Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ ഇനിയും കാട്ടിലെത്തും, പാഡ് എന്നുപോലും കേട്ടിട്ടില്ലാത്ത കോളനിയിലെ സ്ത്രീകളെക്കാണാൻ !

BCM Students ബിസിഎം കോളജ് വിദ്യാർഥികൾ പെരുവന്താനത്തെ ആദിവാസി കുടുംബത്തിനൊപ്പം

അവർ ആറു പേർ, അൽഫോൻസ ജോൺ, അലീന ഷെറിൻ, സാന്റോ തോമസ്, ആവണി രാജൻ, അശ്വതി അനിൽ, ഫാത്തിമ എന്നിവർ ചേർന്ന് കഴിഞ്ഞ ഡിസംബറിൽ ഒരു യാത്ര പോയി. വെറുതെയൊരു യാത്രയായിരുന്നില്ല അത്. അതിനാൽ അവർക്ക് ഒരിക്കൽക്കൂടി അവിടെ പോകേണ്ടി വന്നു. ഇനിയും പോകാനിരിക്കുന്നു. കോട്ടയം ബിസിഎം കോളജിലെ മൂന്നാംവർഷ ബിരുദവിദ്യാർഥികളായ ഈ കൂട്ടികാരികൾ പോയത്, ഇടുക്കിയിലെ പെരുവന്താനം പഞ്ചായത്തു പരിധിയിലെ ഉൾക്കാടുകളിൽ മലപണ്ടാരം ആദിവാസിവിഭാഗത്തിൽപെട്ടവർ താമസിക്കുന്ന കുടിലുകളിലേക്കായിരുന്നു. 

കേട്ടറിഞ്ഞതിനെക്കാളൊക്കെ മോശമായിരുന്നു ആ പാവങ്ങളുടെ ജീവിതസാഹചര്യം. അവരെക്കണ്ടും അവരോടു മിണ്ടിയും കാടിറങ്ങുമ്പോൾ കുട്ടികൾ മനസ്സിലുറപ്പിച്ചു; ഞങ്ങൾ ഇനിയുമെത്തും. ഫെബ്രുവരി എട്ടിന് അവർ വീണ്ടും കാടുകയറി. മനസ്സുനോവിച്ച കാഴ്ചകൾക്ക് തങ്ങളാലാവുന്ന പരിഹാരവുമായിട്ടായിരുന്നു അത്. 

കീറിപ്പറിഞ്ഞ, മുഷിഞ്ഞ വസ്ത്രങ്ങൾക്കു പകരം വൃത്തിയുള്ള കുറച്ചു വസ്ത്രങ്ങൾ, സർക്കാരിന്റെ സപ്ലൈകോ ഭക്ഷണത്തിനപ്പുറത്തേക്കുള്ള ചില രുചികൾ...ഇവയൊക്കെ അവർ കരുതിയിരുന്നു. ചെറുതെങ്കിലും, ആ സമ്മാനങ്ങളിൽ കുട്ടികളുടെ കരുതലും സ്നേഹവും ചാലിച്ചിരുന്നു. ആരോഗ്യപരിപാലനത്തെക്കുറിച്ച് ഊരുമൂപ്പന്റെ സഹായത്തോടെ, കുടിലുകളിലുള്ളവരെ ബോധവൽക്കരിച്ചു. ആർത്തവശുചിത്വം, ഗർഭകാലചര്യ എന്നിവയെക്കുറിച്ചൊക്കെ സ്ത്രീകളോടു സംസാരിച്ചു. 

തിരിച്ചെത്തിയ വിദ്യാർഥിനികൾ വെറുതെയിരുന്നില്ല. കോളനിയിലുള്ളവർക്കു സ്ഥിരമായി സഹായമെത്തിക്കാനുള്ള വഴികൾ തേടി. അവിടെ കണ്ടതും കേട്ടതുമെല്ലാം റിപ്പോർട്ട് ആക്കി അധികൃതർക്കു സമർപ്പിച്ചു. സോഷ്യൽ ഇനിഷ്യേറ്റിവ് ക്ലബ് എന്ന കൂട്ടായ്മയ്ക്കു രൂപം നൽകി. ‘പാഡ്മാൻ’ ചാലഞ്ച് എന്നല്ല, പാഡ് എന്നുപോലും കേട്ടിട്ടില്ലാത്ത കോളനിയിലെ സ്ത്രീകൾ‌ക്കായി സാനിറ്ററി നാപ്കിനുകളും മറ്റുമായി ഇനിയും കാടുകയറാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടുകാരികൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam