കണ്ണിൽമിന്നുന്നു, ആ സ്ത്രീ....

സൂര്യാ ഗോപി

ഗവേഷണവും യാത്രകളും വീട്ടുജോലിയും എഴുത്തും കുഞ്ഞിനെ പരിപാലിക്കലും പിടിവിട്ടുതെറിച്ച് ഭ്രമണം പിഴയ്ക്കുന്നു. സമയം കൈപ്പിടിയിലൊതുങ്ങാതെ വഴുതുന്നു. എനിക്കും നിനക്കും ഉലകിലുള്ളവർക്കുമെല്ലാം ഒരേ മണിക്കൂറുകളാണുള്ളതെന്ന് ഓർമിപ്പിച്ചുകൊണ്ട് ഒരു സ്ത്രീ കണ്ണിൽ മിന്നുന്നു. ഏതു തിരക്കിനിടയിലും, ജലമിറ്റുന്ന ഈറൻ മുടിത്തുമ്പുമായി ആർച്ച് ജനാലയ്ക്കരികിലിരുന്ന് അവർ വായിച്ചുതീർക്കുന്ന പുസ്തകങ്ങളെയോർക്കുന്നു. 

പഴയ പത്രക്കെട്ടുകളെടുക്കാൻ വരുന്ന നാടോടിസ്ത്രീക്കുള്ള നാരങ്ങാവെള്ളവും ഇസ്തിരിക്കാരനു പപ്പടം കൂട്ടിയുള്ള ഊണും കൊടികുത്തിയ തിരക്കിനിടയിലും അവർ മറന്നിട്ടില്ല എന്നത് അദ്ഭുതപ്പെടുത്തുന്നു. മടിച്ചിയെന്നും കൊതിച്ചിയെന്നും കൊഞ്ചിച്ച് പൂച്ചെടികളെ പുണരാനും, ഗർഭിണിപ്പൂച്ചയ്ക്ക് അടുക്കളത്തിണ്ണയിൽ പ്രസവശയ്യ ഒരുക്കാനും അവർ കാണിക്കുന്ന ഉത്സാഹത്തിലേക്കു കണ്ണുമിഴിക്കുന്നു. 

സ്ത്രീയുടെ സൗന്ദര്യമെന്നത്; തിരഞ്ഞെടുക്കാനുള്ള അവളുടെ സ്വാതന്ത്ര്യമാണെന്ന്, അതവൾക്ക് ആരും കൊണ്ടുതരില്ലെന്ന്, അതവൾ നേടിയെടുക്കേണ്ടതാണെന്ന് അവർ മാത്രമാണെനിക്കു പറഞ്ഞുതന്നത്. അതുകൊണ്ടുതന്നെ ആത്മാവില്ലാത്ത ഫെമിനിസ്റ്റ് സെമിനാറുകളുടെ ഓരംപറ്റി ഉറക്കംതൂങ്ങുമ്പോൾ കവിളിൽതട്ടി അവരെന്നെ ചിരിപ്പിക്കുന്നു. 

ദൂരയാത്രകൾ കഴിഞ്ഞുവരുമ്പോൾ അച്ഛൻ അവർക്കു മാത്രമായി നീട്ടുന്ന നെയ്യൂറുന്ന കറുത്ത ഹൽവകൾ കണ്ടുകണ്ടാണ് പ്രണയത്തിൽ എനിക്കിത്രയും വിശ്വാസം വന്നത്. ‘‘പൊടിയും സ്വപ്നങ്ങളും ഒരുപോലെ പടർന്നു വേരാഴ്ത്തും ഇതിൽ. ഇടയ്ക്കിടെ തട്ടണം...’’– പുസ്തങ്ങൾ തുടച്ചുവയ്ക്കുമ്പോൾ അവർ പറയുന്നു.  അമ്മേ... വിഷാദം കനക്കുമ്പോൾ ഞാനവ ഇടയ്ക്കിടെ കുടഞ്ഞു തുടയ്ക്കുന്നു. ആഹ്...! സ്വപ്നങ്ങൾ ചിതറിപ്പറക്കുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam