വിന്‍ഡോസ് 10 യൂസര്‍മാര്‍ക്ക് കിട്ടിയത് ഒടുക്കത്തെ ‘പണി’, 2018ൽ എന്തും സംഭവിക്കാം!

മൈക്രോസോഫ്റ്റിന്റെ ഓപറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10ലേക്ക് മാറിയ പലര്‍ക്കും ഇപ്പോൾ തലവേദനയാവുകയാണ്. മൈക്രോസോഫ്റ്റിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഒരു വിഭാഗം വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ പൂര്‍ണ്ണമായും അപ്‌ഡേഷന്‍ സാധ്യമല്ലാത്ത അവസ്ഥയിലെത്തും. ഇന്റലിന്റെ ആറ്റം ക്ലോവര്‍ ട്രയില്‍ പ്രൊസസറുകളുള്ള പിസികളാണ് പ്രശ്‌നക്കാരായി മാറുന്നത്. 

2012ലാണ് ഈ പ്രൊസസറുകള്‍ ഇന്റല്‍ പുറത്തിറക്കുന്നത്. വിന്‍ഡോസ് 8, 8.1 ആയിരുന്നു തുടക്കത്തില്‍ ഈ കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിന്‍ഡോസ് 10 പുറത്തിറങ്ങിയപ്പോള്‍ ഇതിലേക്ക് സൗജന്യമായി മാറാനുള്ള അവസരം മൈക്രോസോഫ്റ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കി. അങ്ങനെ മാറിയവര്‍ക്കാണ് ഇപ്പോള്‍ പണികിട്ടിരിക്കുന്നത്. വിന്‍ഡോസ് 8നേയും 8.1നേയും അപേക്ഷിച്ച് യൂസര്‍ ഫ്രണ്ട്‌ലിയായ വിന്‍ഡോസ് 10ലേക്ക് ഒട്ടുമിക്കവരും മാറിയിരുന്നു. 

വിന്‍ഡോസ് 10ന്റെ 1607 അപ്‌ഡേഷനില്‍ കുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍ പല പിസികളും. 18 മാസത്തേക്കാണ് ഓരോ വിന്‍ഡോസ് 10 അപ്‌ഡേറ്റ് വെര്‍ഷനുകളിലും സെക്യൂരിറ്റി മെസേജുകള്‍ ലഭിക്കുക. 2016 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ 1607 അപ്‌ഡേഷന്റെ ഈ കാലാവധി അടുത്ത വര്‍ഷം തീരും. ഇതോടെ സുരക്ഷാ അപ്‌ഡേഷനുകള്‍ വിന്‍ഡോസ് 10ല്‍ അസാധ്യമാകും. 

ഉപഭോക്താക്കള്‍ക്ക് കംപ്യൂട്ടറുകള്‍ ഉപയോഗിക്കാനാകുമെങ്കിലും സുരക്ഷാ അപ്‌ഡേഷനുകളില്ലാത്ത പിസികള്‍ വൈറസ് ആക്രമണത്തിന് എളുപ്പം വഴങ്ങും. മറ്റൊരു രസകരമായ വസ്തുത വിന്‍ഡോസ് 8, 8.1 വേര്‍ഷനുകളില്‍ നിന്നും വിന്‍ഡോസ് 10ലേക്ക് മാറാതിരുന്നവര്‍ക്ക് സെക്യൂരിറ്റി അപ്‌ഡേഷനുകള്‍ 2023 ഒക്ടോബര്‍ ഒന്നുവരെ ലഭിക്കുമെന്നതാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മൈക്രോസോഫ്റ്റ് പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Technology News