Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സ് 22, പഠിച്ചത് സർക്കാർ സ്‌കൂളിൽ, ശമ്പളം ലക്ഷത്തിനു മുകളിൽ; ഈ ഇരട്ടകൾ മിടുക്കികളാ..

Twins സ്വാതിയും ശ്വേതയും

ഇന്ത്യൻ ലോ സൊസൈറ്റീസ്(ഐഎൽഎസ്) ലോ കോളജ് പുണെയിൽ പഠനം പൂർത്തിയാക്കുന്നതിനു മുൻപുതന്നെ കോർപ്പറേറ്റ് കമ്പനികളിൽ ലീഗൽ മാനേജർമാരായി ജോലി ലഭിച്ച ഇരട്ടസഹോദരിമാർ, പൊതുവിദ്യാലയത്തിലെ പഠനം ഒരിക്കലും ഉന്നതിയിലെത്താൻ തടസമാകില്ലെന്നു തെളിയിച്ചിരിക്കുകയാണ്. ഫോട്ടോഗ്രഫർ കോന്നി മങ്ങാരം കിഴക്കേതിൽ രതീഷ് സിന്ദൂരിയുടെയും ആർവിഎച്ച്എസ്എസിലെ ഹൈസ്കൂൾ അധ്യാപിക എ. ദീപയുടെയും മക്കളായ സ്വാതി നായരും ശ്വേത നായരുമാണ് 22–ാം വയസിൽ ഒരുലക്ഷത്തിനു മുകളിൽ ശമ്പളം ലഭിക്കുന്ന ജോലിക്കായി കരാർ വച്ചിരിക്കുന്നത്.

സ്വാതി ഐസിഐസിഐ പ്രൊഡൻഷ്യൽ ലൈഫ് ഇൻഷുറൻസിന്റെയും ശ്വേത സിഗ്ന(ടിടികെ) ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെയും ലീഗൽ മാനേജർമാരായാണു ജോലിക്കു കയറുക. പുണെ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത ഇന്റഗ്രേറ്റഡ് ബിഎസ്എൽ, എൽഎൽബി(ബാച്ചിലർ ഓഫ് സോഷ്യോ ലീഗൽ സ്റ്റഡീസ്) അഞ്ചു വർഷ കോഴ്സാണ് ഇവർ പൂർത്തിയാക്കുന്നത്. അവസാന വർഷ പരീക്ഷ ഏപ്രിൽ പകുതിയോടെ ആരംഭിക്കും. ഫലം ജൂൺ 15നു വരുമെങ്കിലും ജൂൺ ഒന്നിനു തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയും. 

ലോ കോളജിലെ എല്ലാ പരീക്ഷകളിലും 10 റാങ്കുകൾക്കകത്ത് ഇവരുടെ പേരുണ്ടായിരുന്നു. രാജ്യാന്തരതലത്തിൽ ഡൽഹിയിലും ഗുജറാത്തിലും നടന്ന മൂട്ട് കോർട്ട് മൽസരത്തിൽ കോളജിനെ പ്രതിനിധീകരിച്ച് സ്വാതിയും ശ്വേതയുമാണു പങ്കെടുത്തത്. ഇംഗ്ലിഷ് കൈകാര്യം ചെയ്യുന്നതിലെ മികവും നിയമ പഠനത്തിലെ മെച്ചവും കണ്ട്,  സർക്കാർ സ്കൂളിലെ മലയാളം മീഡിയത്തിൽ പഠിച്ചവരാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സഹതാപത്തിനുവേണ്ടി പറയുകയാണെന്നും സഹപാഠികളും കോളജ് അധികൃതരും പറഞ്ഞപ്പോൾ അവരെ വിശ്വസിപ്പിക്കാൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നത് ഓർക്കുമ്പോൾ സ്വാതിയുടെയും ശ്വേതയുടെയും മനസ്സിൽ അഭിമാനം നിറയുന്നു. 

കോന്നി ഗവ. ഹയർസെക്കൻ‍ഡറി സ്കൂളിൽ എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാവിഷയത്തിനും എ പ്ലസ് വാങ്ങിയാണ് പ്രാഥമിക പഠനം പൂർത്തിയാക്കിയത്. കോന്നിയിൽ വ്യാപകമായ ആഫ്രിക്കൻ ഒച്ചുകളെക്കുറിച്ചു പഠനം നടത്തി ജൈവ പ്രതിരോധ മരുന്ന്(തുരിശ്–പുകയില കഷായം) കണ്ടെത്തുകയും ഈ റിപ്പോർട്ട് കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനു കൈമാറുകയും ചെയ്തു. 2010ൽ ബെംഗളൂരുവിൽ നടന്ന നാഷനൽ സയൻസ് സെമിനാറിൽ സ്വാതിയാണു പങ്കെടുത്തത് (ഒരാൾക്കു മാത്രമേ അവസരമുണ്ടായിരുന്നുള്ളൂ). നിയമപഠനം കൊണ്ട് വക്കീലാകുന്നതിലുപരി ഉന്നതതൊഴിൽ രംഗത്തെ സാധ്യത മറ്റുള്ളവർക്കു കാട്ടിക്കൊടുക്കുകയാണ് ഈ ഇരട്ടസഹോദരികൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam