഭത്തിലൂടെ ചെയ്യുന്നത്. ഇതിനായി സാങ്കേതികവിദ്യയെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തുടര്‍ന്നുള്ള എല്ലാ ഘട്ടങ്ങളിലും മെന്റര്‍ എന്ന നിലയില്‍ പൂര്‍ണ പിന്തുണയും ഞാന്‍ നല്‍കുന്നു-മിഥുന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. 

പണത്തിനു വേണ്ടിയാവരുത് ജോലി!

പണം നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന അവസ്ഥയാണ് വേണ്ടത്, അല്ലാതെ പണത്തിനു വേണ്ടി നിങ്ങള്‍ ജോലി ചെയ്യുന്നതല്ല. ശരിയായി പഠനം നടത്തിയാല്‍ വീട്ടില്‍ പാര്‍ട് ടൈമായി ഓഹരി വ്യാപാരത്തിലൂടെ മികച്ച നേട്ടം കൊയ്യാം- മിഥുന്‍ പറയുന്നു. ഇന്ന് 20 രൂപ വിലയുള്ള ഒരു കമ്പനിയുടെ ഓഹരി 10 വര്‍ഷം കഴിയുമ്പോള്‍ 2000 രൂപയോ 10,000 രൂപയോ ആകുന്നത് എങ്ങനെയാണ്. ഇത് മുന്‍കൂട്ടിക്കാണാനുള്ള വൈദഗ്ധ്യമാണ് ഒരു നിക്ഷേപകനെ വ്യത്യസ്തനാക്കുന്നത്. 

ഇപ്പോള്‍ ദുബായ്, അബുദാബി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും മിഥുന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിത്തുടങ്ങി. മികച്ച പ്രതികരണമാണ് അവിടെയുള്ളവരില്‍ നിന്നും ലഭിക്കുന്നതെന്നും മിഥുന്‍ പറയുന്നു. യുവസംരംഭകര്‍ക്കുള്ള നിരവധി പരിപാടികളില്‍ സജീവസാന്നിധ്യമാകാറുള്ള ഈ ചെറുപ്പക്കാരന് യുവാക്കളുടെ സംരംഭകത്വ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള അംഗീകാരമെന്ന നിലയ്ക്ക് കര്‍മക്ഷേത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 

Read more on: Lifestyle Magazine, Yuva