ലോകത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് എനർജി ലഭിക്കുന്ന സ്ഥലം ക്യാമ്പസാണെന്നു പറഞ്ഞാൽ യാതൊരു തെറ്റുമില്ല. കളി തമാശകളും പഠനവും പ്രണയവും സൗഹൃദവുമൊക്കെ ഒത്തുചേരുന്ന ക്യാമ്പസിനകങ്ങൾ പകര്‍ന്നു തരുന്ന ഊർജം ഒന്നു വേറെ തന്നെയാണ്. ചങ്കുപറിച്ചു തരാനും മടിയില്ലാത്ത സൗഹൃദങ്ങളെപ്പോലെ തന്നെ ഫാഷന്റെ കാര്യത്തിലും ക്യാമ്പസുകൾക്ക് ഒരു വിട്ടുവീഴ്ച്ചയുമില്ല.
പണ്ടൊക്കെ പട്ടുപാവാടയും ദാവണിയും സാരിയുമൊക്കെയാണ് ക്യാമ്പസുകളുടെ ഫാഷൻ സങ്കൽപങ്ങളെങ്കിൽ ഇന്നതെല്ലാം മാറി. ഇന്നത്തെ പെൺപടയോട് ഇഷ്ട വേഷമെന്താണെന്നു ചോദിക്കേണ്ട കാര്യമേയില്ല അതിനുമുമ്പേ പറഞ്ഞോളും ജീന്‍സും ടോപ്പും നൽകുന്നൊരു കംഫര്‍ട്ടബിൾ വേറെങ്ങും കിട്ടില്ല മാഷേയെന്ന്. ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ ഫാഷൻ ടെക്നോളജി വിദ്യാർഥികളായ ലക്ഷ്മി മോഹനും ജെസ്മോൾ ജോസും അക്കുവും സ്നേഹയുമൊക്കെ ഡെനിം പ്രേമികളാണ്.
വേനൽക്കാലമല്ലേ ചൂടല്ലേ ഇനിയൽപം കോട്ടൺ വസ്ത്രങ്ങളായിക്കൂടേയെന്നൊക്കെ ചോദിച്ച് ഇവരുടെയടുക്കലേക്ക് പോയാൽ ഒരേസ്വരത്തിൽ ഗെറ്റൗട്ടടിക്കുമെന്നുറപ്പാണ്. ഞങ്ങൾക്കു ജീൻസാണിഷ്ടം ഇഷ്ടാ... കുറച്ചു ചൂടു സഹിച്ചാലെന്താ സംഗതി പവർഫുൾ അല്ലേ എന്നു ചോദിച്ചു കളയും ഈ ന്യൂജെൻ സുന്ദരികൾ. യാത്ര െചയ്യുമ്പോഴുള്ള സുഖം മാത്രമല്ല കാണാനുള്ള ലുക്കിനും കൂടി വേണ്ടിയാണ് ജീൻസിനെ പ്രിയവസ്ത്രമാക്കുന്നതെന്നു പറയുന്നു ഇവർ. ചുരിദാറിനൊപ്പം ഷോളും തൂക്കി നടക്കേണ്ട മടുപ്പൊന്നും ജീൻസ് നൽകുന്നില്ല എന്നാണിവരുടെ വാദം.