ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ ഗ്രാമം ആരാമം (ശുചിത്വ ഗ്രാമം ) എന്ന പരിപാടിയില്‍ നിന്നാണ് ഈ ആശയം ലഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി എന്‍റെ കല്യാണവും ഹരിത പ്രോട്ടോക്കോള്‍ ആക്കിയാലോ എന്ന ആലോചന ചിലരുമായി പങ്കുവെച്ചപ്പോള്‍ അവരല്ലാം പറഞ്ഞത് ഒരേഒരു വാചകമായിരുന്നു '' ബിരിയാണി വാഴയിലയില്‍ വിളമ്പേ ! അത് ഭയങ്കര ബോറാകും ട്ടോ , ഞമ്മക്ക് പഴയ രീതി തന്നെ മതീട്ടോ ?
പക്ഷേ എന്‍റെ അടുത്ത കൂട്ടുകാരോട് ഇതേക്കുറിച്ചു പറഞ്ഞതും അവരിതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു , പിന്നെ ഇതു നടപ്പിലാക്കാന്‍ എന്നെക്കാള്‍ ആവേശം അവര്‍ക്കായി അങ്ങനെ നാട്ടിലെ ആദ്യ ഹരിത പ്രോട്ടോക്കോള്‍ കല്യാണം 'കൂക്കു ഗ്രൂപ്പ്' എന്ന എന്‍റെ പ്രിയ സുഹൃത്തുക്കള്‍ ഏറ്റെടുത്തു.
ഡിസ്പോസിബിള്‍ ഗ്ലാസിനു പകരം സ്റ്റീല്‍ ഗ്ലാസാണ് ഉപയോഗിച്ചത്, പ്ളേറ്റിനു പകരം വാഴയിലയിലായിരുന്നു ഭക്ഷണം വിളമ്പിയത്. ആദ്യം സ്റ്റീല്‍ ഗ്ലാസിനു വേണ്ടിയുളള പരക്കം പാലിച്ചായിരുന്നു അവസാനം ഒരു വിധത്തില്‍ അത് ഒപ്പിച്ചെടുത്തു പിന്നെ വാഴയില മലപ്പുറം കുടുംബശ്രീയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഷരീഫ് പാട്ടുപ്പാറ കുടുംബശ്രീക്കാര്‍ വഴിതന്നെ സംഘടിപ്പിച്ചു തന്നു.
![biriyani-1 biriyani-1](https://img-mm.manoramaonline.com/content/dam/mm/ml/style/yuva/images/2017/12/5/biriyani-1.jpg.image.784.410.jpg)
കല്യാണത്തിന് വരുന്നവര്‍ക്ക് ഹരിത പ്രോട്ടോക്കോളിന്‍റെ സന്ദേശങ്ങള്‍ മസ്സിലാക്കുന്നതിനു വേണ്ടി എല്ലായിടത്തും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. കല്യാണത്തിന്‍റെ തലേ ദിവസവും - കല്യാണ ദിവസവുമെല്ലാം ഭക്ഷണം വിളമ്പിയത് വാഴയിലയില്‍ തന്നെയായിരുന്നു.
സാധാരണ ഒരു കല്യാണം കഴിഞ്ഞാല്‍ ശരാശരി 15 മുതല്‍ 25 കവര്‍ വരെ വേസ്റ്റ് ഉണ്ടാകാറുണ്ട് എന്നാല്‍ ഇവിടെ അതൊന്നുമുണ്ടായിരുന്നില്ല ഇലയെല്ലാം ഒരിടത്തു കൂട്ടി വച്ച് അവസാനം ഒരു തെങ്ങിനു തടം കീറി അതില്‍ നിക്ഷേപിച്ചു. അപ്പോഴാണ് സത്യത്തില്‍ പ്ളാസ്റ്റിക്കിന്‍റെയും വേസ്റ്റുകളുടെയും ഭയാനകത എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായത്.
ഒടുവില്‍ ആദ്യം നെറ്റി ചുളിച്ചവരും കളിയാക്കിയവരും ഒക്കെ അഭിനന്ദനവുമായി വന്നപ്പോഴാണ് സത്യത്തില്‍ എനിക്കും ശ്വാസം നേരെവീണത്
(ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിലെ സൂപ്പര്‍വൈസറും ഒതുക്കുങ്ങല്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറിയുമാണ് ജാഫര്‍ പുതുക്കിടി , ഭാര്യ രഹ്ന ഫര്‍ഹീന്‍ തിരൂരങ്ങാടി PSMO കോളേജിലെ അവസാന വര്‍ഷ ചരിത്ര വിദ്യാർഥിനിയാണ് )
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam