സാങ്കേതിക വിദ്യയുടെ നെറുകയിൽ ‘പെന്റാബോട്ട് ’ ഓടിച്ചു കയറ്റിയവർ

robotic-international-pentabot-team-scms-college-students

റോബട്ടിക്സ് ഇന്റർനാഷനൽ’; റോബട് സാങ്കേതികവിദ്യയിൽ ലോകത്തെ ഏറ്റവും വലിയ മൽസരം. ശാസ്ത്രലോകവും എൻജിനീയർമാരും  ഉറ്റുനോക്കുന്ന മൽസരത്തിൽ പങ്കെടുക്കാൻ ദക്ഷിണേന്ത്യയിൽ നിന്നു യോഗ്യത നേടിയത് ഒരേയൊരു ടീം മാത്രം. കറുകുറ്റി എസ്‌സിഎംഎസ് കോളജിലെ ‘പെന്റാബോട്’ ടീമാണ് നേട്ടം കൈവരിച്ചത്. ‘റോബട്ടിക്സ്’ എന്ന പേരിൽ ഒക്ടോബറിൽ അഹമ്മദാബാദിൽ നടന്ന മൽസരത്തിൽ ഫൈനലിലെത്തിയതോടെയാണു എസ്റ്റോണിയയിൽ നടക്കുന്ന റോബട്ടിക്സ് ഇന്റർനാഷനലിലേക്ക് ഇവർക്കു യോഗ്യത ലഭിച്ചത്.

പെന്റാബോട് രൂപകൽപന ചെയ്ത റോബട്ടിനു നിർമിതബുദ്ധിയുടെ സഹായവും ഉണ്ടായിരുന്നു. പ്രധാനമായും റോബട് വാഹനങ്ങളുടെ വേഗമൽസരമായിരുന്നു അഹമ്മദാബാദിൽ നടന്നത്. അതുകൊണ്ടു തന്നെ വീലുകളോടു കൂടിയ വാഹനത്തിന്റെ രൂപമായിരുന്നു റോബട്ടിന്. നിശ്ചിത ട്രാക്ക് തെറ്റാതെ ആദ്യം ഫിനിഷിങ് പോയിന്റിലെത്തുന്ന റോബട് വിജയിക്കും. ഇത്തരത്തിൽ 4 റൗണ്ടുകളാണു മൽസരത്തിലുണ്ടായിരുന്നത്. 

പിഴവില്ലാത്ത സാങ്കേതികവിദ്യയാണ് ഇതിനാവശ്യം. ട്രാക്കിന്റെ ഡിസൈൻ മാറുന്നതനുസരിച്ചു റോബട്ടിന്റെ പ്രോഗ്രാമിലും മാറ്റം വരുത്തണം. അടിസ്ഥാന രൂപകൽപനയും സാങ്കേതികവിദ്യയും കോളജിലെ മിനിഫാബ്‌ ലാബിലാണു യാഥാർഥ്യമാക്കിയത്. അഹമ്മദാബാദിൽ മൽസരത്തിന്റെ ഘടനയനുസരിച്ചു ഡിസൈനിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി. നിശ്ചിത പാതയിൽ നിന്നു വ്യതിചലിച്ചാൽ നിർമിതബുദ്ധി ഇടപെട്ടു ശരിയായ പാതയിലേക്കു റോബട്ടിനെ തിരിച്ചെത്തിക്കും. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ് അഹമ്മദാബാദിലേക്കു യോഗ്യത നേടിയത്. ഇതിൽ ഫൈനൽ റൗണ്ടിലെത്തിയ ദക്ഷിണേന്ത്യൻ ടീം പെന്റാബോട് മാത്രമായിരുന്നു. ഫൈനൽ റൗണ്ടിലെ കടുത്ത മൽസത്തിൽ ആദ്യ 3 സ്ഥാനങ്ങൾ കൈവിട്ടെങ്കിലും എസ്റ്റോണിയയിൽ നടക്കുന്ന റോബോട്ടിക്സ് ഇന്റർനാഷനലിലേക്കു ടീം യോഗ്യത നേടി.

 എസ്‌സിഎംഎസ് എൻജിനീയറിങ് കോളജിൽ അവസാനവർഷ വിദ്യാർഥികളായ എ.എൻ.ജോർജ്, ജോർജ് എം.തോട്ടാൻ, കൃഷ്ണ സുധീർ, ഗണേശ് എം.നായർ, പി.ഗോകുൽ എന്നിവരാണു ടീമംഗങ്ങൾ. രാജ്യാന്തര മൽസരത്തിലേക്കു യോഗ്യത നേടിയെങ്കിലും പഠനത്തിന്റെയും പരീക്ഷകളുടെയും തിരക്കിനിടെ എസ്റ്റോണിയയിലേക്കു പോകാനായില്ല. 

കോളജിൽ ഒന്നര വർഷമായി പ്രവർത്തിക്കുന്ന റോബട്ടിക്സ് സെന്ററിൽ ഒട്ടേറെ റോബട്ടുകൾ രൂപമെടുത്തിട്ടുണ്ട്.