Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം പ്രോസസർ പരീക്ഷിക്കാൻ ആപ്പിള്‍, പദ്ധതി 2020ൽ, പ്രതിസന്ധിയിലായത് ഇന്റൽ

apple-tim-cook

ആപ്പിൾ മാക് കംപ്യൂട്ടറുകളില്‍ 2020 മുതല്‍ ഇന്റലിന്റെ പ്രോസസറുകള്‍ ഉപയോഗിച്ചേക്കില്ലെന്ന് റിപ്പോർട്ട്. വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെ ഇന്റലിന്റെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 2006 മുതല്‍ ഇന്റലിന്റെ പ്രോസസറുകളാണ് ആപ്പിളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്മാര്‍ട് ഉപകരണങ്ങളായ ഐഫോണ്‍, ഐപാഡ് തുടങ്ങിയവയില്‍ സ്വന്തമായി നിര്‍മിച്ച A സിരീസ് പ്രോസസറുകളാണ് ആപ്പിള്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ അവരുടെ എതിരാളികള്‍ക്ക് പോലും ഇല്ലാത്ത പല ഫീച്ചറുകളും നല്‍കാന്‍ ആപ്പിളിന് സാധിക്കുന്നുണ്ട്. 

കൂടാതെ, സോഫ്റ്റ്‌വെയറും പ്രോസസറും തമ്മിലുള്ള ഒത്തൊരുമ മെച്ചപ്പെടുത്താനും ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാനും മറ്റും കമ്പനിക്കാകുന്നു. ആപ്പിള്‍ കംപ്യൂട്ടറുകളുടെ കാര്യത്തിലും അത്തരം ഒരു വഴി തേടിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. പുതിയ ഫീച്ചറുകളൊരുക്കാന്‍ ഇന്റലിന്റെ സൗകര്യം കാത്തുനില്‍ക്കേണ്ട കാര്യമില്ല. മാത്രമല്ല, കംപ്യൂട്ടര്‍ നിര്‍മാണത്തിലെ ആപ്പിളിന്റെ എതിരാളികളും ഇന്റലിനെയാണ് പ്രോസസറുകള്‍ക്കായി ആശ്രയിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സ്വന്തം പ്രോസസര്‍ നിര്‍മാണത്തിലൂടെ ആപ്പിളിന് തത്വത്തില്‍ എതിരാളികളെക്കാള്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ സൃഷ്ടിക്കാം.

എന്നാല്‍, ഈ വര്‍ത്തയെ പൂര്‍ണ്ണമായും വിഴുങ്ങാന്‍ ടെക് നിരൂപകര്‍ തയാറല്ല. അവര്‍ പറയുന്നത് ഒരു പക്ഷേ, ഇന്റല്‍ ചിപ്പുകളുടെ വില താഴേക്ക് കൊണ്ടുവരാൻ ആപ്പിള്‍ ഇറക്കിയ ഒരു തന്ത്രമായിരിക്കാം ഇതെന്നാണ്. ഇന്റലിന്റെ പ്രോസസര്‍ വില്‍പ്പനയിലെ ചെറിയൊരു ശതമാനം മാത്രമാണ് ആപ്പിളിന് ആവശ്യമായി വരുന്നത്. അതു കൊണ്ട് അവര്‍ക്ക് വലിയൊരു നഷ്ടം വന്നേക്കില്ല. പക്ഷേ, ഏറ്റവും ബഹുമാനിക്കപ്പെടുന്ന പിസി നിര്‍മാതാവ് തങ്ങളുടെ കൈവിട്ടുവെന്ന നാണക്കേട് അവരെ ബാധിക്കുകയും ചെയ്യും. അതാണല്ലോ വിപണിയിലെ ഇടിവു കാണിക്കുന്നത്. സ്വന്തമായി പ്രോസസര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങണമെങ്കില്‍ വന്‍ മുതല്‍മുടക്കു വേണം. അതിന് ആപ്പിള്‍ മുതിര്‍ന്നേക്കില്ലെന്നാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നവര്‍ പറയുന്നത്.

എന്നാല്‍, രണ്ടു പതിറ്റാണ്ടിലേറെയായി വിറ്റുവന്ന ഇന്റല്‍ പ്രോസറുകള്‍ക്കെല്ലാം അടുത്തകാലത്ത് മെല്‍റ്റ് ഡൗണ്‍, സ്‌പെക്ടര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ബാധിച്ചതും ആപ്പിള്‍ സ്വന്തമായി പ്രോസസര്‍ നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണമാകാമെന്നാണ് വേറൊരു കൂട്ടം ആളുകള്‍ പറയുന്നത്. മാക് ഒഎസിലെയും ഐഒഎസിലെയും പ്രധാന ഫീച്ചറുകളുടെ ഒരു സമന്വയവും പുതിയ പ്രോസസറുകളുടെ വരവിലൂടെ സാധ്യമായേക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

ആപ്പിള്‍-ഇന്റല്‍ ബന്ധം വന്‍ വിജയമായിരുന്നു എന്നാണ് സൂചന. 7 ബില്ല്യന്‍ ഡോളര്‍ വിലയ്ക്കുള്ള മാക് കംപ്യൂട്ടറുകള്‍ ആപ്പിള്‍ വിറ്റു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇന്റലിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തിന്റെ നാലു ശതമാനത്തില്‍ താഴെയാണ് ആപ്പിളില്‍ നിന്നു കിട്ടിയിരിക്കുന്നത്. പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങും വാവെയ്‌യും ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ ചിപ് നിര്‍മാതാക്കളായ ക്വാല്‍കമില്‍ നിന്ന് ഏറ്റവും പ്രധാനപ്പെട്ട മോഡലുകളുടെ നിര്‍മാണത്തിലെങ്കിലും അകലുന്നതു കാണാം. ആപ്പിളാകട്ടെ ആദ്യം തൊട്ടെ സ്വന്തം ചിപ്പ് നിര്‍മാണത്തില്‍ ശ്രദ്ധിച്ചിരുന്നു. ആപ്പിള്‍ വാച്ചിനും സ്വന്തം പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ കംപ്യൂട്ടറുകള്‍ക്കായി പുതിയ ചിപ്പ് നിര്‍മിക്കാനുള്ള സാധ്യതയാണ് കൂടുതല്‍ കാണുന്നത്. ഇതിലൂടെ കംപ്യൂട്ടര്‍ നിര്‍മാണത്തിലെ ലാഭം വര്‍ധിപ്പിക്കാനും കമ്പനിക്കാകുമെന്നാണ് വിലയിരുത്തല്‍.