ഡിജിറ്റല്‍ സെന്‍സർ ഉപയോഗിച്ചുള്ള ക്യാമറാ നിര്‍മ്മാണം തുടങ്ങിയ കാലത്തെ പ്രധാന പേരുകളിലൊന്നായിരുന്നു കൊഡാക്. പ്രധാനമായും പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ നിര്‍മ്മിച്ചിരുന്ന അവര്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗം തുടങ്ങുന്നതിനു മുൻപെ ക്യാമറാ നിര്‍മ്മാണത്തിലുള്ള ശ്രദ്ധ കുറച്ചു. കാരണമായി കൊഡാക് പറഞ്ഞത് ഇനി പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളുടെ കടമ ക്യാമറാ ഫോണുകള്‍ നിര്‍വഹിക്കുമെന്നാണ്. (പല മുന്‍നിര ക്യാമറാ കമ്പനികളും ഡിജിറ്റല്‍ ഫൊട്ടോഗ്രാഫിക്ക് അയിത്തം കല്‍പ്പിച്ചു മാറി നിന്നപ്പോള്‍ ശക്തമായ ചുവടുവയ്പ്പുകളോടെ ആ സാങ്കേതിക വിദ്യയെ മുന്നോട്ടു കൊണ്ടുവന്ന കമ്പനികളില്‍ ഒന്നാണ് കോഡാക്. 2012 വരെ ക്യാമറാ നിര്‍മ്മാണം തുടര്‍ന്ന് കൊഡാക്കിന്റെ പിന്‍വാങ്ങലിനെ 'സങ്കടകരം' എന്നാണ് പ്രമുഖ ഫൊട്ടോഗ്രാഫി വെബ്‌സൈറ്റായ ഡിപിറിവ്യൂ വിശേഷിപ്പിച്ചത്.)
കൊഡാക് ഏകദേശം പത്തു വര്‍ഷം മുമ്പാണെന്നു തോന്നുന്നു ഫോണുകള്‍ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന കാര്യം പറഞ്ഞത്. നോക്കിയയുടെയും സോണിയുടെയും മറ്റും ഫോണുകള്‍ അന്നത്തെ നിലവാരം വച്ച് തരക്കേടില്ലാത്ത ചിത്രങ്ങള്‍ എടുത്തിരുന്നുവെങ്കിലും കൊഡാക്കിന്റെ പ്രവചനം ശരിയാകുമോ എന്ന് സംശയമുണ്ടായിരുന്നു.
എന്നാല്‍ ഇന്ന് ഐഫോണ്‍ 7 പ്ലസ്, LG G5 തുടങ്ങിയ ഫോണുകളിലെ 'ഒപ്ടിക്കല്‍ സൂമും' (രണ്ടു പ്രൈം ലെന്‍സുകളാണ് ഇവയെ ഒപ്ടിക്കല്‍ സൂം എന്നു വിളിക്കാനാവില്ല എന്നു വാദിക്കുന്നവരുണ്ട്) ആയി ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ കാണുമ്പോള്‍ കൊഡാക്കിന്റെ പ്രവചനം, അല്‍പ്പം താമസിച്ചാണെങ്കിലും അറംപറ്റിയതായി മനസിലാക്കാം. പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ കൊണ്ടു നടക്കുന്ന ആരും ഫോണില്ലാതെ നടക്കുന്നില്ലെന്നുറപ്പിച്ചു പറയാം. ഇത്തരം ഫോണും കൂടെ ഒരു ക്യാമറയും ചുമക്കുക എന്നത് ആവശ്യമില്ലാത്ത കാര്യമായായിരിക്കും പലരും കാണുന്നത്. അതായത്, സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയ്ക്ക് വേണ്ട ക്വാളിറ്റി ഉണ്ടെങ്കില്‍ ഇവരാരും മറ്റൊരു ക്യാമറയെ പറ്റി ചിന്തിക്കുക പോലും ഇല്ല.
ഇതൊന്നും പോരെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തൊരു 'ഔപചാരികത'യാണ് ഈ ക്യാമറകള്‍ക്ക്. ക്യാമറ എടുക്കണം, ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം 'പര്‍ര്‍ര്‍' എന്നു പറഞ്ഞ് ആയാസപ്പെട്ട് ലെന്‍സ് പുറത്തേക്കിറങ്ങും. പിന്നെ നോക്കി ഫോക്കസു ചെയ്യണം. ആലസ്യത്തോടെ ഫോക്കസാകാനും പര്‍ര്‍ര്‍. സൂം ചെയ്യാനും പര്‍ര്‍. അവയുടെ കോണ്‍ട്രാസ്റ്റ് ഡിറ്റെക്ട് ഓട്ടോഫോക്കസ് കൃത്യമായി ഫോക്കസ് ചെയ്യാത്ത അവസരങ്ങള്‍ പോലുമുണ്ട്. ആദ്യ ഐഫോണ്‍ 2007ല്‍ കൊണ്ടുവന്ന ടച്ച് ടു ഫോക്കസ് ഫീച്ചര്‍തന്നെ എന്തൊരു വിസ്മയകരമായ കാര്യമായിരുന്നു.
അടുത്ത കാലം വരെ മിക്ക ഫോണ്‍ ക്യാമറകളും ഒരു വൈഡ് ആംഗിള്‍ ലെന്‍സു മാത്രം പിടിപ്പിച്ചായിരുന്നു എത്തിയിരുന്നത്. ഇവയില്‍ എടുക്കുന്ന പോര്‍ട്രെയ്റ്റുകളിലും മറ്റും വക്രീകരണം കാണാമായിരുന്നു. പിന്നെ ഇവയ്ക്കുള്ളിലെ ചെറിയ സെന്‍സറിനും പരിമിതികളുണ്ടായിരുന്നു. (താഴത്തെ നിരയിലെ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ക്കും ചെറിയ സെന്‍സര്‍ തന്നെയാണ്.)
വന്യജീവി, പക്ഷി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒരു കംപ്യൂട്ടേഷണല്‍ ക്യാമറ ഇനിയും പല വര്‍ഷം അകലെയായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ക്ക് മിക്ക സാഹചര്യങ്ങളിലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ മതിയാകും. എന്നുവച്ച് എല്ലാ ക്യാമറാ നിര്‍മ്മാതാക്കളും ഇന്നു തന്നെ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളുടെ നിര്‍മ്മാണം നിറുത്തുമെന്നാണോ പറഞ്ഞു വരുന്നതെന്ന സംശയമുണ്ടാകാം.
ആരും എഴുപതിനായിരം രൂപയോളം കൊടുത്ത് ഐഫോണ്‍ 7 പ്ലസും മറ്റും പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയ്ക്കു പകരം ഫൊട്ടോ എടുക്കാനായി വാങ്ങില്ല. പതിനായിരം രൂപയുടെ ക്യാമറ തന്നെ വാങ്ങും. പക്ഷെ, നമ്മുടെ ഷവോമി (Xiaomi) യും മറ്റും താമസിയാതെ ഐഫോണും മറ്റും അഴിച്ചു പഠിച്ച് ഇരട്ട ക്യാമറാ സെറ്റപ്പിന് സ്വന്തം പാഠഭേദം സൃഷ്ടിച്ചെത്തും. ഒരു പതിനയ്യായിരം രൂപയിലൊക്കെ താഴെ ഇത്തരം ഫോണുകളെത്തുന്ന കാലം അധികം അകലെയല്ല. താഴത്തെ നിരയിലുള്ള മിക്ക പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ക്കും റോ (RAW) ചിത്രങ്ങളെടുക്കാനുള്ള കഴിവു പോലുമില്ല. ഇവയെല്ലാം സ്മാര്‍ട്ട്‌ഫോണുകളില്‍ കിട്ടുമ്പോള്‍ കുഞ്ഞു ക്യാമറകളുടെ നിര്‍മ്മാണം മിക്ക കമ്പനികളും നിറുത്തുകയോ കുറയ്ക്കുകയോ ചെയ്യും. കാരണം അതാണ് ചുമരെഴുത്തുകള്‍ പറയുന്നത്.