മാസങ്ങൾക്കു മുൻപെ കേട്ടതൊക്കെ ശരിവയ്ക്കുന്ന രീതിയിലാണ് ഐഫോണ്‍ 7 പ്ലസിന്റെ ഇരട്ട ക്യാമറാ ഫീച്ചര്‍. രണ്ടു ക്യാമറകള്‍ കൊണ്ടുള്ള ഗുണം പരിശോധിക്കാം:
ഈ ഫോണിന്റെ ക്യാമറയ്ക്ക് ചെറിയോരു ഒപ്ടിക്കല്‍ സൂം കൈവന്നതായി പറയാം. ഒരു ക്യാമറയ്ക്ക് 28mm ലെന്‍സാണ് ഉള്ളതെങ്കില്‍ രണ്ടാമത്തെ ക്യാമറയ്ക്ക് 56mm (2x) ലെന്‍സാണ് പിടിപ്പിച്ചിട്ടുള്ളത്. കൂടാതെ 10x ഡിജിറ്റല്‍ സൂമും ഉണ്ട്. ഈ രണ്ടു ഫോക്കല്‍ ലെങ്തുകള്‍ക്കിടയിലുള്ള ഫോക്കല്‍ ലെങ്തിലും പടം പിടിക്കാം. അതായത് ഫോണില്‍ തന്നെ പടങ്ങളെ കൂട്ടിച്ചേർക്കാം. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ ശേഷി മെല്ലെ കണ്‍സ്യൂമര്‍ ക്യാമറകളിലേക്കും കടന്നുവരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
F 1.8 അപേർച്ചറുള്ള രണ്ടു ക്യാമറകള്‍ക്കും ഒരേസമയം സീനിന്റെ വെവ്വേറെ ഭാഗങ്ങളില്‍ ഫോക്കസു ചെയ്യാനാകും. ഇത് ഫൊട്ടോ എടുത്ത ശേഷം ലൈട്രോ ക്യാമറ ചെയ്യുന്നതു പോലെ ഫോക്കസ് മാറ്റാനും അനുവദിക്കും. എടുക്കുന്ന ഓരോ ഫൊട്ടോയും 6MPയോ അതില്‍ കൂടുതലൊ സ്‌പെയ്‌സ് ആവശ്യപ്പെടും. പിന്നീടു വരുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഡെപ്ത് ഓഫ് ഫീല്‍ഡ് നിയന്ത്രിക്കാനും സാധിക്കുമെന്ന് ആപ്പിള്‍ പറഞ്ഞു.
56mm ലെന്‍സ് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ നല്ല ബോ-കെ കിട്ടുന്നു. ഒരുപക്ഷെ മൊബൈല്‍ ഫോണില്‍ ഇതുവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും മെച്ചപ്പെട്ട എഫക്ട് ഇതിനുണ്ടെന്നു പറയാം.
ക്യാമറയുടെ ഫ്‌ളാഷിനും മുന്‍ മോഡലിനെക്കാള്‍ ഇരട്ടി ശക്തിയുണ്ട്. നാല് LED കളാണ് ഫ്‌ളാഷിലുള്ളത്. കൃത്രിമ പ്രകാശത്തിലും (artificial lighting) പ്രകാശം മിന്നിത്തെളിയുന്നിടത്തും ഫൊട്ടോ എടുക്കുമ്പോള്‍ സാധാരണ ക്യാമറകളില്‍ ആശാസ്യമല്ലാത്ത എഫക്ടുകള്‍ കയറി വരാം. എന്നാല്‍, ക്യാനോണിന്റെ ചില മുന്തിയ DSLR ക്യാമറകളെ പോലെ പുതിയ ഐഫോണ്‍ ക്യാമറകള്‍ക്കും, ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനാകും. ഈ ശേഷി ഐഫോണ്‍ 7ന്റെ ഒരു ക്യാമറയ്ക്കുണ്ട്.
രണ്ടു ഫോണുകളിലെയും ഇമേജ് പ്രോസസറുകള്‍ക്ക് തൊട്ടു പിന്നിലെ മോഡലുകളെ അപേക്ഷിച്ച് ഇരട്ടി ശേഷിയുണ്ട്. ഇവ 30 ശതമാനം കൂടുതല്‍ എനര്‍ജി എഫിഷ്യന്റും 60 ശതമാനം വേഗത ഏറിയതുമാണ്. ക്യാമറകള്‍ക്ക് ഇമേജ് സ്റ്റബിലൈസേഷനുമുണ്ട്.
ഐഫോണ്‍ 7 പ്ലസിന്റെ ക്യാമറ ചില രീതിയിലെങ്കിലും പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാരെ പോലു തൃപ്തിപ്പെടുത്തുമെന്ന് പറയുന്നു. ഇതോടെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി കൂടുതല്‍ ജനപ്രിയമാകാന്‍ സാധ്യത വര്‍ധിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതിന്റെ ആദ്യ പടിയായി ഈ ക്യാമറയെ കണ്ടാല്‍ മതി. ഇത് വിജയമാണെങ്കില്‍ ആപ്പിള്‍ തന്നെ വരും വര്‍ഷങ്ങളില്‍ രണ്ടിനു പകരം മൂന്നോ അതിലേറെയോ ലെന്‍സുകളുള്ള ഫോണുമായി എത്തിയേക്കാം.
ഐഓഎസ് 10ല്‍ റോ (RAW) ചിത്രങ്ങളെടുക്കാനും സാധിക്കും. രണ്ടു ഫോണുകളുടെയും മുന്‍ ക്യാമറ 7MP ആണ്.