എപ്പോഴും സോഷ്യൽ മീഡിയയിൽ നോക്കിയിരിക്കുന്ന സ്വഭാവം പ്രതീഷിനില്ല. പക്ഷേ, നോക്കുമ്പോൾ ഒന്നൊന്നര നോട്ടം നോക്കുമെന്നു മാത്രം. വെറും നോട്ടമല്ല, തെറ്റു കണ്ടുപിടിക്കാൻവേണ്ടി മാത്രമുള്ള നോട്ടം. ഇങ്ങനെ വമ്പൻ കമ്പനികളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി പഠിക്കാനുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണു കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളജ് ഓഫ് എൻജിനീയറിങ്ങിലെ മൂന്നാം വർഷ വിദ്യാർഥിയായ മരട് സ്വദേശി പ്രതീഷ് പി. നാരായണൻ. ഇതുവരെ വാട്സാപ്പിന്റെയും ആൻഡ്രോയിഡിന്റെയുമായി 4 തെറ്റുകൾ പ്രതീഷ് ചൂണ്ടിക്കാണിച്ചു തിരുത്തി. 2 ലക്ഷത്തോളം രൂപ പ്രതിഫലവും കിട്ടി.
തെറ്റുകൾ തിരുത്തപ്പെടണം
വമ്പൻ ടെക് കമ്പനികൾക്കും ചെറിയ പിഴവുകൾ വരാം. ഡിവൈസുകളെത്തന്നെ തകർക്കുന്നതാണ് ഈ കുഞ്ഞൻ തെറ്റുകൾ. ഇവ കണ്ടെത്തി കമ്പനിക്ക് അയച്ചുകൊടുക്കുകയാണു പ്രതീഷ് ചെയ്യുന്നത്. പ്രശ്നങ്ങൾ കൃത്യമാണെന്നു മനസ്സിലായാൽ കമ്പനി തെറ്റുകൾ തിരുത്തും. തെറ്റുകൾ ചൂണ്ടിക്കാട്ടിയവർക്കു പ്രതിഫലവും നൽകും. പ്രശ്നം പരിഹരിക്കപ്പെട്ടോ എന്നു നോക്കാൻ നമ്മോടുതന്നെ ആവശ്യപ്പെടുകയാണ് സാധാരണ കമ്പനികൾ ചെയ്യുന്നതെന്നു പ്രതീഷ് പറയുന്നു.
ലോകത്ത് ടെക് രംഗത്തുള്ള ഒട്ടേറെ വിദ്യാർഥികളും പ്രഫഷനലുകളും ഈ മേഖലയിലുണ്ട്. ബഗ് ഹണ്ടേഴ്സ് എന്നാണ് ഇവരുടെ കമ്യൂണിറ്റി അറിയപ്പെടുന്നത്. എന്നാൽ രാജ്യത്ത് ഹണ്ടേഴ്സിന്റെ എണ്ണം വളരെ കുറവാണ്. കേരളത്തിൽ നിന്നുള്ള ഹണ്ടേഴ്സിന്റെ എണ്ണവും ആശാവഹമല്ല. കൂടുതൽ വിദ്യാർഥികൾ ഈ മേഖലയിലേക്കു വരണമെന്നും പ്രതീഷ് പറയുന്നു.
ആദ്യം ആൻഡ്രോയ്ഡിൽ
പ്രത്യേക തെലുങ്ക് കാരക്ടർ ഉള്ള മെസേജ് അയച്ചാൽ ഫോൺ ഹാങ് ആവുന്ന പ്രശ്നം ഒരുകാലത്ത് ഐഫോണിലുണ്ടായിരുന്നു. എന്നാൽ ഐഫോൺ ഈ പ്രശ്നം പരിഹരിച്ചു. ഇതേ തരത്തിലുള്ള പ്രശ്നം ആൻഡ്രോയ്ഡിലുമുണ്ടെന്നു പ്രതീഷ് കണ്ടെത്തി. ഈ പ്രത്യേകതരം കാരക്ടർ വാട്സാപ്പിലൂടെ അയച്ചാൽ ഫോൺ തന്നെ നശിച്ചേക്കാമെന്നായിരുന്നു പ്രതീഷിന്റെ കണ്ടെത്തൽ. റീസെറ്റ് ചെയ്താലും ഡേറ്റ മുഴുവൻ നഷ്ടമാകുന്ന ഈ പ്രശ്നം ഒക്ടോബർ അപ്ഡേറ്റിൽ ഗൂഗിൾ പരിഹരിച്ചു. ആൻഡ്രോയ്ഡ് ഡിവൈസുകളെ തകർക്കുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയതിനു പ്രതീഷിന് 1000 ഡോളർ (ഏകദേശം 74,000 രൂപ) പ്രതിഫലവും നൽകി.
വാട്സാപ്പിലെ സാങ്കേതിക പ്രശ്നങ്ങളായിരുന്നു പ്രതീഷ് ആദ്യം കണ്ടെത്തിയത്. ആൻഡ്രോയ്ഡ് മെസേജുകളിലും ഫോണിനെ നശിപ്പിക്കുന്ന തരത്തിലുള്ള കാരക്ടറുകളുണ്ടെന്നായിരുന്നു ആദ്യം കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ മാസമായിരുന്നു ഇത്. ഈ പ്രശ്നം ഒരു മാസത്തിനുള്ളിൽ പരിഹരിച്ചു. എന്നാൽ മാസങ്ങൾക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ വാട്സാപ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതും പ്രതീഷ് തന്നെയാണു വാട്സാപ് അധികൃതരെ അറിയിച്ചത്. വാട്സാപ് വെബ്, കംപ്യൂട്ടറിൽ ഉപയോഗിക്കാൻ കഴിയാത്ത രീതിയിലാക്കാനുള്ള പഴുത് തിരിച്ചറിഞ്ഞതാണു പ്രതീഷിന്റെ ഏറ്റവും പുതിയ കണ്ടെത്തൽ. മൊബൈൽ നമ്പർ മാത്രം അറിഞ്ഞാൽ ആരുടെ വാട്സാപ് അക്കൗണ്ടും വാട്സാപ് വെബ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലാക്കാം എന്നതായിരുന്നു കണ്ടെത്തൽ. ഉടൻതന്നെ വാട്സാപ്പിന്റെ മാതൃകമ്പനിയായ ഫെയ്സ്ബുക്കിനെ വിവരമറിയിച്ചു. പ്രശ്നങ്ങൾ കഴിഞ്ഞ ആഴ്ചയോടെ പരിഹരിച്ചു.
തെറ്റു തിരുത്തൽ, പാർട് ടൈം ജോലി
പാർട് ടൈം ജോലി പോലെയാണു തെറ്റുതിരുത്തലിനെ കാണുന്നതെന്നു പ്രതീഷ് പറയുന്നു. പ്രശ്നങ്ങൾ കണ്ടെത്തിയാൽ അവ ഡീകോഡ് ചെയ്ത് അനലൈസ് ചെയ്തു നോക്കണം. കോഡിങ്ങിൽ താൽപര്യമുള്ള ആർക്കും ഇതിനു കഴിയുമെന്നാണു പ്രതീഷ് പറയുന്നത്. കുറച്ചു സമയമെടുക്കുമെന്നു മാത്രം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണു പ്രതീഷ് ഇതിനായി സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത്. ഫോൺ ക്രാഷാകുന്ന തെറ്റാണ് കണ്ടെത്തുന്നതെങ്കിൽ അതിന്റെ വിഡിയോയും ലോഗും കമ്പനി നൽകുന്ന പ്രത്യേക പ്ലാറ്റ്ഫോമിൽ അയച്ചുകൊടുക്കണം.
കൂട്ടുകാരെയും മേഖലയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട് പ്രതീഷ്. വമ്പൻ ടെക് കമ്പനികളിലെ ജോലിയാണു പ്രതീഷ് ഇപ്പോൾ കാണുന്ന സ്വപ്നം.