'കൗതുകം തോന്നി അത് പോക്കറ്റിലാക്കി, തിരിച്ചറിഞ്ഞപ്പോഴേക്കും കൈപ്പത്തികൾ നഷ്ടപ്പെട്ടിരുന്നു'

നഷ്ടപ്പെട്ട കൈപ്പത്തികൾക്കു പകരം മനക്കരുത്ത് നിറച്ച് അവൾ പറന്നു, ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു

റോഡിൽ കിടക്കുന്ന ‘എന്തോ ഒന്ന്’ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്. ഒരു പതിമൂന്നുകാരിയിൽ കൗതുകം നിറയ്ക്കാൻ അതു മതിയായിരുന്നു. കാഴ്ചയിൽ തോന്നിയ കൗതുകം മൂലം അവളതെടുത്തു ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു. എന്തെന്നറിയാതെ എടുത്തുസൂക്ഷിച്ച ആ വസ്തു ഗ്രനേഡ് ആണെന്നറിഞ്ഞപ്പോഴേക്കും അവൾക്കു തന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ വിധിയെ പഴിച്ചിരിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. നഷ്ടപ്പെട്ട കൈപ്പത്തികൾക്കു പകരം മനക്കരുത്ത് നിറച്ച് അവൾ പറന്നു. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു പറന്ന ആ ഫിനിക്‌സ് പക്ഷിയുടെ പേര് മാളവിക അയ്യർ. 

നഷ്ടങ്ങളോടു പടവെട്ടി അവൾ പറന്നത് വലിയ ലക്ഷ്യങ്ങളിലേക്ക്, മനസ്സിൽ നിറച്ച ഇന്ധനം ആത്മവിശ്വാസവും മനക്കരുത്തും. 2002ൽ സംഭവിച്ച അപകടത്തെ പിന്നിലാക്കി ഒന്നിനു പുറകെ ഒന്നായി നേട്ടങ്ങളുടെ കൊടുമുടി കയറി ചെന്നൈയിൽ ജീവിക്കുന്ന മാളവിക അയ്യർ. ഇരുകൈപ്പത്തികളുമില്ലാതെ കയ്യിലെ പുറത്തേക്ക് ഉന്തിനിൽക്കുന്ന എല്ലും മുറിച്ചുമാറ്റപ്പെട്ട കൈകളുമായി പിഎച്ച്ഡി തീസിസ് തയാറാക്കിയതിലേക്ക് എത്തിനിൽക്കുന്നു, വിധിക്കെതിരെയുള്ള മാളവികയുടെ യുദ്ധം. 

ജീവിതത്തോട് : എന്റെ വഴിക്കു വരൂ 

‘ഈ അപകടത്തിനു ശേഷം കാലുകളും ഇടയ്‌ക്കൊക്കെ എന്നോടു ചെറുതായി പിണങ്ങാറുണ്ടായിരുന്നു. ഇടതുകാൽപാദം ഒരു ചെറിയ കഷണമായി തൂങ്ങിയാടുന്ന സ്ഥിതിയിലായിരുന്നു. കാലിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ ഒന്നും തിരിച്ചറിയാത്ത അവസ്ഥയിലുമായിരുന്നു. ഇപ്പോൾ വലതുകാലും ഇടയ്ക്കിടയ്ക്കു പ്രശ്‌നമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. കാലിൽ മരുന്നു പുരട്ടിയായിരുന്നു രാത്രികൾ തള്ളിനീക്കിയിരുന്നത്. പിഎച്ച്ഡി ചെയ്യുന്ന സമയത്തു ശരീരം എന്റെ ജോലികളോട് ഒട്ടും ഇണങ്ങിയിരുന്നില്ല. മിനിറ്റുകൾക്കുള്ളിൽ കാലിനു വേദന വന്നുതുടങ്ങുകയായിരുന്നു പതിവ്’- ഇരുപത്തിയെട്ടുകാരി മാളവിക പറയുന്നു. എന്നാൽ ഈ പ്രതിസന്ധികൾക്കു മുൻപിൽ തോൽക്കാൻ അവൾ തയാറായിരുന്നില്ല. വേദന സഹിക്കാൻ കഴിയാതാകുമ്പോൾ കുറച്ചുസമയം വിശ്രമിക്കുകയും പിന്നീട് തന്റെ ജോലി തുടരുകയും ചെയ്തു. 

 വിധിയോട്: തോൽക്കാൻ എനിക്കു മനസ്സില്ല 

തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു മാളവികയുടെ ജനനം. തുടർന്നുള്ള ജീവിതം രാജസ്ഥാനിലെ ബീക്കാനിറിലും. അവിടെവച്ചാണ് ആ അപകടം അവളെ തേടിയെത്തുന്നത്. പത്താം ക്ലാസിലെ പരീക്ഷയ്ക്കു നേടിയ വിജയമായിരുന്നു പിന്നീടുള്ള നേട്ടങ്ങളുടെ പട്ടികയിൽ മാളവിക ആദ്യം എഴുതിച്ചേർത്തത്. പ്രൈവറ്റായി പത്താം ക്ലാസ് പരീക്ഷയെഴുതാൻ അവൾ മറ്റൊരാളുടെ സഹായവും തേടിയിരുന്നു. ആ വർഷം പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ ഒന്നാം സ്ഥാനം മാളവിക സ്വന്തമാക്കി. 

പിഎച്ച്ഡി നേടിയ ഫോട്ടോയും വാർത്തയും മാളവിക ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. മണിക്കൂറുകൾകൊണ്ട് മാളവികയുടെ നേട്ടം വൈറലായി. പിഎച്ച്ഡി തീസിസ് തയാറാക്കാൻ മാളവിക തിരഞ്ഞെടുത്തതു വൈകല്യമുള്ള ആൾക്കാർക്കു നേരിടേണ്ടിവരുന്ന അപമാനം എന്ന വിഷയമായിരുന്നു. വൈകല്യമുള്ള വ്യക്തികളോടു സമൂഹം എങ്ങനെ പെരുമാറുന്നു എന്നറിയാൻ ചെന്നൈയിലെ ആയിരത്തോളം ബിരുദ വിദ്യാർഥികളെ അവൾ ഇന്റർവ്യൂ ചെയ്തു. തീസിസിന്റെ ഭാഗമായി, ഏതെങ്കിലും വിധത്തിൽ വൈകല്യം ബാധിച്ചിട്ടുള്ള 10 പേരെയും ഇന്റർവ്യൂ ചെയ്തു. ഈ മാസം പിഎച്ച്ഡി നേടിയ ശേഷം ‘ഞാൻ എങ്ങനെ ഈ തീസിസ് ടൈപ്പ് ചെയ്തു എന്നായിരിക്കും നിങ്ങളുടെ കൗതുകം’ എന്ന മാളവികയുടെ ഫെയ്സ്ബുക്ക് കുറിപ്പ് നിമിഷനേരംകൊണ്ടു വൈറലായി. 

 സമൂഹത്തോട് : മാറി ചിന്തിക്കൂ 

അവർക്കും തനിക്കും നേരിടേണ്ടിവരുന്നത് ഒരേ പ്രശ്‌നങ്ങൾ തന്നെയാണെന്ന് ആ ചർച്ചയിലൂടെ അവൾ തിരിച്ചറിഞ്ഞു. കുറച്ചുനാൾ യുഎസിൽ താമസിച്ചിരുന്നപ്പോൾ മാളവിക തന്റെ കൃത്രിമക്കൈകൾ ധരിച്ചിരുന്നില്ല. പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയെത്തിയപ്പോഴും അതവൾ കരുതിയിരുന്നില്ല. എന്നാൽ അതൊരു വലിയ അബദ്ധമായിരുന്നുവെന്നു വൈകാതെ തിരിച്ചറിഞ്ഞു. ഇന്ത്യയിൽ ചെലവിട്ട രണ്ടു മാസവും തനിക്കു നേരെയുള്ള ആൾക്കാരുടെ നോട്ടം ഏറെ ഞെട്ടിച്ചിരുന്നുവെന്നു മാളവിക പറയുന്നു. അങ്ങനെ വീടിനു പുറത്തേക്കിറങ്ങാതായി. ആഴ്ചകളോളം പൊതുസ്ഥലങ്ങളിലൊന്നും പോയതുമില്ല. 

പിന്നീട് ക്രമേണ സ്വയം മാറ്റം വരുത്തി. മറ്റുള്ളവർ എന്തു കരുതും എന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നു സ്വയം പറഞ്ഞു മനസ്സിലാക്കി. കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിക്കുന്ന വിധത്തിൽ സ്‌കൂൾ പഠനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി വാദിക്കുകയാണു മാളവിക. ഒക്ടോബറിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഇന്ത്യ ഇക്കണോമിക് സമ്മിറ്റിൽ മാളവികയും വേദി പങ്കിട്ടിരുന്നു. ഇന്ത്യൻ മില്ലേനിയൻസിനെക്കുറിച്ചും അവർ എങ്ങനെയാണു മാറ്റങ്ങൾ കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു ഈ വേദിയിൽ മാളവിക സംസാരിച്ചത്. ഇതിനായി എല്ലാ യുവാക്കളുടെയും പിന്തുണ തനിക്കാവശ്യമാണെന്നാണു മാളവികയുടെ അഭിപ്രായം. അതുവഴി ഈ ലോകംതന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവൾ. 

ഐക്യരാഷ്ട്ര സംഘടനയിലെ യൂത്ത് ഫോറത്തിൽ പ്രസംഗിക്കുന്നതിനുള്ള ക്ഷണം ലഭിച്ച മാളവിക അതിനുള്ള തയാറെടുപ്പിലാണിപ്പോൾ. 

Read more: Lifestyle Magazine