ദയാവധം കാത്ത് മൈക്രോസോഫ്റ്റ് 'പെയിന്റ്' ; ടെക് ലോകം ‘കരയുന്നു’

അതെ, സുഹൃത്തെ, നിങ്ങള്‍ കേട്ടതു ശരിയാണ്. കംപ്യൂട്ടിങ് രംഗത്തെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിലൊന്നായ മൈക്രോസോഫ്റ്റ് പെയിന്റ് (32 വയസ്) വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിന്‍ഡോസ് 10ല്‍ ഇപ്പോള്‍ ശ്വാസമെടുക്കുന്നത്. പെയിന്റിനെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത് നില അതീവഗുരുതരമാണെന്നും വിന്‍ഡോസ് 10 ഫോള്‍ ക്രീയേറ്റേസ് അപ്‌ഡേറ്റിലൂടെ (Windows 10 Fall Creator's Update) വെന്റിലേറ്റര്‍ സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ് ബലമായി പിന്‍വലിക്കുമെന്നുമാണ്. 

1985ല്‍ ജനിച്ച പെയ്ന്റ് പലരെ സംബന്ധിച്ചും കംപ്യൂട്ടറിന്റെ മൂല സൂത്രങ്ങള്‍ പഠിച്ചു തുടങ്ങുന്നതിനു മുൻപ് പരിചയപ്പെട്ട സൗഹാര്‍ദ്ദപരമായ പ്രോഗ്രാമുകളിലൊന്നായിരുന്നു. യാതൊരു ഔപചാരികതയുമില്ലാതെ കിടന്ന പെയിന്റിന്റെ നെഞ്ചിലാണ് ഇന്നത്തെ കംപ്യൂട്ടര്‍ വിദഗ്ധരില്‍ പലരും പിച്ചവച്ചത്. മൗസ് ചലിപ്പിക്കാന്‍ പഠിക്കല്‍ തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ക്കാണ്, കുട്ടികളുടെ ഏതു ശാഠ്യത്തിനും വഴങ്ങിക്കൊടുക്കുന്ന ഒരു നേഴ്‌സറി അധ്യാപികയെ പോലെ, പെയിന്റ് കൂട്ടു നിന്നിട്ടുള്ളത്! 

ഒരിക്കല്‍ പോലും ഒരു ക്യാന്‍വാസിനു മുൻപിലോ എന്തിന് ഒരു പേപ്പറിനു മുൻപിലോ ഒരു ബ്രഷോ പെന്‍സിലോ പിടിച്ചു നില്‍ക്കാന്‍ ധൈര്യം കാണിക്കാത്ത നമ്മളില്‍ പലരും, നമ്മുടെ കട്ട സ്വകാര്യതയില്‍ പെയിന്റില്‍ പടം വരച്ചും പെയിന്റു ചെയ്തും നോക്കിയപ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും മറ്റാരുമറിയാതെ നമ്മളെ പിക്കാസോയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും വരെ ആയി ഉയര്‍ത്തിയില്ലെ ഈ പാവം പെയിന്റ്... അതും ഒരു പേപ്പര്‍ പോലും ചിലവാക്കാതെ? സ്‌ലെയ്റ്റു പോലെ, ആശാന്‍ കളരിയിലെ പൂഴി പോലെ ഒക്കെയായിരുന്നു യാതൊരു വെല്ല്യാഭാവവും ഇല്ലാതിരുന്ന പെയിന്റിന്റെ രീതികള്‍ എന്നത് മറക്കാനാകാത്ത ഒരനുഭവമായി പലരിലും നിലനിര്‍ത്തുന്നു.

ഇനി ഇത് നമ്മള്‍ മലയാളികളുടെ ഒരു പ്രത്യേക മാനിസിക നില കൊണ്ടു തോന്നുന്നതൊന്നുമല്ല. പെയിന്റിന്റെ ആസന്ന മൃതിയില്‍ ആശങ്കയറിച്ച് ലോകത്തിന്റെ ഏല്ലാ ഭാഗത്തുനുന്നുമുള്ള ട്വിറ്റർ ഉപയോക്താക്കൾ വിലാപസ്വരത്തില്‍ ശബ്ദിക്കുന്നു: 

∙ 'എന്റെ ബാല്യവും ശാന്തിയില്‍ വിശ്രമിക്കട്ടെ, മൈക്രേസോഫ്റ്റ് പെയിന്റിനൊപ്പം' എന്നാണ് ഒരു പ്രതികരണം.  

∙ ഞങ്ങള്‍ക്കു വിരഹം അനുഭവപ്പെടും, മൈക്രോസോഫ്റ്റ് പെയിന്റെ, എന്നാണ് ബിബിസി 3 നടത്തിയ ട്വീറ്റ്. 

∙ എക്കാലത്തെയും ഏറ്റവും മഹത്തായ ഒന്നായിരുന്നു പെയിന്റ് എന്നാണ് മറ്റൊരു പ്രതികരണം: http://bit.ly/2tydy9n

കഴിഞ്ഞ 20 വര്‍ഷമായി ഞാനിതെങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കുകയായിരുന്നു... എനിക്കു കൂടുതല്‍ സമയം വേണമെന്നാണ് മാര്‍ക് ഹില്‍ടോപ് മൈക്രോസോഫ്റ്റിനോടു പറയുന്നത്. ട്വിറ്റര്‍ ദു:ഖം ഇവിടെ കാണാം:

ഗൃഹാതുരത്വം മാറ്റി നിറുത്തിയാല്‍

വീട്ടിലെ പ്രിയപ്പെട്ട ഒരു ഫര്‍ണിച്ചര്‍ എടുത്തുമാറ്റിയാല്‍ എന്നവണ്ണം പെയിന്റിന്റെ വിയോഗത്തില്‍ ദുഃഖിതരായവരെയും നെറ്റില്‍ കാണാം. ഇതിനപ്പുറം എന്താണ് സംഭവിക്കുന്നത്?

പെയിന്റിനെ വെന്റിലേറ്ററില്‍ എത്തിച്ചത് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലമാണ് എന്നായിരിക്കും മൈക്രോസോഫ്റ്റ് വാദിക്കുക. പെയിന്റിന്റെ കുട്ടിക്കാലത്ത് അതിനു തുല്യമായി മറ്റ് പ്രോഗ്രാമുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കംപ്യൂട്ടിങ് രീതി തന്നെ മാറിയിരിക്കുന്നു. ആപ് യൂസേജിന്റെ കണക്കുകള്‍ കമ്പനിയുടെ കയ്യില്‍ ഉണ്ടാകും. പഴയതു പോലെ ആളുകള്‍ പെയിന്റ് ഉപയോഗിക്കുന്നില്ല എന്ന അറിവു തന്നെയാകും ഈ പ്രോഗ്രാമിന്റെ അന്ത്യം കുറിക്കാന്‍ മൈക്രോസോഫ്റ്റിനെ നിര്‍ബന്ധിച്ചിട്ടുണ്ടാകുക. ഇന്ന് ഫോണോ ടാബോ സഹായിക്കാത്ത എന്തെങ്കിലും കാര്യത്തിനു മാത്രമായിരിക്കും പലരും കംപ്യൂട്ടറിനു മുന്നിലെ ആ കസേരയില്‍ ഒടിഞ്ഞു നുറുങ്ങി ഇരിക്കാന്‍ പോലും തയ്യാറാകുക. കൂടാതെ, പെയിന്റിനോളം കാലം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള ആപ്പുകള്‍ വളരെ കുറവായിരിക്കും താനും. 

ഇന്നത്തെ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ക്കും പത്തു വര്‍ഷത്തില്‍ താഴെയെ പ്രായമുള്ളൂ. ('ഓപറാ മിനി'യെ പോലെ ചില ആപ്പുകള്‍ സ്മാര്‍ട്ടല്ലാത്ത ഫോണിലും ജീവിച്ച ശേഷമാണ് പുതിയ ജീവിതം തുടങ്ങിയത്.) ഇവയൊക്കെ ഇനി 22 കൊല്ലം കാണാന്‍ ഒരു വഴിയുമില്ല. സ്ാര്‍ട്ട്‌ഫോണിന്റെ തന്നെ അന്ത്യം 2027നു മുമ്പു നടക്കുമെന്നാണ് സാങ്കേതികവിദഗ്ധര്‍ പറയുന്നത്.

ചരിത്രം

ഇപ്പോള്‍ പെയിന്റ് എന്നു മാത്രം പേരുള്ള ഈ പ്രോഗ്രാമിന് പെയിന്റ് ബ്രഷ്, മൈക്രോസോഫ്റ്റ് പെയിന്റ് അല്ലെങ്കില്‍ എംഎസ് പെയിന്റ് എന്നൊക്കെ പേരുകളുണ്ടായിരുന്നു. വിന്‍ഡോസ് 1.0യ്ക്ക് ഒപ്പം 1985ല്‍ ആണ് ആദ്യമായി പെയിന്റ് എത്തുന്നത്. പെയിന്റ് ബ്രഷ് ആകുന്നത് വിന്‍ഡോസ് 3.0ല്‍ ആണ്. നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നത്തെ പെയിന്റ് ആകുന്നത്. 2016ല്‍ ആണ് പെയിന്റ് 3D അവതരിപ്പിക്കുന്നത്.

ഇനിമേല്‍ അപഡേറ്റുകള്‍ ഉണ്ടാവില്ല എന്നേയുള്ളു പെയിന്റും പെയിന്റ് 3Dയും അതിന്റെ ആരാധകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിന്‍ഡോസ് സ്‌റ്റോറില്‍ മൈക്രോസോഫ്റ്റ് നിലനിറുത്തിയേക്കുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

പെയിന്റിനൊപ്പം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലുള്ള മറ്റു മൈക്രോസോഫ്റ്റ് പ്രോഗ്രാമുകളില്‍ ഇവയും ഉള്‍പ്പെടും- ഔട്‌ലുക് എക്‌സ്പ്രസ്, വിന്‍ഡോസ് പവര്‍ഷെല്‍ 2.0, 3D ബില്‍ഡര്‍.

More Technology News