Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങൾ ശ്രീജിത്തിനെ ഏറ്റെടുത്തു, പക്ഷേ ജസ്റ്റിസ് ഹാഷ്ടാഗിലൂടെ മാത്രമോ?

Sreejith നമിത സൂസൻ ജെയ്ൻ, എസ്.അഭിജിത്ത്, ആർനെലിറ്റ് ഫിലിപ്, അഭിമന്യു കെ. മാത്യു, നിജ എൽസ ജയൻ, അഗത കുര്യൻ എന്നിവർ ചർച്ചയിൽ ചിത്രം: ജിബിൻ ചെമ്പോല

സമൂഹമാധ്യമങ്ങൾ ശ്രീജിത്തിനെ ഏറ്റെടുത്തു, പക്ഷേ ജസ്റ്റിസ് ഹാഷ്ടാഗിലൂടെ മാത്രമോ? അനുജന്റെ ദുരൂഹമരണം...ഉത്തരവാദികളെ വെറുതെ വിട്ടുകൂടാ...നിശ്ചയദാർഢ്യത്തോടെ  രണ്ടു വർഷത്തിലേറെയായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് കേരളത്തിന്റെ ചർച്ചകൾ. സമൂഹമാധ്യമങ്ങൾ ശ്രീജിത്തിനെ ഏറ്റെടുത്തു. പിന്തുണയുമായി ‌ഹാഷ്ടാഗുകൾ...പതിവുതെറ്റിച്ചു ഹാഷ്ടാഗുകൾ തെരുവിലുമെത്തി.   #JusticeFor ഹാഷ്ടാഗുകളെ ക്യാംപസുകൾ എങ്ങനെ നോക്കിക്കാണുന്നു... ‌

ഹാഷ്ടാഗുകൾക്കു സ്വാഗതം

 

ഒരുപാട് ഹാഷ്ടാഗുകൾ ഉണ്ടെങ്കിൽ ഒരാൾക്കു നീതി കിട്ടും എന്ന നിലയ്ക്കാണു കാര്യങ്ങളുടെ പോക്ക്. 958 ദിവസമായി സെക്രട്ടേറിയറ്റിനു മുൻപിൽ സമരം ചെയ്യുന്നൊരു മുത്തശ്ശിയുണ്ട്. അവർക്കൊപ്പം സമരം ചെയ്യാൻ എന്തു ഹാഷ്ടാഗാണു നാം ഉപയോഗിക്കുക? പൊതുജനം ആരെന്നു ചോദിക്കുന്നവർക്കു മറുപടി നൽകാൻ ഹാഷ്ടാഗുകൾക്കു കഴിയുന്നുണ്ട്. സ്വഗതാർഹം. 

എസ്. അഭിജിത്ത്, ബസേലിയസ് കോളജ്, കോട്ടയം

ഹാഷ്ടാഗ് വിപ്ലവങ്ങൾ പുതുപ്രതീക്ഷ

ഹാഷ്ടാഗ് വിപ്ലവങ്ങൾ പുതുപ്രതീക്ഷയാണ്. ആത്മാർഥമായ ലക്ഷ്യത്തോടെയുള്ള സമരം വിജയിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെയോ നേതാക്കളുടെയോ പിന്തുണ വേണ്ടെന്നു മനസ്സിലായല്ലോ. നമ്മൾ ഒരേ മനസ്സോടെ നിന്നാൽ നീതി നേടിയെടുക്കാൻ കഴിയും. ഇത്തരം സമരങ്ങൾക്കു തുടർച്ചയുണ്ടാകുമെന്നു തീർച്ച. 

നമിത സൂസൻ ജെയിൻ സിഎംഎസ് കോളജ് കോട്ടയം

അവർക്കായും ശബ്ദമുയരണം

അനീതിയാണെന്ന് ഉറപ്പായ കാര്യങ്ങൾക്കെതിരെ ഹാഷ്ടാഗുകൾ ഉയരുന്നതു നല്ലതു തന്നെ. യുവത്വം പ്രതികരിക്കാൻ മടിക്കുന്നവരാണെന്ന ആരോപണത്തിനു മറുപടി കൂടിയാണത്. പക്ഷേ, ഹാഷ്ടാഗുകളിലൂടെ ശ്രദ്ധനേടുന്നവർക്കു മാത്രമേ നീതി ലഭിക്കൂവെന്ന സ്ഥിതിയുണ്ടാകരുത്. ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്നവർ ഇനിയുമുണ്ട്. അവർക്കായും ശബ്ദമുയരണം. 

അഭിമന്യു കെ. മാത്യു സിഎംഎസ് കോളജ് 

ഹാഷ്ടാഗ് ഉണ്ടെങ്കിലേ നീതി ലഭിക്കൂ എന്നില്ല

യുവാവായതിനാലാകാം ശ്രീജിത്തിനെ സമൂഹമാധ്യമങ്ങളിലെ ചെറുപ്പം ഏറ്റെടുത്തത്. സമരം ചെയ്ത നാളുകളുടെ ദൈർഘ്യവും ചർച്ചയായി. അതുകൊണ്ടാണ് #പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന ഹാഷ്ടാഗ് വൈറലായത്. ഹാഷ്ടാഗ് ഉണ്ടെങ്കിലേ നീതി ലഭിക്കൂ എന്നില്ല. സമരത്തിനു കാരണമായ വിഷയങ്ങൾ ആഴത്തിൽ‌ പഠിക്കണം; എന്നിട്ടാകണം പിന്തുണ. 

നിജ എൽസ ജയൻ ബിസിഎം കോളജ്, 

നീതി എല്ലാവർക്കും കിട്ടണം

ഒരുപാടു ശ്രീജിത്തുമാർ നമുക്കു ചുറ്റുമുണ്ട്. അവർക്കു പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. പലപ്പോഴും സെലിബ്രിറ്റികൾക്ക് എളുപ്പത്തിൽ നീതി ലഭിക്കുന്നുവെന്നു ചിലർക്കു പരാതി. ഞങ്ങൾക്കതില്ല. സോ കോൾഡ് ‘പ്രമുഖരായതു’കൊണ്ടു നീതി ലഭിച്ചുകൂടാ എന്നില്ലല്ലോ. പക്ഷേ, നീതി എല്ലാവർക്കും കിട്ടണം. 

ആർനെലിറ്റ് ഫിലിപ് ബിസിഎം കോളജ് കോട്ടയം

ഇനിയും ശ്രീജിത്തുമാർ ഉണ്ടാകാതിരിക്കട്ടെ

ഹാഷ്ടാഗുകൾ ആയി മാറാൻ ഇനിയും ശ്രീജിത്തുമാർ ഉണ്ടാകാതിരിക്കട്ടെ. നിരാഹാരം പോലുള്ള സമരമുറകളിലേക്ക് ഒരാളെ എത്തിക്കുന്ന കാരണങ്ങൾ ഇല്ലാതാകണം. ഇല്ലെങ്കിൽ, ഇനിയും ഹാഷ്ടാഗുകൾ ഉയരും. ചെറുപ്പം തെരുവിലിറങ്ങും. അതുറപ്പാണ്. 

അഗത കുര്യൻ ബിസിഎം കോളജ് 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam