ഐഫോണ്‍ 7 ഫൊട്ടോഗ്രാഫിയില്‍ അദ്ഭുതം കാണിക്കും? 4 LED ഫ്‌ളാഷ്, ടെലീ, വൈഡ് ലെന്‍സ്!

ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നനഞ്ഞ പടക്കമായരിക്കും ഈ വര്‍ഷത്തെ മോഡലെന്നാണ് ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോൾ പുറത്തുവരുന്ന ഊഹാപോഹ വാര്‍ത്തകള്‍ ശരിയെങ്കില്‍ പുതിയ ഐഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ വന്‍ ചലനങ്ങള്‍ക്കു വഴി വച്ചേക്കുമെന്നാണ്. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ നേരത്തെ കണ്ട ലൈറ്റ് L16 എന്ന കംപ്യൂട്ടേഷണല്‍ ക്യാമറയുടെ തത്വങ്ങള്‍ കൂട്ടു പിടിച്ചാണ് പുതിയ ഐഫോണ്‍ ക്യാമറയുടെ വരവ്.

ഹ്വാവെയ് P9 പോലെയുള്ള ഫോണുകളില്‍ പരീക്ഷിച്ച ഇരട്ട ക്യാമറ, രണ്ടു സെന്‍സറുകള്‍ ഉപയോഗിച്ച് എടുക്കുന്ന ഫൊട്ടോ മെച്ചമാക്കുക എന്ന രീതിയില്‍ മാത്രമാണ് അവതരിപ്പിച്ചത്. എന്നാല്‍ പുതിയ ഐഫോണിന്റെ (ഒരു മോഡലിന്റെയെങ്കിലും) ഇരട്ട ക്യാമറ ഒരു ടെലീ ലെന്‍സും വൈഡ് ലെന്‍സും പിടിപ്പിച്ച് ഇറങ്ങുന്നുവെന്നാണ് പുതിയ അവകാശവാദം.

സ്മാര്‍ട്ട്‌ഫോണ്‍ ഫൊട്ടോഗ്രാഫിയുടെ പ്രധാന പ്രശ്‌നം തന്നെ വക്രീകരണമാണ്. ഏതാണ്ട് 30mm നെ ചുറ്റിപറ്റിയാണ് ലെന്‍സ്. ഇത് പോര്‍ട്രെയ്റ്റുകളും മറ്റും എടുക്കുമ്പോള്‍ വക്രീകരണം ഇരന്നു വാങ്ങുന്നു. എന്നാല്‍ ടെലീ ലെന്‍സും (ഒപ്ടിക്കല്‍ സൂം പോലെ ഉപയോഗിക്കാം) വൈഡ് ലെന്‍സും ഉള്‍പ്പെട്ട ഇരട്ട ക്യാമറയുമായി ഇറങ്ങുകയും അത് അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നെങ്കില്‍ അത് ഫൊട്ടോഗ്രാഫിയുടെ ചരിത്രം തന്നെ മാറ്റിയേക്കാം. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കു ഫൊട്ടോഗ്രാഫി പ്രവേശിച്ചപ്പോള്‍ പ്രശസ്ത ക്യാമറാ നിര്‍മ്മാതാക്കളൊക്കെ ചെയ്തത് അനലോഗ് (ഫിലിം) ക്യാമറയുടെ ഉള്ളിലേക്ക് ഡിജിറ്റല്‍ ടെക്‌നോളജിയെ ആവാഹിച്ചിരുത്തുക മാത്രമാണ്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ സാധ്യതകളെ പറ്റി ആരായാന്‍ ഇതുവരെ ഈ കമ്പനികള്‍ ശ്രമിച്ചിട്ടില്ല.

പുതിയ ഐഫോണ്‍ 7 ചരിത്രം സൃഷിടിക്കുമെങ്കില്‍ DSLR പോലെയുള്ള പേടകങ്ങള്‍ പേറുന്നവര്‍ താമസിയാതെ ഓര്‍മ്മയാകും. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയിലേക്ക് തിരിയാന്‍ എല്ലാ ക്യമറാ നിര്‍മ്മാതാക്കളും നിര്‍ബന്ധിതരാകും.

പുതിയ ഐഫോണില്‍ പ്രതീക്ഷിക്കുന്ന ചില ഫീച്ചറുകള്‍

നാല് LED ഫ്‌ളാഷ് (രണ്ടെണ്ണം കൂള്‍ കളര്‍, രണ്ടെണ്ണം വാം)
വാട്ടര്‍ പ്രൂഫ് (ഒരു മീറ്റര്‍ വരെ ആഴത്തില്‍ പരമാവധി 30 മിനിറ്റ് മുക്കി പിടിക്കാനായേക്കും.)
ഐപാഡ് പ്രോയില്‍ കണ്ടതു പോലെ ട്രൂടോണ്‍ ഡിസ്‌പ്ലെ
എയര്‍പോഡ് ആയിരിക്കില്ല. ലൈറ്റ്‌നിങ് കണക്ടറില്‍ പിടിപ്പിക്കാവുന്ന വയേഡ് ഹെഡ്‌ഫോണ്‍ ആയിരിക്കും കൂടെ കിട്ടുക. ലൈറ്റ്‌നിങ് പോര്‍ട്ടില്‍ നിന്ന് 3.5mm ഹെഡ്‌ഫോണ്‍ ജാക്കിനുള്ള കണ്‍വേര്‍ട്ടറും ബോക്‌സില്‍ കണ്ടേക്കും.
ഫോണ്‍ ഈ മാസം 7ന് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.